കൊറോണ : മരണം 2000 കടന്നു

കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ഇതുവരെ മരണസംഖ്യ 2007 ആയതായി ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം 132 പേരാണ് മരിച്ചത്.

ചൈനയിൽ കൊറോണ ബാധിച്ച 12,017 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പുതിയതായി 1749 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 75,129 ആയി. വൈറസ് ബാധയിൽ നിന്ന് മുക്തരായ 13,818 പേർ ആശുപത്രി വിട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം ദക്ഷിണ കൊറിയയിൽ പുതിയതായി പത്ത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനിടെ ഫെബ്രുവരി 20 മുതൽ ചൈനീസ് പൗരൻമാരെ രാജ്യത്ത് കടക്കുന്നതിൽ നിന്ന് വിലക്കുമെന്ന് റഷ്യ അറിയിച്ചു. ചൈനയിലുള്ള 49 പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാൻ ഉക്രെയ്ൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാനിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങളുമായി സൈനിക വിമാനം അയക്കും. വ്യോമസേനയുടെ സി17 ഗ്ലോബ് മാർഷൽ വിമാനം വുഹാനിലേക്ക് നാളെ യാത്ര തിരിക്കും. ഇതേ വിമാനത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കും. നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

മരുന്നുകൾ, മാസ്‌കുകൾ എന്നിവ ഉൾപ്പെടെയുള്ളവയും വിമാനത്തിൽ കൊണ്ടുപോകും. ചില മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി നിരോധനം ഇന്ത്യ റദ്ദാക്കിയതായി നേരത്തെ ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി അറിയിച്ചിരുന്നു.

You must be logged in to post a comment Login