കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കലാ പ്രദര്‍ശനമായ കൊച്ചി ബിനാലെ മൂന്നാം ലക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12ന് വൈകീട്ട് 6.30ന് ഫോര്‍ട്ട് കൊച്ചിയിലാണ് ഉദ്ഘാടന ചടങ്ങ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, മുന്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Image result for kochi biennale

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എം എല്‍ എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്‌സി, വി കെ ഇബ്രാഹം കുഞ്ഞ്, വി ഡി സതീശന്‍, മുന്‍ മേയര്‍ കെ ജെ സോഹന്‍, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുല്ല കെ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും.

ചലച്ചിത്ര നടന്‍ മമ്മൂട്ടി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവരും ചടങ്ങിന് മാറ്റു കൂട്ടും. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള 150 ചെണ്ട കലാകാരന്മാരുടെ മേളം വിശിഷ്ടാതിഥികളെയും പൊതുജനത്തെയും ഉദ്ഘാടന സദസ്സിലേക്ക് ക്ഷണിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം സുമന്‍ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാന്‍ഡിന്റെയും സംഗീത പരിപാടിയും അരങ്ങേറുന്നുണ്ട്.

Image result for kochi biennale

ബിനാലെ മൂന്നാം ലക്കത്തിന്റെ ദര്‍ശനം ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി സദസ്സിനു മുന്നില്‍ വിവരിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു സ്വാഗതവും പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നന്ദിയും പറയും. ബിനാലെ ഫൗണ്ടേഷന്‍ സി ഇ ഒ മഞ്ജു സാറ രാജന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍, രക്ഷാധികാരികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ബിനാലെയുടെ തുടക്കം കുറിച്ച് പതാകയുയര്‍ത്തുന്നത്.

You must be logged in to post a comment Login