കേസ് നടത്തിപ്പിനായി നിയമിക്കപ്പെടുന്ന അഭിഭാഷകരില്‍ ഭൂരിഭാഗവും കഴിവുകെട്ടവരെന്ന് ഹൈക്കോടതി

കൊച്ചി : ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ കേസ് നടത്തിപ്പിനായി നിയമക്കപ്പെടുന്ന അഭിഭാഷകരില്‍ ഭൂരിഭാഗവും കഴിവുകെട്ടവരെന്ന് ഹൈക്കോടതി. മിക്ക അഭിഭാഷകരുടെയും നിയമന മാനദണ്ഡം രാഷ്ട്രീയ സ്വാധീനമാണെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്.
2008 ഒക്‌റ്റോബര്‍ 21 ന് കോഴിക്കോട്ടെ പന്തലായനിയില്‍ നിന്ന് എക്‌സൈസ് വിഭാഗം 1050 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചിരുന്നു. ഈ കേസിലെ രണ്ടു പ്രതികളെ കീഴ്‌ക്കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ വൈകി നല്‍കിയ അപ്പില്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
2011 ഡിസംബര്‍ 14 നാണ് കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ്  കോടതി, കേസിലെ പ്രതികളായ മാവേലിക്കര സ്വദേശി ആര്‍. സുനില്‍ കോഴഞ്ചേരി സ്വദേശി ഇ.ജെ. വര്‍ഗീസ് എന്നിവരെ വെറുതെവിട്ടത്. അധികാരമുള്ള ഉദ്യോഗസ്ഥരല്ല സ്പിരിച്ച് പിടിച്ചതെന്നായിരുന്നു കീഴ്‌കോടതിയുടെ നിരീക്ഷണം. 2011 ഡിസംബര്‍ 31ന്  ഉത്തരവിന്റെ കോപ്പി കിട്ടിയിരുന്നു.

 

2012 ഫെബ്രുവരി എട്ടിനു അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ ഉപദേശിച്ചു. തുടര്‍ന്ന് ഉത്തരവ് എജിയുടെ ഓഫിസില്‍ എത്തിച്ചു. 2013 ജൂണ്‍ 25ന് അപ്പീല്‍ കൊടുത്തു. 451 ദിവസം വൈകിയായിരുന്നു അപ്പീല്‍. നിശ്ചിത സമയത്തിനുള്ളില്‍ അപ്പില്‍ നല്‍കാമായിരുന്നിട്ടും ചെയ്തില്ലെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യഥാസമയം അപ്പില്‍ നല്‍കാമായിരുന്നു.
138 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്‍പ്പെടുന്ന വന്‍പടതന്നെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതെന്ന് വ്യക്തമാവുന്നില്ല. ഇക്കാര്യത്തില്‍ ജുഡീഷ്യറിക്ക് ആശങ്കയുണ്ട്. എല്ലാ കേസുകളും സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. അപ്പീലുകള്‍ വൈകി നല്‍കുന്നതിനാല്‍ അതിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാതെ തള്ളുകയാണ് പതിവ്.
ഹൈക്കോടതി പരിഗണിക്കുന്ന കേസുള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

You must be logged in to post a comment Login