കോട്ടയം നഗരഹൃദയത്തില്‍ രോഗവാഹകയായി മാലിന്യപ്പുഴ; കണ്ണടച്ച് നഗരസഭയും അധികാരികളും

കോട്ടയം: നഗരഹൃദയത്തില്‍ രോഗവാഹകയായി മാലിന്യപ്പുഴ ഒഴുകിയിട്ടും കണ്ണടച്ച് നഗരസഭ.കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ വൈ.ഡബ്ള്യു.സി.എ ഹോസ്റ്റലിനു പിന്‍വശത്താണ് റോഡിലൂടെ അടക്കം മാലിന്യം ഒഴുകുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മലബാര്‍ ഗ്രൂപ്പ് അപ്പാര്‍ട്ട്മെന്റിന്റെ തൊട്ടുപിന്നിലാണ് രോഗവാഹകയായ ഈ മാലിന്യപ്പുഴ.

മാലിന്യം നിറഞ്ഞ് ഓട നിറഞ്ഞ് കവിയുകയും ചെയ്തതോടെ കറുത്ത നിറത്തിലുള്ള മലിനജലം റോഡിലൂടെ പരന്നൊഴുകുകയാണ്. നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍നിന്ന് ഉള്‍പ്പെടെയുള്ള മലിനജലമാണ് സ്ളാബില്ലാതെ ഓടയിലൂടെ ഒഴുകുന്നത്. പ്രധാനറോഡില്‍നിന്നു താഴ്ന്ന പ്രദേശമായതിനാല്‍ മാലിന്യം ഒഴുകിപ്പോകുന്നില്ല. ഓടയ്ക്ക് വശങ്ങളിലായി നിരവധി വീടുകളുണ്ട്. ഓടയില്‍നിന്ന് ഒഴുകുന്ന മലിനജലത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനവാസം തന്നെ ബുദ്ധിമുട്ടാണെന്നു നാട്ടുകാര്‍ പറയുന്നു.

ഓടയുടെ വശത്ത് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്. ദുര്‍ഗന്ധം വമിപ്പിക്കുന്ന ഓട തൊഴിലാളികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മലിനജലപ്രവാഹം തുടരുന്നതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിലച്ചമട്ടാണ്. മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ രോഗം ബാധിക്കാന്‍ ഇടയുണ്ടെന്നും തൊഴിലാളികള്‍ ഭയക്കുന്നു.നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കിണറ്റിലെ ജലം കറുത്ത നിറത്തില്‍ അഴുകി പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായനിലയിലാണ്.

മഴ പെയ്തു കഴിഞ്ഞാല്‍ ഓട നിറഞ്ഞുകവിഞ്ഞ് റോഡിലേക്കു മലിനജലം ഒഴുകിത്തുടങ്ങും. ഇതിനാല്‍തന്നെ കാല്‍നടയാത്രക്കാര്‍ക്ക് ഈ വഴിയിലൂടെ യാത്ര ദുസഹമാക്കുന്നു. മുമ്പ് കോണ്‍ക്രീറ്റ് സ്ളാബുകള്‍ ഓടയ്ക്കു മുകളിലൂടെ നിരത്തിയിരുന്നു. കാലപഴക്കത്തില്‍ ഇത് ഓരോന്നായി പൊട്ടിയടര്‍ന്നു. പകരം സ്ളാബുകള്‍ നിരത്തി ഓട മൂടാന്‍ നഗരസഭാ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനെത്തുടര്‍ന്ന് പരാതിയുമായി നാട്ടുകാര്‍ കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുയും ചെയ്യ്തതാണ്.എന്നിരിന്നിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.

അതേസമയം കാലവര്‍ഷം കനത്തത്തോടെ മഴ പെയ്തു വെള്ളം ഒഴുകി തുടങ്ങിയതോടെ ഓട നിറഞ്ഞുകവിയുന്നുണ്ട്. ഇങ്ങനെ കവിയുപ്പോള്‍ ഓടയില്‍ നിന്ന് പുറത്തുവരുന്ന അവശിഷ്ടങ്ങള്‍ റോഡില്‍ തങ്ങികിടക്കുയാണ്.അതിനാല്‍ ഇപ്പോള്‍തന്നെ കാല്‍നടയാത്ര ഈ വഴിയിലൂടെ പ്രയാസകരമാണ്.പ്രായമായവരും വിദ്യാര്‍ത്ഥികളും കുട്ടികളും അടക്കം നിരവധി പേരാണ് ഇതുവഴി ദിവസേന സഞ്ചാരം നടത്തുന്നത്. മഴ കനക്കുന്നതോടെ സ്ഥിതി കൂടുതല്‍ ദുസഹമാകുമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

You must be logged in to post a comment Login