കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടിയായി പരുക്ക്; ജിയാനി സൂയിവെർലൂണും പുറത്ത്

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടിയായി പരുക്ക്. പ്രതിരോധത്തിലെ അതികായൻ ജിയാനി സൂയിവെർലൂൺ ആണ് പരുക്കേറ്റ് പുറത്തായത്. രണ്ട് മാസത്തോളം അദ്ദേഹം പുറത്തിരിക്കുമെന്നാണ് വിവരം. സന്ദേശ് ജിങ്കാനു പിന്നാലെ ജിയാനി കൂടി പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാകും.

സീസൺ ആരംഭിക്കുമ്പോൾ തന്നെ അദ്ദേഹം പരുക്കുമായാണ് കളിച്ചിരുന്നത്. ജിങ്കാൻ ഇല്ലാതിരുന്നതു കൊണ്ട് തന്നെ ജിയാനിയെക്കൂടി ഒഴിവാക്കാൻ സാധിക്കാത്തതു കൊണ്ട് അദ്ദേഹത്തെ കളിപ്പിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ പരുക്ക് സാരമുള്ളതായെന്ന് ക്ലബ് അറിയിക്കുന്നു. ജിങ്കാനൊപ്പം ജിയാനിയും പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വീണ്ടും ദുർബലമായിരിക്കുകയാണ്.

ജൈറോ റോഡ്രിഗസ് മാത്രമാണ് ഇപ്പോൾ സെൻ്റർ ബാക്ക് ആയി ഉള്ളത്. ജൈറോയെയും പരുക്ക് വലക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ജിയാനിക്ക് പകരക്കാരനായി ഇറങ്ങിയ രാജു ഗെയ്‌ക്‌വാദ്, അബ്ദുൽ ഹക്കു, ലാൽറുവതാര എന്നിവർ മാത്രമാണ് പ്രതിരോധത്തിൽ ബാക്കിയുള്ള താരങ്ങൾ. ലാൽറുവത്താരയും അബ്ദുൽ ഹക്കുവും റൈറ്റ് ബാക്കുകൾ ആയതും പരിശീലകനെ വലക്കും. ഇന്ന് ഒഡീഷയുമായി നടക്കുന്ന മത്സരത്തിൽ ഹക്കു ഇറങ്ങുമെന്നാണ് വിവരം.

You must be logged in to post a comment Login