കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍; മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു; ശിക്ഷ അല്‍പ്പസമയത്തിനകം

 


കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂർ കേസിൽ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് തലശേരി പോക്‌സോ കോടതി. മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു. ഫാ. തോമസ് തേരകം, തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി എന്നിവരെയാണ് വെറുതെ വിട്ടത്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. ശിക്ഷ അല്‍പ്പസമത്തിനകം പുറപ്പെടുവിക്കും.

കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി.

വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.

കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമായി.

കേസിൽ നിന്നൊഴിവാക്കാൻ പ്രതികള്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റർ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

You must be logged in to post a comment Login