കൊടൈക്കനാല്‍ മൂന്നാര്‍ ട്രെക്കിങ്

14068091_1045225698888840_8021054518614848112_nകൊടൈക്കനാലില്‍ നിന്നും മുന്നാറിലേക്കൊരു ട്രെക്കിങ്. വളരെ നാളത്തെ മോഹമാണ്. ചരിത്രമുറങ്ങുന്ന എസ്‌കേപ്പ് റോഡിലൂടെ ഒരു യാത്ര സ്വപ്നമായിരുന്നു. പക്ഷെ സുരക്ഷാകാരണങ്ങളാല്‍ അത് സ്വപ്നമായ തന്നെ അവശേഷിക്കുന്നു. അതങ്ങനെയാകട്ടെ. കൊടൈക്കനാല്‍ നിന്നും കാവുഞ്ചി, കദവരി, ക്‌ളാവര, കോവിലൂര്‍, വട്ടവട വഴിയുള്ള യാത്രയും അപ്രാപ്യം. കുറിഞ്ഞി ദേശീയോദ്യാനം നീണാള്‍ വാഴട്ടെ. പക്ഷെ മോഹമല്ലേ. കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും സഫലമാക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഒക്കെയും വഴിക്കുവന്നു. കൊടൈക്കനാല്‍ തുടങ്ങി ഡോള്‍ഫിന്‍ നോസ്, വെള്ളഗവി, പേരിയകുളം, കുമ്പക്കരൈ, കൊരങ്ങിനി വഴി മൂന്നാര്‍ ടോപ് സ്റ്റേഷനിലേക്കൊരു കാല്‍നടയാത്ര. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാടുകളില്‍ നിന്നും ഒരേമനസ്സോടെ യാത്രകളെ മാത്രം സ്‌നേഹിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളുമായി നടത്തിയ യാത്രയുടെ ചില വിശേഷങ്ങള്‍.

മുപ്പതുപേരടങ്ങുന്ന ഒരു സംഗമായിരുന്നു ഞങ്ങള്‍. കൊച്ചിയില്‍ നിന്നും 22 ഉം തിരുവനന്തപുരത്തുനിന്നും 8 പെരുമടങ്ങുന്ന രണ്ടു സംഘങ്ങളായി വെള്ളിയാഴ്ച ഞങ്ങള്‍ കൊടൈക്കനാലിലേക്കു തിരിച്ചു. കൊച്ചിയില്‍ നിന്നും ഞങ്ങള്‍ പളനി വഴി കൊടൈക്കനാലില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്തുനിന്നും മധുര വഴിയാണ് മറ്റുള്ളവര്‍ എത്തിയത്. രാവിലെ തന്നെയെത്തിയ ഞങ്ങള്‍ പാമ്പാര്‍പുരത്തെ താമസസ്ഥലത്തെത്തി. കൊടൈക്കനാലിന്റെ തിരക്കുകളില്‍ നിന്നും അകന്നു മാറി ശാന്തമായ ഒരു സ്ഥലം. മുപ്പതുപേര്‍ക്കും ഒന്നിച്ചു താമസിക്കുവാനുതകുന്ന ഒരു വലിയ കോട്ടജ്. പ്രാചീനമായ ഒരു ജര്‍മന്‍ സെറ്റില്‍മെന്റ്. നാലുമുറികളടങ്ങുന്ന ഒരു വലിയ വീട്. സ്വസ്ഥം. ചിലര്‍ ചുറ്റുപാടും നടന്നു കാഴ്ച്ചകള്‍ കാണുവാന്‍ പോയ്. എന്തുകൊണ്ടോ പുറത്തെ തിരക്കിലേക്കിറങ്ങാന്‍ മനസ്സനുവദിച്ചില്ല. ആ ശാന്തതയില്‍ അലിഞ്ഞില്ലാതെയാകുവാന്‍ ഞാന്‍ അവിടെയിരുന്നു. ഇവിടെ മാത്രം കാണാവുന്ന പൂക്കളും, തീറ്റതേടി നടന്ന കിളികളും, ആരെയും കൂസാതെ അലഞ്ഞുനടന്നു നായ്കളുമൊക്കെ എന്നില്‍ കൗതുകമുണര്‍ത്തി. ശനിയാഴ്ച വൈകുന്നേരത്തോടുകൂടി എല്ലാവരും എത്തി. രാത്രിയില്‍ ചൂടുകഞ്ഞിയും കറികളും. മുറ്റത്തു തരപ്പെടുത്തിയ ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നു എല്ലാവരും പരിചയപെട്ടു. അവസാനയാമത്തില്‍ ഞങ്ങളെ വാരിപ്പുണര്‍ന്ന തണുപ്പിനെ കബളിപ്പിച്ച് നിലത്തും കട്ടിലുകളിലും വിരിച്ച പുതപ്പിനടിയിലേക്കൂളിയിടുമ്പോള്‍ യാത്രക്ഷീണമകറ്റാന്‍ ഒരു രാവിന്റെ പകുതിയോളം ബാക്കിയുണ്ടായിരുന്നു.

14063739_1045225745555502_8081612178453694446_nപുലര്‍ച്ചെയുണര്‍ന്നു. തണുപ്പ് വിട്ടുമാറിയിരുന്നില്ല. താണ്ടുവാനേറെ ദൂരമുണ്ടിന്നു. പ്രഭാതഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ യാത്ര തുടങ്ങി. ആദ്യ ലക്ഷ്യം ഡോള്‍ഫിന്‍ നോസ്. തുടക്കത്തില്‍ ടാറിട്ട റോഡിലൂടെയും പിന്നീട് കോണ്‍ക്രീറ്റ് റോഡുകളും മണ്‍വഴികളും താണ്ടി ഞങ്ങള്‍ ഡോള്‍ഫിന്‍ നോസിലെത്തി. അസഹനീയമായ തിരക്ക്. നാടനും പുറംനാട്ടുകാരുമായ സഞ്ചാരികള്‍. പുതിയൊരവയവം എന്നപോലെ എല്ലാവരുടെ കയ്യിലും സെല്‍ഫി സ്റ്റിക്. ആരെയും കൂസാതെ അവരങ്ങനെ ആഘോഷിക്കുന്നു. ഡോള്‍ഫിന്‍ നോസില്‍ പാറയുടെ തുഞ്ചത്ത് പോയീ സാഹസ സെല്‍ഫി എടുക്കുന്ന യുവാക്കള്‍. അരുതേയെന്നു മനസ്സില്‍ പലവട്ടം പറഞ്ഞു. അവിടെനിന്നും താഴേക്ക്. തിരക്കൊഴിയുന്നു. പൈന്മരക്കാടുകള്‍ മഞ്ഞിന്‍കുപ്പായമണിയുന്നു. ഞങ്ങള്‍ പ്രകൃതിയുടെ വന്യതയിലേക്കു നടക്കുകയായിരുന്നു. വീതിയുള്ള കാട്ടുപാത നേര്‍ത്തുനേര്‍ത്തു ഒറ്റയടിപ്പാതയായി. മൊബൈല്‍ ഫോണുകള്‍ നിശബ്ദമായി. കാടിന്റെ മുരള്‍ച്ച. നിശബ്ദത.
