കൊച്ചി എല്‍എന്‍ജി പദ്ധതി സര്‍ക്കാരും ഗെയിലും തമ്മില്‍ ധാരണയായി

കൊച്ചി: കൊച്ചി എല്‍എന്‍ജി പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ സര്‍ക്കാരും ഗെയിലും തമ്മില്‍ ധാരണയായി. കൊച്ചിയില്‍  പാചകവാതക വിതരണം പൈപ്പ് വഴി ആക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതിയ്ക്കുവേണ്ടിയുള്ള ടെന്‍ഡര്‍ അടുത്തമാസം ഉറപ്പിക്കും. . രണ്ടാം തവണയാണ് ടെന്‍ഡര്‍ വിളിക്കുന്നത്.ഒരു വര്‍ഷം മുന്‍പ് ടെന്‍ഡര്‍ വിളിച്ചിരുന്നു.ആറ് കമ്പനികള്‍ ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പദ്ധതി അതിനപ്പുറം നീങ്ങിയില്ല. തടസങ്ങള്‍ നീക്കി എല്‍എന്‍ജി പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുവാനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. അപകട സാധ്യതയെക്കുറിച്ചുള്ള ആശങ്കയുടെ പേരില്‍ നിര്‍ണായകമായ വികസന പദ്ധതികള്‍ ഉപേക്ഷിക്കാനാവില്ലന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വീട്ടിലുള്ള പാചക വാതകവും ഇലക്ട്രിസിറ്റിയും പോലെയാണ് വാതക പൈപ്പ്‌ലൈന്‍ എന്നും  ഈ അപകടം എന്നു പറയുന്നത് നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനവാസ പ്രദേശങ്ങളില്‍ കൂടി പൈപ്പ് ലൈന്‍ വലിക്കുമ്പോള്‍ അതില്‍ സൗകര്യപ്രദമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് ഗെയില്‍ അറിയിച്ചു.
വീടുകളില്‍ പാചകവാതകം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് അടുത്തമാസം സര്‍ക്കാരും ഗെയിലും തമ്മില്‍ കരാര്‍ ഉറപ്പിക്കും. അപകട സാധ്യത ഒഴിവാക്കി പദ്ധതി നടത്തുന്നതിനു മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊച്ചി എല്‍എന്‍ജി പദ്ധതി എല്ലാ തടസങ്ങളും നീക്കി മുന്നോട്ടുകൊണ്ടുപോകുമെന്നും വാതക പൈപ്പ് ലൈന്‍ വലിക്കുമ്പോള്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്കു വേണ്ട നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ നടത്തിപ്പ് മറ്റു ജില്ലകളിലെ ജനപ്രതിനിധികളെ ബോധ്യപ്പെടുത്തി അവരുടെ എതിര്‍പ്പും മറികടക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പദ്ധതിയുമായി ബന്ധപ്പെട്ട ഭയാശങ്കകള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ജന പ്രതിനിധികളുടേയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമമന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രകൃതി വാതകം ആയതിനാല്‍ ഭയാശങ്കകള്‍ വേണ്ടെന്നും ജനവാസമുള്ള പ്രദേശങ്ങളിലൂടെയുള്ള പൈപ്പ് ലൈന്‍ പരമാവധി ഒഴിവാക്കുവാന്‍ വേണ്ടിയുള്ള അലൈന്‍മെന്റ് ആയിരിക്കും തയ്യാറാക്കുക.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കനോലി കനാല്‍ വഴി എല്‍എന്‍ജി പൈപ്പ് ലൈന്‍ വലിക്കുവാനുള്ള നിര്‍ദ്ദേശം പെട്രോനെറ്റ് തള്ളിക്കളഞ്ഞു. ഇത് അപ്രായോഗികമാണെന്നാണ് പെട്രോനെറ്റിന്റെ നിലപാടം പെട്രോനെറ്റ് എല്‍എന്‍ജി പുതുവൈപ്പിനില്‍ സ്ഥാപിച്ച പ്രകൃതിവാതക സംഭരണി നിലവില്‍ ഉപയോഗം ഇല്ലാതെ വന്നതിനെ തുടര്‍ന്നു വിദേശ വാതക കമ്പനികള്‍ക്കു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.
അഞ്ച് ദശലക്ഷം ടണ്‍ വാതകം ഇവിടെ ശേഖരിച്ചശേഷം പിന്നീട് മറ്റുരാജ്യങ്ങളിലക്കു കയറ്റി അയക്കുവാനാണ് പെട്രോ നെറ്റ് എല്‍എന്‍ജി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ മൊത്തം സംഭരണ ശേഷിയുടെ 1.4 ശതമാനം മാത്രമെ ഉപയോഗം നടക്കുന്നുള്ളു.
പുതുവൈപ്പിനില്‍ നിന്നും ബാംഗ്ലൂര്‍,മംഗലാപുരം എന്നിവടങ്ങളിലേക്കു വാതകം എത്തിക്കുവാനാണ് പദ്ധതി വിഭാവന ചെയ്തതെങ്കിലും പൈപ്പ് ലൈന്‍ ഇതുവരെ കേവലം 24 കിലോമീറ്റര്‍ മാത്രമെ പൂര്‍ത്തിയാക്കാനായിട്ടുള്ളു. അതേപോലെ കൊട്ടിഘോഷിച്ച സിറ്റി ഗ്യാസ് പദ്ധതിയുടെ കാര്യത്തിലും ഇതുവരെ രൂപരേഖപോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതുവൈപ്പിലെ എല്‍എന്‍ജി സംഭരണി വാടകയ്ക്കു കൊടുക്കുവാന്‍ തീരുമാനിക്കേണ്ടി വന്നതെന്നു കമ്പനി ഡയറക്ടര്‍ ആര്‍.കെ ഗാര്‍ഗ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോ നെറ്റ് എല്‍എന്‍ജി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സിറ്റിഗ്യാസ് പദ്ധതിയെങ്കിലും പൂര്‍ത്തിയാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.
പദ്ധതിയുടെ ടെന്‍ഡര്‍ 2013 ഒക്ടോബറിലാണ് ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് പുറപ്പെടുവിച്ചത്.കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഗെയില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവസാന തീയതിയായി 2014 ഫെബ്രുവരി 11 ആയി പ്രഖ്യാപിക്കുയും 36  മാസം കൊണ്ടു പൂര്‍ത്തിയാക്കുവാനും ലക്ഷ്യമിട്ടിരുന്നു .
എന്നാല്‍ പദ്ധതി ഒരു ഇഞ്ചുപോലും  മുന്നോട്ടു നീങ്ങിയില്ല. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എസ്സല്‍ ഗ്രൂപ്പ് സിറ്റി എനര്‍ജി ലിമിറ്റഡ്, ഐഎംസി ലിമിറ്റഡ് ആന്റ് സിനര്‍ജി ഫീല്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് സിറ്റി ഗ്യാസ് പദ്ധതിയ്ക്കുവേണ്ടി ടെന്‍ഡര്‍ നല്‍കിയിരുന്നത്.

You must be logged in to post a comment Login