കൊച്ചിയില്‍ കളി കാണാനെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടിവെള്ളം സൗജന്യം

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാനെത്തിയവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതില്‍ വീഴ്ച പറ്റിയിരുന്നു. ഇതിനെ തുടര്‍ന്നു സംഘാടകര്‍ക്കെതിരേ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധത്തിനു ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു.

സംഭവം വലിയ വിവാദമായതോടെ അടുത്ത മല്‍സരം മുതല്‍ കാണികള്‍ക്ക് സൗജന്യമായി കുടിവെള്ളം എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. സ്‌റ്റേഡിയത്തിലെ കുടിവെള്ള വിതരണം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുമെന്നും വീഴ്ചകള്‍ പരിഹരിക്കുമെന്നും ലോകകപ്പിന്റെ നോഡല്‍ ഓഫീസറായ എപിഎം മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച മല്‍സരം കാണാനെത്തിയ ആരാധകര്‍ക്കാണ് ദുരിതം നേരിട്ടത്. സ്‌റ്റേഡിയത്തിന്റെ അകത്ത് വെള്ളത്തിനും ഭക്ഷണത്തിനുമായി സ്റ്റാള്‍ ഉണ്ടായിരുന്നു. പക്ഷെ കാണികള്‍ക്ക് ആവശ്യമായ അളവില്‍ ഇവ ഉണ്ടായിരുന്നില്ല. 20 രൂപയ്ക്ക് പുറത്ത് കടകളില്‍ ലഭിച്ചിരുന്ന കുടിവെള്ളത്തിന് 50 രൂപയാണ് ഈടാക്കിയത്. മാത്രമല്ല കുടിവെള്ളം വിറ്റു തീരാറായ ശേഷം കുപ്പിവെള്ളത്തിന് 500 രൂപ വരെ ചോദിച്ചതായും കാണികള്‍ ആരോപിച്ചിരുന്നു. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ പ്രതിഷേധിക്കുകയും സ്റ്റാള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login