കൊല്ലത്തെ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്; കണ്ണൂരില്‍ അക്രമം നടത്തിയ പതിനാറ് പേര്‍ പിടിയില്‍

പന്തളം:ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വിവിധ സ്ഥലങ്ങളില്‍ വഴിതടയലും കല്ലേറും. കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി.

പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി.

ഇന്നലെ പകലും രാത്രിയുമായി കെ.എസ്.ആര്‍.ടി.സിയുടെ 57 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. ഇതോടെ ഇന്നു സര്‍വീസ് നടത്താനാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. പത്തനംതിട്ട ജില്ലയില്‍ പമ്പനിലയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഐഎം ഓഫീസിന് തീയിട്ടു.

കൊച്ചിയിലും ഇടുക്കിയിലും ബി.ജെ.പി പ്രാദേശികനേതാക്കള്‍ കരുതല്‍ തടങ്കലില്‍. ആര്യനാട്, ആറ്റിങ്ങലിലും നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പറവൂരില്‍ വനിതാപൊലീസ് ഉദ്യോഗസ്ഥയെ മര്‍ദിച്ച കേസില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ പ്രവര്‍ത്തകരാണ് പിടിയിലായതെന്നു സൂചന. വടക്കേക്കര സ്റ്റേഷനിലെ പി.എന്‍.ഷീജയ്ക്കാണ് ഇന്നലെ മര്‍ദനമേറ്റത്.

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കല്ലേറില്‍ മരിച്ച സംഭവത്തില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പന്തളം സ്വദേശികളായ കണ്ണന്‍, അജു എന്നിവരാണ് പിടിയിലായത്.

കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്.

You must be logged in to post a comment Login