കൊച്ചിയിലെ അഗ്നിബാധ നിയന്ത്രണ വിധേയം; ആറ് നിലകളും കത്തിനശിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍; തീപിടിത്തം അന്വേഷിക്കുമെന്ന് കൊച്ചി മേയര്‍

 

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകളുടെ പ്രയത്‌നത്തിനൊടുവില്‍ നിയന്ത്രണവിധേയം. ചെരുപ്പുഗോഡൗണ്‍ അടക്കം പ്രവര്‍ത്തിക്കുന്ന ആറുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. 6 നിലകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീയോടൊപ്പം ചെറു സ്‌ഫോടനങ്ങളും കെട്ടിടത്തിലുണ്ടായി. ചെരുപ്പ് ഗോഡൗണിലെ റബറിന് തീപിടിച്ചതോടെ നിയന്ത്രണാതീതമായി. പരിസരത്തെങ്ങും കടുത്ത പുകയും രൂക്ഷ ഗന്ധവും നിറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിലും ഫ്‌ലാറ്റുകളിലും ഉള്ളവരെ ഒഴിപ്പിച്ചു. സമീപകെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനായിരുന്നു ശ്രമം.

മേഖലയിലെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. കലക്ടറടക്കമുളളവര്‍ സ്ഥലത്തെത്തി. അഗ്നിശമനസേനയുടെ പതിനെട്ടും നാവികസേനയുടെ രണ്ടും യൂണിറ്റുകള്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായതെന്നാണ് സംശയം. കെട്ടിടത്തിലെ ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. തീ കണ്ടതോടെ എല്ലാവരും ഇറങ്ങിയോടിയെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

തീപിടിത്തം അന്വേഷിക്കുമെന്ന് മേയര്‍ അറിയിച്ചു. കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയ ശേഷമാണ് തകരഷീറ്റ് നിര്‍മാണം. തീ സങ്കീര്‍ണമാകാന്‍ ഇതു കാരണമായി.

You must be logged in to post a comment Login