കൊട്ടാരത്തില്‍ ശങ്കുണ്ണി- ഐതിഹ്യങ്ങളുടെ മഹാപ്രപഞ്ചകാരന്‍

ശ്രീകല ചിങ്ങോലി

തല നിറച്ചു കുടുമയും ഉള്ളു നിറച്ചു പഴമയുമായി ജീവിച്ച ഐതീഹ്യങ്ങളുടെ മഹാ കോശമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി. 126 ഐതീഹ്യങ്ങളും അന്യാദൃശ്യമായ ഭാവ ചാരുത മലയാള സാഹിത്യത്തിനു ചാര്‍ത്തിയ ആ മഹാനുഭാവന്‍ ആട്ടക്കഥാ രചയിതാവും നാടകകൃത്തും പ്രബന്ധകാരനും കവിയും ഗദ്യകാരനും ഐതീഹ്യകാരനും ചരിത്രപണ്ഡിതനുമെല്ലാമായിരുന്നു. ദേവപൂജയില്‍ തുടങ്ങി ഗജപൂജയില്‍ അവസാനിക്കുന്ന ഐതിഹ്യമാലയില്‍ കഥാകഥന വൈശിഷ്ട്യവും ദേശാഭിമാനവും അനലംകൃത സുന്ദരമായ മലയാള ശൈലിയും ഇഴകോര്‍ത്തിരിക്കുന്നു. മന്ത്രവും തന്ത്രവും കല്പവും വൈദ്യവും ജ്യോതിഷവും ഒരുപോലെ വഴങ്ങുന്ന ഒരു പ്രഗത്ഭനു മാത്രമേ ഇത്തരം ഐതീഹ്യങ്ങള്‍ രസഭാവനൈരന്തര്യത്തോടെ എഴുതാന്‍ കഴിയൂ. ശങ്കുണ്ണിക്കു മാത്രം കഴിയുന്ന ഈ സാഹിത്യവിരുന്ന് സാധ്യമായത് ഭാവ വിശിഷ്ടമായ ജീവിത സപര്യയുടെ പരിണിത ഫലമായിട്ടാണ്. കോട്ടയം പട്ടണത്തിനു തെക്കു മാറി കോടിമത പള്ളിപ്പുറത്തു കാവു ഭഗവതിക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന കൊട്ടാരം ഭവനത്തില്‍ 1855 മാര്‍ച്ചുമാസം 23 -ാം തീയതിയാണ് ശങ്കുണ്ണി ജനിച്ചത്. കോട്ടയം ജില്ലയില്‍ അമയന്നൂര്‍ ദേശക്കാരനായിരുന്ന പിതാവ് വാസുദേവനുണ്ണി. മാതാവ് വൈക്കത്തിനടുത്ത് മൂടായിക്കുന്ന് മടയപ്പള്ളി കുടുംബാഗവും. ഈ ദമ്പതികളുടെ അഞ്ചുമക്കൡ രണ്ടാമത്തെ പുത്രനാണ് ശങ്കുണ്ണി. കൊട്ടാരം എന്ന കുടുംബപ്പേരിന് രാജകുടുംബമായോ ഭരണവൃത്തങ്ങളുമായോ യാതൊരു ബന്ധവുമില്ല. ഒരു സാധാരണ നാലുകെട്ട് കൊട്ടാരമെന്നറിയപ്പെട്ടതിനു പിന്നിലും ഒരു ചരിത്ര കഥയുണ്ട്. പണ്ടുകാലത്ത് കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഒരു ദിവസത്തെ ആറാട്ട് കോടിമത കൊടുരാറ്റിലാണ് നടത്തിയിരുന്നത്. ആറാട്ടിന് ദേവിയെ ഇറക്കി എഴുന്നുള്ളിക്കുന്നതിനായി അവിടെ ദേവസ്വം  വക ഒരു നാലുകെട്ടുണ്ടായിരുന്നു. ഇറക്കി എഴുന്നുളളിക്കുന്നതിനാല്‍ ദേവസ്വക്കാര്‍ ആ ഭവനത്തെ കൊട്ടാരമെന്ന് വിശേഷിപ്പിച്ചു. അമയന്നൂര്‍ ദേശക്കാരനായ ഒരുണ്ണി ശ്രീ പോര്‍ക്കലി ഭഗവതി ക്ഷേത്രത്തില്‍ ദേവസ്വത്തിന്റെ അനുവാദത്തോടെ ഈ കൊട്ടാരത്തില്‍ താമസിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാരെ കൊട്ടാരത്തിലുണ്ണിമാരെന്ന് വിളിച്ചു പോന്നു. ശങ്കുണ്ണിയുടെ പിതാവായ വാസുദേവനുണ്ണിയും കുടുംബവും  അമയന്നൂരില്‍ നിന്ന് കോടിമത കൊട്ടാരത്തിലേക്കു താമസം മാറ്റിയതോടെ ആ കുടുംബക്കാരും കൊട്ടാരത്തില്‍  ഉണ്ണിമാരെന്ന് അറിയപ്പെടാന്‍ തുടങ്ങി. വാസുദേവന്‍ എന്നു തന്നെയായിരുന്നു അച്ഛനമ്മമാര്‍ അദ്ദേഹത്തിനു നല്‍കിയ പേര് .