കേശസംരക്ഷണം; യുഎസ് കമ്പനി ‘സണ്‍’നെ ഗോദ്‌റെജ് ഏറ്റെടുക്കും

AdiGodrej
കൊച്ചി: സ്ത്രീകളുടെ കേശസംരക്ഷണ ഉല്‍പന്ന മേഖലയില്‍ ആഗോള സാന്നിധ്യമുള്ള യുഎസ് കമ്പനിയായ സ്‌ട്രെംഗ്ത് ഓഫ് നേച്ചര്‍ (സണ്‍) ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) ഏറ്റെടുക്കും. അമ്പതു രാജ്യങ്ങളില്‍ വസിക്കുന്ന ആഫ്രിക്കന്‍ പാരമ്പര്യമുള്ള സ്ത്രീകളുടെ കേശസംരക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉത്പന്നങ്ങള്‍ ‘സണ്‍’ നല്‍കി വരുന്നു.

കേശ സംരക്ഷണ ഉല്‍പന്നമേഖലയില്‍ 100 വര്‍ഷത്തെ പരിചയമുള്ള സണ്‍ കമ്പനിയുടെ 2015ലെ വിറ്റുവരവ് 95 ദശലക്ഷം ഡോളറാണ്. ഈ ഏറ്റെടുക്കല്‍ വഴി ആഫ്രിക്കയില്‍ മാത്രമല്ല, 180 കോടി ഡോളര്‍ വലുപ്പമുള്ള ആഗോള വെറ്റ് ഹെയര്‍ കെയര്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിനു കഴിയും. ഏറ്റെടുക്കലിന്റ ആദ്യവര്‍ഷം തന്നെ ഗോദ്‌റെജിന്റെ വരുമാനത്തില്‍ ഇതു പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഫ്രിക്കന്‍, കരീബിയന്‍ മേഖലകളില്‍ സ്ത്രീകളുടെ, പ്രത്യേകിച്ചും ആഫ്രിക്കന്‍ പിന്തുടര്‍ച്ചയുള്ളവരുടെ, കേശസംരക്ഷണ ഉല്‍പന്ന മേഖലയില്‍ അതിവേഗം വളരുന്ന യുഎസ് കമ്പനിയാണ് സണ്‍. റിലാക്‌സസ്, മെയിന്റനന്‍സ്, സ്‌റ്റൈലിംഗ്, ഷാമ്പൂ തുടങ്ങി വൈവിധ്യമാര്‍ന്ന വെറ്റ് ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനി കൂടിയാണ് സണ്‍. ആഫ്രിക്കന്‍ പ്രൈഡ്, ടിസിബി, ജസ്റ്റ് ഫോര്‍ മി, മോഷന്‍സ്, പ്രൊഫ്ക്ടീവ,് മെഗാ ഗ്രോത്ത്, ഡ്രീം കിഡ്‌സ്, പ്രോലൈന്‍, ബ്യൂട്ടിഫുള്‍ ടെക്‌സ്‌ചേഴ്‌സ്, ഇലാസ്റ്റ ക്യൂപി തുടങ്ങിയ ബ്രാന്‍ഡുകള്‍ സണ്‍ കമ്പനിയുടെ ഉല്‍പന്നങ്ങളിലുള്‍പ്പെടുന്നു.

നവോദയ വിപണികളായ ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ കേശസംരംക്ഷണം, വ്യക്തി ശുചിത്വം, ഭവന ശുചിത്വം എന്നീ മൂന്നു ഉല്‍പന്ന മേഖലകളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി പിന്തുടര്‍ന്നുപോരുന്ന 3 ബൈ 3 തന്ത്രത്തിന് സണ്‍ കമ്പനിയുടെ വാങ്ങല്‍ ശക്തി പകരുമെന്ന് ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റെജ് പറഞ്ഞു.

You must be logged in to post a comment Login