കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് മാണിക്ക് തന്നെയാണ്; മറ്റൊരു സീറ്റും വിട്ടു കൊടുക്കുന്നതിനെപ്പറ്റി ആലോചനയില്ല; ജോസ് കെ മാണിക്ക് മറുപടിയുമായി ബെന്നി ബെഹനാന്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയവും ഇടുക്കിയും വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം തള്ളി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. സീറ്റ് വിഭജനം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് മാണിക്ക് തന്നെയാണ്. മറ്റൊരു സീറ്റും വിട്ടു കൊടുക്കുന്നതിനെപ്പറ്റി ആലോചനയില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

ഘടകക്ഷികള്‍ ന്യായമായ ആവശ്യങ്ങള്‍ പറഞ്ഞാല്‍ അത് പരിഗണിച്ചിട്ടുണ്ട്. സീറ്റുകള്‍ കൈക്കലാക്കാന്‍ യുഡിഎഫില്‍ മത്സരമുണ്ടാവില്ലെന്നാണ് കരുതുന്നത്. മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞത്. കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചുമാറാനിയുണ്ടെന്ന വാര്‍ത്തകളും ജോസ് കെ മാണി തള്ളിയിരുന്നു.

You must be logged in to post a comment Login