എന്നാല്‍ സ്വന്തം ഭര്‍ത്താവിന്റെ പേരുച്ചരിക്കുക എന്നത് അക്കാലത്ത് കുലീനരായ,സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്നതിനാല്‍ ശങ്കുണ്ണിയെ അമ്മ തങ്കം എന്നു വിളിച്ചു. ആണ്‍ കുട്ടിയെ തങ്കം എന്നു വിളിക്കുന്നതില്‍ ചിലര്‍ പരിഹസിച്ചപ്പോള്‍ അത് തങ്കു എന്നാക്കി മാറ്റി. ഒരര്‍ത്ഥവുമില്ലാത്ത ഈ പേര് ഒരിക്കല്‍ കൂടി മാറ്റപ്പെട്ടു. അങ്ങനെ തങ്കു ശങ്കുവായി. ഉണ്ണിയെന്ന ജാതിപ്പേരു കൂടി അതിനോട് ചേര്‍ത്തപ്പോള്‍ ശങ്കു ശങ്കുണ്ണിയായി. തീയാട്ട് എന്ന കുലവൃത്തിയും അനുഷ്ഠാന കലയുമായിരുന്നു ശങ്കുണ്ണിയുടെ ജീവിതത്തെ രൂപപ്പെടുത്തിയ ഘടകം. പ്രാക്തന സംസ്‌കാരത്തിന്റെ സത്ത ജീവിതത്തിലുടനീളം പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സംഗീതവും ചിത്രകലയും അദ്ദേഹത്തിനു വഴങ്ങിയതിനു പിന്നില്‍ പൈതൃക പ്രേരണയും ഉണ്ടായിരുന്നു. ജ്യോതിഷം, ജ്യോതിശാസ്ത്രം, മന്ത്രവാദം, വൈദ്യം ഇവയിലെല്ലാം സിദ്ധി നേടിയവരായിരുന്നു അദ്ദേഹത്തിന്റെ  കുടുംബക്കാര്‍. കൊട്ടാരത്തിലുണ്ണിമാര്‍ക്ക് ലഭിച്ച മറ്റൊരു ദൈവാനുഗ്രഹം, വേദശാസ്ത്ര പരാംഗതനായ ചെമ്പകശ്ശേരി പൂരാടം തിരുനാളുമായുള്ള ബന്ധമായിരുന്നു. സംഗീതം, ചിത്രകല, മന്ത്രവാദം, കരകൗശലം ഇവയിലെല്ലാം നൈപുണ്യം നേടിയ പിതാവിന്റെ  ബുദ്ധിശക്തി ക്രമേണ ശങ്കുണ്ണിയിലേക്കും പടര്‍ന്നു. പഠിക്കാന്‍ ആദ്യകാലത്ത് അദ്ദേഹം സമര്‍ത്ഥനായിരുന്നില്ല. 16 വയസ്സുവരെ കാവ്യങ്ങളോ വേദാന്തമോ തൊട്ടു കടന്നു പോയതുമില്ല. സമപ്രായക്കാര്‍ സമര്‍ത്ഥരാകുന്നതില്‍ വ്യാകുലനായ ശങ്കുണ്ണിയെ അച്ഛന്‍ മഹാ പണ്ഡിതനായ മണര്‍കാട് ശങ്കുവാര്യരെ ഏല്പിച്ചു. സിദ്ധ രൂപം അഭ്യസിച്ചു കഴിഞ്ഞ കാലത്ത് ശങ്കുവാര്യര്‍ പന്തളത്തേക്കു മാറിപ്പോയി. പിന്നീട് വയ്‌സകര ആര്യന്‍ നാരായണന്‍ മൂസ്സത് അദ്ദേഹത്തെ സമര്‍ത്ഥനാക്കി. ചികിത്സാ ക്രമവും അഷ്ടാംഗ ഹൃദയവും സഹസ്ര യോഗവും കാവ്യങ്ങളും ശാസ്ത്രങ്ങളും പഠിച്ചു. 1870 നു ശേഷം ആ ജീവിതത്തില്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ കരിനിഴല്‍ വീഴ്ത്തി. 