കൊച്ചി മെട്രോ നാള്‍വഴികളും, യാത്രയും

metro-4

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും തുല്യപങ്കാളിത്തമുള്ള ഉദ്യമമായ കൊച്ചി മെട്രോയുടെ പൂര്‍ത്തീകരണത്തിനായി കേന്ദ്രം 2000 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. പരിസ്ഥിതി സൗഹാര്‍ദ വികസനത്തിന്റെ മാതൃകയായ കൊച്ചി മെട്രോയില്‍ ആയിരത്തോളം വനിതകളും 23 ഭിന്നലിംഗക്കാരുമാണ് ജോലി ചെയ്യുന്നത്.

കൊച്ചിയുടെ പ്രധാന വെല്ലുവിളിയായ ഗതാഗതക്കുരുക്കിന് വലിയൊരളവ് പരിഹാരമാണ് മെട്രോയുടെ നിര്‍മാണത്തിലൂടെ പരിഹരിക്കപ്പെടുന്നത്.

കൊച്ചി മെട്രോ: നാള്‍വഴികള്‍
2004 ഡിസംബര്‍: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൊച്ചി മെട്രോയുടെ നിര്‍മാണത്തിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കാനുള്ള സര്‍വെ ആരംഭിച്ചു.

2005 ജൂലൈ: ഡി.എം.ആര്‍.സി സംസ്ഥാന സര്‍ക്കാരിന് ഡി.പി.ആര്‍ തയ്യാറാക്കി സമര്‍പ്പിച്ചു. 2005 മേയ് മാസത്തിലെ വില നിലവാരമനുസരിച്ചാണ് സമര്‍പിച്ച ഡി.പി.ആറില്‍ ചെലവു കണക്കാക്കിയത്. ആലുവ മുതല്‍ പേട്ട വരെ 25.253 കിലോമീറ്റര്‍ നീളത്തില്‍ മെട്രോ നിര്‍മാണത്തിന് ചെലവ് 2338 കോടി എന്നതായിരുന്നു ഡി.പി.ആറിലെ ചിലവ് കണക്ക്.

സെപ്തംബര്‍ 12: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അനുമതി തേടി കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് ഡി.പി.ആര്‍ സമര്‍പിച്ചു. തുടര്‍ന്ന് വിശദാംശങ്ങള്‍ പരിശോധനക്കായി ആസൂത്രണ കമ്മീഷനിലും ധനമന്ത്രാലയത്തിലും ശേഷം മെട്രോ സെല്ലിലും എത്തി.

2007 ഡിസംബര്‍ 11: ഭരണാനുമതി നല്‍കാന്‍ വൈകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ആസൂത്രണ കമ്മീഷനും നഗര വികസന മന്ത്രാലയത്തിനും കത്തയച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് ഭരണാനുമതിയും നല്‍കി.

2008 ജനുവരി എട്ട്: ഡെല്‍ഹി മെട്രോ മാതൃക തന്നെ കൊച്ചി മെട്രോക്ക് സ്വീകരിക്കുന്നതാണ് ഉചിതമെന്നും അതാണ് അനുയോജ്യമായതെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തെ അറിയിച്ചു. പുതുക്കിയ പദ്ധതി ചെലവ് 2686 കോടി. നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

2009 ഫെബ്രുവരി മൂന്ന്: പദ്ധതിയുടെ ഫൈനാന്‍സ് മാതൃക സംബന്ധിച്ച വിശദാംശങ്ങള്‍ ആസൂത്രണ കമീഷന് സമര്‍പിച്ചു.

ജൂണ്‍ 22: പന്ത്രണ്ടാം പദ്ധതിയിലുള്‍പ്പെടുത്തി പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ആകെ ചെലവിന്റെ 20 ശതമാനം വീതം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കാനും സംയുക്ത ഉടമസ്ഥതയില്‍ നിര്‍മിക്കാനും നിര്‍ദ്ദേശം. ഇരു സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്.പി.വി) രൂപവത്കരിക്കാനും നിര്‍ദേശമുണ്ടായി. ഇതേ മാസത്തില്‍ തന്നെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൊച്ചിയില്‍ ഓഫീസ് തുറന്നു.

2010 മാര്‍ച്ച് 19: മെട്രോ അനുബന്ധ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. നോര്‍ത്ത് മേല്‍പാലം പൊളിച്ചു പണിയുന്നത് ഉള്‍പ്പെടെ നാല് അനുബന്ധ പദ്ധികള്‍ക്കായി 158.68 കോടി അനുവദിച്ചു.

