കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 1300 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജർമനിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയിൽ ഇതുവരെ 2744 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ നഗരങ്ങളിൽ യാത്രാ വിലക്ക് കർശനമാക്കിയിട്ടുണ്ട്. കൊറോണ ആദ്യം റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ കൂടുതൽ പേർ ചികിത്സ തേടുന്നതായാണ് വിവരം. അതേസമയം ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ് കൊറോണ വൈറസ് ബാധയെത്തുടർന്ന് റദ്ദാക്കി. ഫെബ്രുവരി 12, 13 തീയതികളിൽ ചൈനയിലെ ഹാങ്ചൗവിലാണ് ചാംപ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഹാങ്ചൗവ്.

കൊറോണ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നതിനും രോഗം സ്ഥിരീകരിക്കുന്നതിനും മുൻപ് തന്നെ രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരാം എന്നതാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്. 14 ദിവസത്തെ ഇൻകുബേഷൻ കാലത്ത് തന്നെ രോഗം പടരാമെന്നതാണ് വെല്ലുവിളി ഉയർത്തുന്നത്.

നിലവിൽ വൈറസ് വ്യാപനത്തിന്റെ തോത് വർധിക്കുകയാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ മന്ത്രി മാ ഷിയാവേ പറഞ്ഞു. വുഹാന് പുറമെ സമീപ നഗരങ്ങളിലും പന്ത്രണ്ടോളം രാജ്യങ്ങളിലേക്കും വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം.

തായ്‌ലന്റ്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ് വാൻ, സിംഗപ്പൂർ, വിയറ്റ്‌നാം, നേപ്പാൾ, ഫ്രാൻസ്, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ, അമേരിക്ക എന്നിവിടങ്ങളിലേക്കും വൈറസ് പടർന്നിട്ടുണ്ടെന്നാണ് സൂചന.

You must be logged in to post a comment Login