കൊച്ചിയില്‍ പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മര്‍ദനം

കൊച്ചി: ഓട്ടോ തൊഴിലാളികളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടക്കവേ പാലാരിവട്ടത്ത് പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മര്‍ദനം.പാലാരിവട്ടത്ത് സര്‍വീസ് നടത്തുന്ന മറ്റ് ഓട്ടോറിക്ഷകളെയും സമരാനുകൂലികള്‍ തടഞ്ഞു. സമരം പൊളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഒരാളെപ്പോലും സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും സമരാനുകൂലികള്‍ പറഞ്ഞു.


സമരത്തിന്റെ ആദ്യദിവസം കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സമരാനുകൂലികള്‍ അക്രമം നടത്തിയിരുന്നു. നിരത്തിലിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നേരെ പലയിടത്തും കൈയേറ്റമുണ്ടായി.മീറ്റര്‍ പരിശോധനയില്‍ പ്രതിഷേധിച്ചാണ് കൊച്ചി നഗരത്തിലെ ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

മീറ്റര്‍ പരിശോധന അവസാനിപ്പിക്കുക, നിരക്കു വര്‍ധിപ്പിക്കുക, പ്രീ പെയ്ഡ് സംവിധാനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഓട്ടോ ഡ്രൈവേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്.

You must be logged in to post a comment Login