സെപ്തംബര്‍ 29: മെട്രോക്കും അനുബന്ധ വികസനത്തിനും എത്രയും വേഗതയില്‍ സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയമിച്ചു.

2011 ജൂണ്‍ ആറ്: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപവത്കരിക്കാന്‍ മന്ത്രിസഭാ തീരുമാനം.

ജൂണ്‍ 18: മുഖ്യമന്ത്രി ചെയര്‍മാനും ടോം ജോസ് എം.ഡിയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) രൂപവത്കരിച്ചു.

ആഗസ്റ്റ് 11: കൊച്ചി മെട്രോക്കുള്ള കേന്ദ്രാനുമതി വൈകിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര നഗരാസൂത്രണ മന്ത്രിക്കും കത്തയച്ചു. തുടര്‍ന്ന് വീണ്ടും ഒക്ടോബര്‍ അഞ്ചിനും മുഖ്യമന്ത്രിയുടെ സമാന രീതിയില്‍ കത്തയച്ചു.ഡിസംബറില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ മൂന്നാമത് ബോര്‍ഡ് യോഗത്തില്‍ പദ്ധതിക്ക് ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനമായി.

2012 ജനുവരി: കെ.എം.ആര്‍.എലിന്റെ ആവശ്യം വിവാദമായപ്പോള്‍ പദ്ധതി ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.

ജനുവരി 28: കൊച്ചി മെട്രോ നിര്‍മാണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ടോം ജോസിന് സിംഗപ്പൂര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഫെബ്രുവരി കരട് ധാരണാപത്രം ഡി.എം.ആര്‍.സി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് സമര്‍പിച്ചു. കൊച്ചി മെട്രോ നിര്‍മാണത്തിന് 30 സിവില്‍ എന്‍ജിനീയര്‍മാരെ ഡി.എം.ആര്‍.സി പുതുതായി റിക്രൂട്ട് ചെയ്തു.

മാര്‍ച്ച് ഒന്‍പത്: കൊച്ചി മെട്രോ ഉള്‍പ്പെടെ കേരളത്തിലെ പദ്ധതികളില്‍ തീരുമാനമെടുക്കാന്‍ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി ഡി.എം.ആര്‍.സി മാനേജിങ് ഡയറക്ടര്‍ മങ്കുസിങ്ങിന്റെപ്രത്യേക ഉത്തരവിറങ്ങി.

മാര്‍ച്ച് 30: മെട്രോ പാതയിലെ ആലുവ മുട്ടം യാര്‍ഡിന്റെ നിര്‍മാണത്തിന് ഡി.എം.ആര്‍.സി ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ മെട്രോ നിര്‍മാണം പരിശോധിക്കാനും ബംഗളൂരു മെട്രോ അധികൃതരുമായി ചര്‍ച്ചക്കും ടോം ജോസിന്റെ നേതൃത്വത്തില്‍ കെ.എം.ആര്‍.എല്‍ സംഘം ബംഗളൂരുവില്‍ എത്തി.

ജൂലൈ മൂന്ന്: പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ജൂലൈ 31: ടോം ജോസ് കെ.എം.ആര്‍.എലിന്റെ ലോഗോ പ്രകാശനം തീരുമാനിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി.

ആഗസ്റ്റ് 11: കെ.എം.ആര്‍.എല്‍ ബോര്‍ഡ് പുനസംഘടിപ്പിപ്പു. ഡോ. സുധീര്‍കൃഷ്ണ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

ആഗസ്റ്റ് 13: ഡി.എം.ആര്‍.സി മുട്ടം യാര്‍ഡിന് ടെണ്ടര്‍ ക്ഷണിച്ച നടപടികള്‍ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ടോം ജോസിന്റെ കത്ത് നല്‍കി.

ആഗസ്റ്റ് 14: കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ടോം ജോസിനെ നീക്കം ചെയ്തു.

ആഗസ്റ്റ് 16: ഏലിയാസ് ജോര്‍ജിനെ കെ.എം.ആര്‍.എലിന്റെ പുതിയ എം.ഡിയായി നിയമിച്ചു.

സെപ്തംബര്‍ 11: കെ.എം.ആര്‍.എല്‍ ബോര്‍ഡിന്റെ ആദ്യ യോഗം നടന്നു.

സെപ്തംബര്‍ 13: മെട്രോ നിര്‍മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

2013 ഏപ്രില്‍ നാല്: കെ.എം.ആര്‍.എല്‍ ഡെല്‍ഹി മെട്രോ റെയിലുമായി കരാര്‍ ഒപ്പിട്ടു.

