കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 5 പേര്‍ മരിച്ചു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേരും മലയാളികളാണ്.  പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, എരൂര്‍ സ്വദേശി ഉണ്ണി,  തുറവൂര്‍ സ്വദേശി ജയന്‍  എന്നിവരാണ് മരിച്ച മലയാളികള്‍. അഭിലാഷ്, സച്ചു, ജയ്സണ്‍,ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. അതേസമയം കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചു.

കപ്പലിനകത്തുള്ള വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് വിവരം. സാഗർ ഭൂഷണെന്ന ഒഎൻജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കപ്പലാണിത്.

കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍  എൻ.പി.ദിനേശ്  അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു. കപ്പൽശാലയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കമ്മീഷണർ അറിയിച്ചു.  കപ്പൽ ‘ലെവൽ’ ചെയ്യുന്നതിനു വേണ്ടി മുന്നിലും പിന്നിലും വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിലായിരുന്നു അപകടം. എന്നാൽ പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.  അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതൽ ആംബുലൻസുകളും അഗ്നിശമനസേന വാഹനങ്ങളും സ്ഥലത്തേക്കെത്തുന്നുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് നാലു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെ തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണമായും പൊള്ളലേറ്റ നിലയിലാണു മൃതദേഹങ്ങൾ.

തൊഴിലാളികളുടെ മരണത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. കപ്പൽശാല സിഎംഡിയുമായി ഗഡ്കരി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജിത രക്ഷാപ്രവർത്തനത്തിനും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സയ്ക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കൊല്ലപ്പെട്ടവരിർ ഒരാൾ മാനേജ്മെന്റ് നേരിട്ട് രണ്ടു വർഷത്തേക്കെടുക്കുന്ന ഓൺ കോൺട്രാക്ട് തൊഴിലാളിയാണ്. മറ്റൊരാൾ കരാർ തൊഴിലാളിയും.

സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ കപ്പൽശാലയിൽ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും എത്തിക്കാനായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അധികൃതരും രംഗത്തുണ്ട്.

You must be logged in to post a comment Login