കേരള തീരത്ത് തീവ്രന്യൂനമര്‍ദം; ചുഴലിക്കാറ്റിനു സാധ്യത

 
തിരുവനന്തപുരം: കന്യാകുമാരിക്കു തെക്കു രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കേരളത്തിലെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തി.

പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. അടിയന്തിര ഘട്ടം നേരിടാന്‍ തയാറാകണമെന്ന് വൈദ്യുതി വകുപ്പിനും നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

കേരള തീരത്ത് ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്.

അടുത്ത 36 മണിക്കൂറില്‍ കാറ്റ് പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാലീ ദ്വീപിന് സമീപം ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുകയും ചെയ്യും.

കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ വരെയും തിരമാല സാധാരണയില്‍നിന്നു 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരുവാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

You must be logged in to post a comment Login