2013 ഏപ്രില്‍ 25: ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി മെട്രൊ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

2013 ജൂണ്‍ ഏഴ്: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

2013 ജൂണ്‍ 19: സ്‌റ്റേഷനുകള്‍ക്ക് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം ലഭിച്ചു.

2013 സെപ്റ്റംബര്‍ 30: കലൂരില്‍ ആദ്യ മെട്രോ സ് റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു.

2014 ആഗസ് റ്റ് 12: കൊച്ചി മെട്രോയ്ക്കു വേണ്ടി കോച്ചുകള്‍ ഉണ്ടാക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍ സ്‌റ്റോമിന്.

2014 ആഗസ്റ്റ് 28: കൊച്ചി മെട്രോ വികസനത്തിന് സഹായിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.

2015 ജൂണ്‍ 10: മെട്രൊയ്ക്കായി ഓട്ടോ മേറ്റഡ് ടിക്കറ്റ് കലക്ഷന്‍ സംവിധാനം നനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്കുമായി ധാരണാ പത്രം ഒപ്പിട്ടു.

2015 സെപ്തംബര്‍ നാല്: കൊച്ചി മെട്രോയുടെ പുതിയ ലോഗോയും ട്രെയിന്‍ ഡിസൈനും നിലവില്‍ വന്നു.

2016 ജനുവരി രണ്ട്: മെട്രൊയുടെ ആദ്യസെറ്റ് കോച്ചുകള്‍ നിര്‍മാതാക്കളായ അല്‍ സ്റ്റോം കൈമാറി.

2016 ജനുവരി 12: കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തി.

2016 ജനുവരി 23: മുട്ടം യാര്‍ഡില്‍ കോച്ചുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി

2016 മാര്‍ച്ച് 21: മുട്ടം മുതല്‍ ഇടപ്പള്ളി വരെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം നടത്തി.

2016 ജൂണ്‍ 19: മെട്രോ സ്റ്റേഷന്‍ പ്രദേശങ്ങളിലും ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളിലും ഗതാഗതം മെച്ചപ്പെടുത്താനുള്ള നൂറു കോടി രൂപയുടെ പദ്ധതിക്ക് കൊച്ചി മെട്രോ റെയില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു.

2016 ജൂലൈ 23: കൊച്ചി മെട്രോക്ക് അനുബന്ധമായ ജലമെട്രോ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

2016 സെപ്തംബര്‍ 25: മുട്ടം മുതല്‍ പാലാരിവട്ടം വരെ മെട്രോയുടെ പരീക്ഷണ ഓട്ടം.

2017 മേയ് എട്ട്: സര്‍വീസ് നടത്താന്‍ സുരക്ഷാ കമീഷണറുടെ അനുമതി.

2017 മേയ് പത്ത്: യാത്രാ സര്‍വീസിനു മുന്‍പായി ഇരുദിശകളിലും ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.

2017 മേയ് 19: മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും മേയ് 30ന് മുഖ്യമന്ത്രി എത്തിയില്ലെങ്കിലും ഉദ്ഘാടനം നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി ഉടന്‍ അത് തിരുത്തി തിയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് അറിയിക്കുന്നു.

2017 മേയ് 30: മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു.

2017 ജൂണ്‍ മൂന്ന്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിമെട്രോയില്‍ യാത്ര നടത്തി. എം.എല്‍.എ മാരെ ഒപ്പം കൂട്ടാതെ നടത്തിയ യാത്ര വിവാദമായി. വിവാദങ്ങളെ തുടര്‍ന്ന് അന്ന് നടത്താനിരുന്ന സൗരോര്‍ജ പാനല്‍ ഉദ്ഘാടനം നിര്‍വഹിക്കാതെ മുഖ്യമന്ത്രി തിരിച്ചുപോയി.

2017 ജൂണ്‍ ഒന്‍പത്: ഉദ്ഘാടന വേദിയായി കലൂര്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.

