കൊല്ലം പരവൂരില്‍ കമ്പപ്പുരയ്ക്ക് തീപിടിച്ച് 86 മരണം

  • ദുരന്തം കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടി­നി­ടെ
  • കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0474­2512344, 9497930863, 9497960778
  • വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി നല്‍കിയിരുന്നില്ലെന്ന് കളക്ടര്‍

image

കൊല്ലം: ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക് പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 86 പേര്‍ മരിച്ചു. ഇതില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാം. അതേസമയം, മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരവൂര്‍ സ്വദേശിയായ പ്രദീപ് അനിലി(50)നെയാണ് തിരിച്ചറിഞ്ഞത്.

പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് അപകടം. ദേവസ്വം ബോര്‍ഡിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ വെടിക്കെട്ട് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്കു വീണത്. സ്‌ഫോടനത്തില്‍ ക്ഷേത്രവളപ്പിലെ ഉപദേവതാക്ഷേത്രങ്ങളുടെയും സമീപത്തുള്ള വീടുകളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകര്‍ന്നനിലയിലാണ്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥിതി വിലയിരുത്താനും അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനും ഡിജിപിയും കലക്ടറും ഉള്‍പ്പെട്ട ഉന്നതതലയോഗം ചേര്‍ന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആലോചിച്ചതിനുശേഷം തീരുമാനിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഡിജിപി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറ്റു പരിപാടികള്‍ റദ്ദാക്കി കൊല്ലത്തേക്ക് തിരിച്ചു.

കൊല്ലത്ത് കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0474­2512344, 9497930863, 9497960778

You must be logged in to post a comment Login