ദൂരെ മലമടക്കുകള്‍ കാണാം. മലമുകളില്‍ ഞങ്ങളുടെ അടുത്ത ലക്ഷ്യമായ വെള്ളഗവി എന്ന തമിഴ്ഗ്രാമം. ചെരുപ്പിടാതെ ഗ്രാമമെന്നറിയപെടുന്നു. വീടുകളോളം തന്നെ അമ്പലങ്ങളുമുള്ള മലഗ്രാമം. പുണ്യഭൂമിയെന്നു വിശ്വസിച്ചു അവിടത്തുകാര്‍ ചെരുപ്പിടാറില്ല. ഏതാനും നേരത്തെനടത്ത കൊണ്ട് ഞങ്ങള്‍ വെള്ളഗവിയിലെത്തി. ചെരുപ്പിടാതെത്തന്നെ ഞങ്ങളും ഗ്രാമത്തിനുള്ളിലേക്കു. എല്ലാ വീട്ടുമുറ്റത്തും പലവര്‍ണങ്ങളില്‍ ചിത്രങ്ങള്‍. കടുംനിറമണിഞ്ഞ വീടുകളും അമ്പലങ്ങളും. പരിഷ്‌കാരം അപഹരിക്കാത്ത നിശ്കളങ്കത. ചെറുതെങ്കിലും സുന്ദരമായ വീടുകള്‍. കാപ്പി വറുത്തുപൊടിക്കുന്ന തമിഴ്‌സ്ത്രീകള്‍, നിലത്തിരുന്നു കളിക്കുന്ന കുട്ടികള്‍, അമ്പലനടകളില്‍ സൊറപറഞ്ഞിരിക്കുന്ന പുരുഷകേസരികള്‍ എല്ലാവരും ഞങ്ങള്‍ക്ക് പുഞ്ചിരിനല്‍കി. ഞങ്ങളില്‍ ചിലര്‍ ഒരു വീട്ടില്‍ നിന്നും കാപ്പിയും പഴവും കഴിച്ചു. സ്വാദിഷ്ടമായ കാപ്പി. ഒരു രാത്രി അവിടെ അന്തിയുറങ്ങണമെന്നുണ്ടായിരുന്നു പക്ഷെ സമയമില്ല. ഈ മലയുടെ താഴവരയിലെത്തണം. വീണ്ടു നടന്നു. യാത്രമംഗളം നേരുമ്പോലെ ചെറുമഴ. വെള്ളഗവിക്ക് വിട. ഇനിയൊരിക്കല്‍ ഇവിടേക്കെത്തുമോ. അറിയില്ല.

14064267_1045225665555510_8274317319323098427_nകാടിന്റെ വന്യത കൂടുന്നു. ഭീമാകാരന്മാരായ മരങ്ങള്‍. കിളികളുടെ കളകൂജനം. വെള്ളഗവി നിവാസികളുടെ മാത്രം കാല്‍പാടുകള്‍ പതിഞ്ഞ കാട്ടുപാത. കാടിന് ശേഷം പൈന്മരക്കാടുകള്‍. അവ നേര്‍ത്തുവന്നു. ദൂരെ വിശാലമായ മലനിരകള്‍. വന്യമായ കാട്. കൊതിപ്പിക്കുന്ന കാഴ്ചകള്‍. കാലുകള്‍ക്കു ബലക്ഷയം തുടങ്ങിയിരുന്നു. എന്നാല്‍ ഞങ്ങളപ്പോഴും ഉയരത്തിലായിരുന്നു. ഇറങ്ങുംതോറും താഴ്വരയിലേക്കുള്ള ദൂരം കൂടിവരുന്നതായി തോന്നി. എല്ലാവരും അവശര്‍. എത്താറായില്ലേ എന്ന് ചോദിക്കുവാന്‍ മനസ്സ് വെമ്പി. ഓരോ വളവുകളിലും ഉടനെത്തുമെന്ന പ്രതീക്ഷ. കാല്‍മുട്ടുകള്‍ പരിഭവിക്കുന്നു. വിറയാര്‍ന്ന പാദങ്ങള്‍ ഏന്തിവലിച്ചു നടന്നു. ഒടുവില്‍ 5 മണിയോടുകൂടി കുമ്പക്കരയിലെത്തി. അവിടെ നിന്നും വണ്ടിയില്‍ കുരങ്ങിണിയിലേക്കു. ഇന്ന് രാത്രി അവിടെയാണ്. വഴിയില്‍ ഭക്ഷണം കഴിക്കുവാനും ചില അവശ്യസാധനങ്ങള്‍ വാങ്ങുവാനും നിര്‍ത്തി. 8 മണിയോടെ കുരങ്ങിണിയിലെത്തി. ഫോറെസ്‌റ് ഐ ബിയില്‍ ഞങ്ങള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞു ഓരോരുത്തരായി ഉറങ്ങിത്തുടങ്ങി. രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു ചീവീടുകള്‍ ചിലച്ചു. ദൂരെ അരുവിയുടെ ആരവം നേര്‍ത്തു കേള്‍ക്കാം. ടെന്റുകളില്‍ യാത്രക്ഷീണം കൂര്‍ക്കംവലികളായ് ഉയര്‍ന്നുവന്നു. അധികംവൈകാതെ ആ രാത്രി പര്യവസാനിച്ചു.