2017 ജൂണ്‍ 15: ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മെട്രോയില്‍ അവസാന പരിശോധന നടത്തി

metro

മെട്രോയില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

* ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്റ്റേഷനാണ് മെട്രോയ്ക്കുള്ളത്. 10 രൂപ മിനിമം ചാര്‍ജ്, ആലുവ മുതല്‍ പാലാരിവട്ടം വരെ 40 രൂപ.
* ഓരോ സ്റ്റേഷനിലും പ്രത്യേക കൗണ്ടറുകളിലെത്തി ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റും യാത്രക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
* പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനായി വിക്കറ്റ് ഗേറ്റുകളില്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് ഗേറ്റ് തുറക്കേണ്ടതുണ്ട്.
* പാര്‍ക്കിങ് ഏരിയ മുതല്‍ ട്രെയിനിന്റെ ഉള്‍വശം വരെ കാമറ നിരീക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന സുരക്ഷ പരിശോധനക്കുശേഷമെ ബാഗുകള്‍ ഉള്‍പ്പെടെ അകത്തേക്ക് കയറ്റൂ.
* മുട്ടത്തെ മെട്രോ ഓപറേഷന്‍ കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിനായി സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
* പ്ലാറ്റ്‌ഫോമിലേക്ക് എത്താന്‍ പടികള്‍ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ എസ്‌കലേറ്ററും ലിഫ്റ്റും.
* കാഴ്ച വൈകല്യമുള്ളവര്‍ക്ക് എളുപ്പം യാത്ര ചെയ്യാന്‍ സ്റ്റേഷനുകളില്‍ പ്രത്യേകം ടൈലുകള്‍ വിരിച്ചിരിക്കുന്നു.
* പ്ലാറ്റ്‌ഫോമില്‍ അപകടസൂചന നല്‍കുന്ന ഒരു മഞ്ഞ വരയുണ്ടാകും. ഇത് മറികടക്കരുത്.
* പ്രത്യേകം തയാറാക്കിയ സീറ്റുകള്‍. ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ പ്രത്യേക പരിഗണന വേണ്ടവര്‍ക്ക് കുഷ്യനോടുകൂടിയ നാല് ഇരിപ്പിടം വാതിലിന് സമീപംതന്നെ.
* സീറ്റുകളെ നിറത്തിന്റെ അടിസ്ഥാനത്തില വേര്‍തിരിച്ചിട്ടുണ്ട. പൊതുസീറ്റുകളുടെ നിറം സമുദ്ര നീലയും മുന്‍ഗണന സീറ്റുകള്‍ക്ക് കുരുത്തോലപ്പച്ചയുമാണ് നല്‍കിയിരിക്കുന്നത്.
* സ്റ്റോപ്പുകളുടെ വിവരങ്ങളും മറ്റും മനസിലാക്കാന്‍ വലിയ ഡിസ്‌പ്ലേ ബോര്‍ഡ്, ആറ് വലിയ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ വിവരങ്ങള്‍ നല്‍കാനും വിനോദത്തിനും പരസ്യ ആവശ്യത്തിനുമായി ക്രമീകരിച്ചിട്ടുണ്ട്.

* റൂട്ട് മാപ് പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം വിവരങ്ങള്‍ മൂന്ന് ഭാഷകളില്‍ അറിയിപ്പായി ലഭിക്കും.
* അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുമായി ബന്ധപ്പെടുന്നതിനായി പ്രത്യേക ഇന്റര്‍കോം നമ്പര്‍ നല്‍കിയിട്ടുണ്ട്.
* മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ ട്രെയിനില്‍ ശബ്ദം ഉണ്ടാക്കാന്‍ പാടില്ല.
* സ്റ്റേഷനുകളിലും ട്രെയിനിലും മദ്യപാനം, പുകവലി, മുറുക്ക്, ച്യുയിങ്ഗം എന്നിവയടക്കം ഒന്നും പാടില്ല.
* പാളത്തിലേക്ക് വീണാല്‍ ഷോക്കേല്‍ക്കുന്നതാണ്. ഇത്തരം അപകടം സംഭവിച്ചാല്‍ പ്ലാറ്റ്‌ഫോമിലെ എമര്‍ജന്‍സി ട്രിപ് സ്വിച്ച് വഴി വൈദ്യുതി വിച്ഛേദിക്കാവുന്നതാണ്. എന്നാല്‍ അനാവശ്യമായി ബട്ടണ്‍ ഉപയോഗിച്ചാല്‍ പിഴയും ലഭിക്കും.
* മദ്യപിച്ച് മെട്രോയില്‍ കയറിയാല്‍ 500 രൂപയാണ് പിഴ. മറ്റുയാത്രക്കാരെ ഉപദ്രവിച്ചാല്‍ പിഴയും തടവും, ട്രെയിനില്‍ കുത്തിവരക്കാന്‍ ശ്രമിച്ചാല്‍ 1000 രൂപ പിഴയും ആറുമാസം വരെ തടവും ലഭിച്ചേക്കാം.

You must be logged in to post a comment Login