കൊറോണ; സംസ്ഥാനത്ത് 2397 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2397 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. 122 പേരെ വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ് ഭീതി അകലുകയാണെങ്കിലും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം 1040 വ്യക്തികളെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. 402 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 363 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കി ഫലം ലഭിക്കാനുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ചൈനയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്. ഹുബൈയിൽ ഇന്നലെ 4823 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബൈയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി. ഇതിൽ 36,719 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You must be logged in to post a comment Login