കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് 13 ന്

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് 13 ാം തീയതി നടക്കും. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിവുവന്നത്.

ഐഗ്രൂപ്പിന് അവകാശപ്പെട്ട ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് ഫോര്‍ട്ട്‌കൊച്ചി 18 ാം ഡിവിഷനിലെ കൗണ്‍സില്‍ അംഗമായ കെ ആര്‍ പ്രേംകുമാറിനെ മത്സരിപ്പിക്കാനാണ് നേതൃയോഗം തീരുമാനിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനം. നിലവില്‍ 37 അംഗങ്ങളുള്ള കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് വെല്ലുവിളിയാകില്ലെന്നാണ് നേതൃയോഗം വിലയിരുത്തുന്നത്.

അതേസമയം കൊച്ചി മേയര്‍ സൗമിനി ജെയിനെ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍ ഗീതാ പ്രഭാകര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് കെപിസിസി നേതൃത്വത്തിനു മേല്‍ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദമേറിയ സാഹചര്യത്തിലാണ് ഗീതാ പ്രഭാകര്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

You must be logged in to post a comment Login