കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

പേരാവൂര്‍ (കണ്ണൂര്‍):വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡന കേസിലെ മൂന്ന് മുതൽ അഞ്ച് വരെ പ്രതികൾ പേരാവൂർ സിഐ ഓഫിസിലെത്തി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവരാണു പേരാവൂർ സിഐ എൻ. സുനിൽകുമാറിനു മുൻപിൽ ഇന്നു രാവിലെ 6.45നു കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്തു തുടങ്ങി. അൽപസമയത്തിനകം വൈദ്യപരിശോധന നടത്താൻ കൊണ്ടുപോകും. തുടർന്നു തലശേരി പോക്സോ കോടതിയിൽ ഹാജരാക്കും.

ഇവർക്കു ജാമ്യം നൽകാൻ നിർദേശം ഉള്ളതുകൊണ്ടുതന്നെ ഇന്നുതന്നെ ജാമ്യം ലഭിച്ചേക്കും. കഴിഞ്ഞദിവസം ഇവരുടെ മൂന്നുപേരുടെയും മുൻകൂർ ജാമ്യഹർജി തലശേരി പോക്സോ കോടതി പരിഗണിച്ചിരുന്നു. മറ്റു മൂന്നുപേർക്കു നൽകിയ അതേ ഇളവുകളും നിർദേശങ്ങളും ഇവർക്കും അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ പോക്സോ കോടതി നിർദേശിച്ചിരുന്നു.

കേസിൽ 10 പ്രതികളാണ് ആകെയുള്ളത്. ഇന്നു മൂന്നുപേർ കൂടി കീഴടങ്ങിയതോടെ കേസിലെ എട്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലാകാനുള്ള രണ്ടുപേരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആറും ഏഴും പ്രതികളാണ് ഇനിയുള്ളത്. സിസ്റ്റർ ലിസ്മരിയ, സിസ്റ്റർ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. എട്ടാം പ്രതി ഒഫീലിയ, ഒമ്പതാം പ്രതി ഫാദർ തോമസ് ജോസഫ് തേരകം, പത്താം പ്രതി ഡോ. ബെറ്റി ജോസ് എന്നിവർ കഴിഞ്ഞ ദിവസം കീഴടങ്ങി ജാമ്യം നേടിയിരുന്നു. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയും കീഴടങ്ങിയിരുന്നു.

You must be logged in to post a comment Login