കേശസംരക്ഷണത്തിന് ഉത്തമം ഹെന്ന

ഇന്ന് അകാലനര പലരേയും ബാധിക്കുന്ന പ്രശ്‌നമാണ്. ചെറുപ്പകാര്‍ക്ക് പോലും ഇക്കാലത്ത് അകാല നര സാധാരണമാകുന്നുണ്ട്. ഇതിനുള്ള പരിഹാരമായാണ് പലരും ഹെന്നയെ സമീപിക്കുന്നത്. എന്നാല്‍ ഇന്ത്യയെപോലുള്ള ഉഷ്ണമേഖല രാജ്യങ്ങളിലെ ജനങ്ങള്‍ ഹെന്ന ഉപയോഗിക്കുന്നത് തലയ്ക്ക് തണുപ്പ് ലഭിക്കുന്നതോടൊപ്പം മുടിക്ക് തിളക്കവും ആരോഗ്യവും തരുന്നു.

* ആരോഗ്യമുള്ള മുടിക്ക്

മാസത്തില്‍ രണ്ടുതവണയെങ്കിലും ഹെന്ന ഉപയോഗിക്കുക. ഇത് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നു. ഇതുകൂടാതെ മുടിയുടെ അറ്റം പിളരുക, മുടി കൊഴിയുക എന്നീ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഹെന്ന. നമ്മുടെ തലയോട്ടിയിലെ ആസിഡ്ആല്‍ക്കലി അനുപാതം തുല്യമായി നിലനിര്‍ത്തുകയും ഇതുവഴി മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഹെന്ന സഹായിക്കുന്നു. കുതിര്‍ത്ത ഹെന്നയില്‍ നാരങ്ങാനീര് ചേര്‍ത്ത് രണ്ട്മണിക്കൂറിന് ശേഷം ഉപയോഗിക്കുക. ഇത് തലയോട്ടിയ്ക്ക് തണുപ്പ് ലഭിക്കുന്നതിന് സഹായിക്കുന്നു.

* മികച്ച കണ്ടീഷണര്‍

ഹെന്ന മുടിക്ക് നല്ലൊരു കണ്ടീഷണറാണ്. ഹെന്ന മുടിക്ക് ഒരു ആവരണമായി പ്രവര്‍ത്തിക്കുന്നു. ഹെന്ന മാസത്തില്‍ രണ്ടുതവണയെങ്കിലും ഉപയോഗിക്കുന്നത് മുടിക്ക് നല്ല ഞെരുക്കവും തിളക്കവും ലഭിക്കുന്നതിന് സഹായിക്കും.

* നരച്ച മുടികളെ മറക്കുന്നു

നരച്ചമുടി കണ്ടുതുടങ്ങുമ്പോള്‍ തന്നെ പരസ്യത്തില്‍കാണുന്ന ഹയര്‍ ഡൈ ഉപയോഗിക്കുന്ന പ്രവണത നമുക്കുണ്ട്. ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതോടൊപ്പം മുടി ചകിരിപോലെയാകുകയും തിളക്കം നശിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമാണ് ഹെന്ന. ഹെന്നയില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. തിളച്ചവെള്ളത്തില്‍ രണ്ട് സ്പൂണ്‍ നാരങ്ങാനീരും ഒരു സ്പൂണ്‍ കാപ്പിപൊടിയും രണ്ട് ഗ്രാമ്പു എന്നിവ ഹെന്നയുമായി കുഴയ്ക്കുക. രണ്ട് മണിക്കൂറിന്‌ശേഷം മാത്രം ഉപയോഗിക്കുക.

* താരന് പരിഹാരം

താരനും ഹെന്ന ഒരു പരിഹാര മാര്‍ഗമാണ്. രണ്ട്‌സ്പൂണ്‍ ഉലുവ കുതിര്‍ത്തതിനുശേഷം അരച്ച് കുഴമ്പ് രൂപത്തിലാക്കുക. അതിനുശേഷം കടുകെണ്ണ ചൂടാക്കി അതില്‍ ഹെന്ന ചേര്‍ക്കുക. അത് തണുത്തതിന് ശേഷം അരച്ച് വയ്ച്ചിരിക്കുന്ന ഉലുവയോട് ചേര്‍ത്ത് തലയോട്ടിയില്‍ തേയ്ച്ച് പിടിപ്പിക്കുക. ഷാംപു ചെയ്യുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് വേണം ഇത് ഉപയോഗിക്കാന്‍.

You must be logged in to post a comment Login