1873 ല്‍ വാത്സല്യ നിധിയായ മാതാവ് ദിവംഗതയായി. 1882 ല്‍ അദ്ദേഹത്തിന്റെ പത്‌നി മരിച്ചു. 1886 ല്‍ സ്‌നേഹനിധിയായ പിതാവും യാത്ര പറഞ്ഞു.  അത് അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഉറ്റവരെ ഒന്നൊന്നായി മരണം തട്ടിയെടുത്തപ്പോള്‍  മനസ്സു നൊന്തു പിടഞ്ഞു. വസൂരി രോഗം അദ്ദേഹത്തെയും കലശലായി ബാധിച്ചു. കണ്ണിലെണ്ണയൊഴിച്ചുള്ള സ്വജേഷ്ഠന്റെ പരിചരണം മരണത്തെ തോല്പിച്ചു ജീവിതത്തിലേക്കു മടങ്ങാന്‍ സഹായിച്ചു. എന്നാല്‍ അതൊരു തീരാദുഃഖക്കടലിലാണ് ശങ്കുണ്ണിയെ എത്തിച്ചത്. ആ മഹാവ്യാധി പുണ്യാത്മാവായ ജേഷ്ഠനെ അപഹരിച്ചു കടന്നു കളഞ്ഞു. ആ കനത്ത പ്രഹരം അദ്ദേഹത്തിന്റെ നെഞ്ചിലേല്പിച്ച ആഘാതം ഒരുതരത്തിലും താങ്ങാവുന്നതായിരുന്നില്ല. വിധിയുടെ വൈപരീത്യം അവിടം കൊണ്ടും തീര്‍ന്നില്ല. ജേഷ്ഠസഹോദരന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി കഴിഞ്ഞ അദ്ദേഹത്തിന്റെ മുന്നില്‍ തന്റെ രണ്ടു സഹോദരിമാരും അവരുടെ പതിനാലു മക്കളും ശങ്കുണ്ണിയെന്ന ഹതഭാഗ്യനെ പരാജിതനാക്കി കാലയവനികയില്‍ മറഞ്ഞു. 1902 ല്‍ അനുജന്‍ യാത്രയായി. 1905 ല്‍ രണ്ടാമത്തെ പത്‌നിയും ജീവിതത്തോടു വിടപറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ അനാഥനായ ആ ഹതഭാഗ്യന്റെ കുടുംബത്തിലെ ഒരു കണ്ണിപോലും ബാക്കിനിര്‍ത്താതെ അനുഭവങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി. ഈ ദുഃഖപാരവാരത്തില്‍ എങ്ങനെയാണ് താന്‍ നീന്തിക്കയറിയതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ അവിരാമമായ സാഹിത്യ സപര്യ എന്ന ഒറ്റ ഉത്തരമേ ഉളളൂ.  കൃത്യനിഷ്ഠ അദ്ദേഹത്തിന്റെ ഉത്തമ ഗുണമായിരുന്നു. അതിരാവിലെ ഉണര്‍ന്ന് പൂജയും ക്ഷേത്ര ദര്‍ശനവും കഴിയാതെ ജലപാനമില്ല. ഓരോന്നിനും ക്ലിപ്തമായ സമയകൃത്യത പാലിച്ചിരുന്നു. അറുപതോളം കൃതികള്‍ രചിക്കാന്‍ കഴിഞ്ഞത് ദുഃഖങ്ങള്‍ക്കിടയിലും പാലിച്ച കൃത്യനിഷ്ഠയായിരുന്നു. വെള്ളപ്പുടവയും പുളിയിലക്കര വേഷ്ടിയും ധരിച്ചു. പിന്‍ കുടുമ വളര്‍ത്തി വീതിയേറിയ നെറ്റിയില്‍ വെളുത്ത ഭസ്മക്കുറിയുമായി പ്രത്യക്ഷപ്പെടുന്ന രൂപം സുഹൃത്തുക്കള്‍ക്കിടയില്‍ എന്നും വിസ്മയമായിരുന്നു. ഗൗരവം സ്ഫുരിക്കുന്ന മുഖം ദുഃഖങ്ങള്‍ സമ്മാനിച്ചതാണ്, എങ്കിലും അടുത്തറിയുമ്പോള്‍ ലാളിത്യത്തിന്റെ നിറകുടമായ പെരുമാറ്റ രീതി അനുഭവിക്കാന്‍ കഴിയും.അദ്ദേഹത്തിന്റെ 14 മണിപ്രവാളകൃതികള്‍ ഇവയെല്ലാമാണ്.

