കൊച്ചിയിലെ സ്പായില്‍ പാട്ട് മേളം; ഷൂട്ടിങ് മുടങ്ങിയതിന്റെ കലിപ്പില്‍ സെയ്ഫ് അലിഖാന്‍

saif
കൊച്ചി: കൊച്ചിയിലെ ആയുര്‍വേദ സ്പായിലെ ഉച്ഛത്തിലുള്ള പാട്ട് വെയ്ക്കല്‍ കാരണം സെയ്ഫ് അലിഖാന്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി. ഫോര്‍ട്ട് കൊച്ചിയില്‍ ‘ഷെഫ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അക്ഷയ് കുമാര്‍ നായകവേഷത്തില്‍ എത്തിയ എയര്‍ലിഫ്റ്റിന് ശേഷം, മലയാളി സംവിധായകന്‍ രാജാകൃഷ്ണ മേനോന്‍ ഒരുക്കുന്ന ചിത്രമാണ് ഷെഫ്. പത്മപ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ്ങിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനില്‍ നിന്നും മുന്‍കൂര്‍ അനുമതി തേടിയിരുന്നു. ഷൂട്ടിങ്ങിനായി ലൊക്കേഷനിലെത്തിയപ്പോള്‍ വില്ലനായത് ആയുര്‍വേദ സ്പായില്‍ ഉച്ചത്തില്‍ വെച്ചിരിക്കുന്ന പാട്ടും.

സ്‌പോട്ട് ഡബ്ബിങ്ങായിരുന്നു ചിത്രത്തില്‍. പാട്ടിന്റെ ശബ്ദം കാരണം അതിന് സാധ്യമല്ലെന്നായി. സ്പാ ഉടമയെ അനുനയിപ്പിക്കാന്‍ സിനിമാ അണിയറക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസ് എത്തിയിട്ടും പാട്ടിന്റെ ശബ്ദം കുറയ്ക്കാനോ നിര്‍ത്താനോ സ്പായിലെ ആളുകള്‍ തയ്യാറായില്ല.

രാജ്യാന്തര റസ്റ്റോറന്റില്‍ നിന്നും രാജിവെച്ച ഒരു പ്രൊഫഷണല്‍ ഷെഫിന്റെ വേഷത്തിലാണ് ചിത്രത്തില്‍ സെയ്ഫ്. ഒരു ഭരതനാട്യം നര്‍ത്തകിയുടെ വേഷത്തിലാണ് പത്മപ്രിയ ചിത്രത്തില്‍. അവധിയ്ക്ക് കൊച്ചിയിലെ വീട്ടിലേക്ക് വരുന്ന രംഗങ്ങളാണ് ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിന് പുറമെ ഗോവ, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും സിനിമയുടെ ഷൂട്ടിങ്ങുണ്ട്. ഈ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭക്ഷണങ്ങളും ചിത്രത്തില്‍ കടന്നുവരും. ടി സീരീസാണ് ഷെഫിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം അടുത്തവര്‍ഷം തീയറ്ററുകളിലെത്തും.

You must be logged in to post a comment Login