നേരത്തെയുണര്‍ന്നു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും 8 മണിക്കുതന്നെ തയ്യാറായി. അവസാനദിവസം. 12 km കയറ്റം. കഴിഞ്ഞദിവസത്തെ പരാക്രമത്തിന്റെ വേദന പേശികളില്‍ പിരിമുറുക്കങ്ങളായ്. തുടക്കത്തില്‍ മണ്‍പാതയും പിന്നീട് പുല്‍മേടുകളും. മുതുവാര്‍കുടി എന്ന തമിഴ്ഗ്രാമവും കടന്നു ടോപ് സ്റ്റേഷന്‍ മലനിരകളുടെ താഴവരയിലെത്തുമ്പോള്‍ 10 മണിയായിരുന്നു. പുല്‌മേടുകളുടെ ആരംഭം. നോക്കെത്താദൂരത്തോളം പച്ചവിരിച്ച പുല്‍മേടുകള്‍. എണ്ണിയാലൊടുങ്ങാത്ത മലനിരകള്‍. കയറ്റമേറിവന്നു. ഹൃദയം സര്‍വ്വശക്തിയില്‍ മിടിക്കുന്നു. പേശികള്‍ കണ്ണീര്‍പൊഴിച്ചു. പക്ഷെ ഈ കടമ്പ കടന്നു തന്നെയാകണം. മനോഹരമായ വ്യൂ പോയിന്റുകള്‍ ധാരാളമുണ്ടിവിടെ. ക്യാമറകള്‍ മിഴിതുറന്നടച്ചു. സ്വപ്നതുല്യമായ കാഴ്ചകള്‍ മനസ്സിന് കുളിര്‍മയേകി. 2 മണിയോടുകൂടി ഞങ്ങള്‍ ടോപ്‌സ്റ്റേഷനില്‍ എത്തി. 2.30 ക്കുള്ള ബസ്സില്‍ മൂന്നാറിലേക്ക്.
ചെറിയ മഴപെയ്യുന്നുണ്ടായിരുന്നു. നേരിയ തണുപ്പും. 40km രണ്ടുദിവസം കൊണ്ട് നടന്നതിന്റെ ക്ഷീണമുണ്ടെങ്കിലും അഭേദ്യമായ കുറെയേറെ കാഴ്ചകള്‍ കാണാനായതിന്റെ സന്തോഷം ഉള്ളിലുണ്ടായിരുന്നു. അടുത്തമാസം പ്ലാന്‍ ചെയ്തിരിക്കുന്ന മീശപുളിമല യാത്രയില്‍ വീണ്ടും കാണാമെന്നു മനസ്സില്‍ പറഞ്ഞു കേരളത്തിന്റെ കാശ്മീരിനോട് വിടപറഞ്ഞു ആനവണ്ടിയില്‍ തിരികെ കൊച്ചിയിലേക്ക്.

You must be logged in to post a comment Login