സുഭദ്രാഹരണം, രാജാകേശവദാസചരിതം. ആസന്നമരണ ചിന്താശതകം, കേരളവര്‍മ്മ ശതകം, ലക്ഷമീഭായി ചരിതം, മാടമഹീശ ചരിതം, യാത്രാ ചരിതം,  അത്തച്ചമയ സപ്തതി, മുറജപ ചരിതം, കപോത സന്ദേശം, ഗൗളിശാസ്ത്രം ( തര്‍ജ്ജമ) അദ്ധ്യാത്മ രാമായണം ( തര്‍ജ്ജമ) ശ്രീ സേതുലക്ഷ്മി ഭായി മഹാരാജ്ഞി ചരിതം, ഹരിവംശ സംഗ്രഹം.നാടകങ്ങള്‍ മാലതീമാധവം ( തര്‍ജ്ജമ)വിക്രമോര്‍വ്വശീയം ( തര്‍ജ്ജമ)രവിവര്‍മ്മ ( തര്‍ജ്ജമ)കുചേലഗോപാലംസീമന്തനീ ചരിതംപാഞ്ചാല ധനഞ്ജയം, ഗംഗാവതരണം, ദേവീ വിലാസം ജാനകീ പരിണയം ആട്ടക്കഥകള്‍ ശ്രീരാമപട്ടാഭിഷേകം ശ്രീരാമവതാരം സീതാ വിവാഹംഭൂസര ഗോഗ്രഹ്രണംകീരാതസൂനു ചരിതം.വിനായക മാഹാത്മ്യം കിളിപ്പാട്ട് കൈകൊട്ടി കളിപ്പാട്ടുകള്‍നിവാത കവച കാലകേയ വധംശ്രീമൂല രാജ വിലാസംവിക്‌ടോറിയ ചരിതംധ്രുവചരിതംശോണാദ്രീശ്വരി മാഹാത്മ്യംആര്‍ദ്രാ ചരിതംഭദ്രോല്പത്തി പാനഓണപ്പാനതുള്ളല്‍പ്പാട്ടുകള്‍ശ്രീ ഭൂതനാഥോത്ഭവംശ്രീമൂല മഹാരാജ ഷഷ്ഠി പൂര്‍ത്തി മഹോത്സവംകല്യാണ മഹോത്സവം ശ്രീ ശങ്കരവിലാസംതിരുമാടമ്പു മഹോത്സവംസ്ഥാനാരോഹണ മഹോത്സവംവഞ്ചിപ്പാട്ടുകള്‍കല്യാണമഹോത്സവംസീതാസ്വയം വരംഗദ്യ പ്രബന്ധങ്ങള്‍നൈഷധംവിക്രമോര്‍വ്വശീയ നാടക കഥാ സംഗ്രഹംവിശ്വാമിത്ര ചരിതംഅര്‍ജ്ജുനന്‍ശ്രീകൃഷ്ണന്‍സ്മരണാവലിമനോരമ സ്മരണകള്‍കേരള കവിതകള്‍ഐതിഹ്യമാല അന്‍പതു വര്‍ഷക്കാലത്തിലധികം കൈരളിക്ക് സാഹിത്യോപാസന നടത്തിയ അദ്വിതീയനായ ആ സാഹിത്യ ശിരോമണി 1937 ജൂലൈ 22-ാം തീയതി തന്റെ സ്വര്‍ണ്ണതൂലിക ഭൂമിയില്‍ മടക്കിവച്ച് പരലോകത്തേക്ക് യാത്രയായി.

You must be logged in to post a comment Login