കോണ്‍ഗ്രസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിഛായ

Two_Leavesകോട്ടയം: ബാര്‍ കോഴയില്‍ കോണ്‍ഗ്രസിനെ നിരന്തരം കടന്നാക്രമിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ  മുഖപ്രസിദ്ധീകരണത്തിലും രൂക്ഷവിമര്‍ശനം. എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും പ്രതിഛായ സ്വതന്ത്ര പ്രസിദ്ധീകരണമാണെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി അറിയിച്ചു. ഒറ്റുകാരുടെ കൂടിയാട്ടം എന്ന ശീര്‍ഷകത്തില്‍ പ്രതിഛായയില്‍ വന്ന മുഖലേഖനമാണ് വിവാദത്തിനിടയാക്കിയത്. ഇതെക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇത് തന്റേയോ പാര്‍ട്ടിയുടെയോ അഭിപ്രായമല്ലെന്ന് പ്രതികരിച്ചത്. പാര്‍ട്ടിയുടെ നയമല്ല അത് സ്വതന്ത്ര വാരികയാണ് കെ.എം മാണി  പറഞ്ഞു.
കപട സൗഹൃദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹ വേദിയില്‍ ഒത്തുകൂടിയവരെ കണ്ടാല്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് പൊതുജനം സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു. ബാറുടമ ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെയാണ് പാര്‍ട്ടി  വിമര്‍ശിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ യുവജനസംഘടന പലതവണ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. യൂത്ത് ഫ്രണ്ട് എം സോണിയാ ഗാന്ധിക്ക് കത്തയയ്ക്കുകയും ചെയ്തു
ബിജു രമേശിനെ ഉപജാപക സംഘം പിറകില്‍ നിന്ന് സഹായിച്ചുവെന്നും ഇവര്‍ ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് ഒത്തുകൂടിയെന്നും ലേഖനം ആരോപിക്കുന്നു. ബാര്‍ കോഴ ഉയര്‍ത്തി കെ.എം മാണിയെ കുടുക്കി രാജിവെപ്പിച്ചു. കെ ബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്തതാണെന്ന പ്രതീതി ഉണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ടി ചുരുട്ടിക്കിട്ടിയ ഇടിയാണ്.
രാഷ്ട്രീയ മാന്യത, രാഷ്ട്രീയ മര്യാദ, ധാര്‍മികത, സത്യസന്ധത എന്നീ സംശുദ്ധ പദങ്ങള്‍ നമ്മുടെ പൊതുജീവിത നിഘണ്ടുവില്‍ അന്യം വന്നിട്ടില്ലെങ്കിലും അതിന് നേതാക്കള്‍ അത്ര വിലകല്‍പ്പിച്ചിട്ടില്ല. അല്ലായിരുന്നുവെങ്കില്‍  ബിജു രമേശ് എന്ന വിവാദ മദ്യവ്യാപാരിയുടെ മകളുടെ വിവാഹനിശ്ചയത്തില്‍ സംസ്ഥാനത്തെ സമുന്നതരായ നേതാക്കള്‍ പങ്കെടുക്കുമായിരുന്നില്ലല്ലോ.  ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ അട്ടിമറിക്കാനും യുഡിഎഫിനെ തകര്‍ക്കാനും ഉദ്ദേശിച്ച് നടന്ന ബാര്‍ കോഴ വിവാദത്തിന്റെ പ്രഭവ കേന്ദ്രം ഈ മദ്യവ്യാപാരിയായിരുന്നു. അയാള്‍ ഒറ്റയ്ക്കായിരുന്നില്ല. അയാള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ഒരു ഉപജാപകസംഘം അരങ്ങിന് പിന്നിലുണ്ടായിരുന്നു.
അവരുടെ ആദ്യലക്ഷ്യം കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായ ധനമന്ത്രി കെഎം മാണിയായിരുന്നു. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ.എം മാണി ആദ്യപ്രതികരണത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന്  പൊതുജനമധ്യത്തില്‍  ആവര്‍ത്തിച്ചു പറഞ്ഞവര്‍ തന്നെ അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നെ കേസില്‍ കുരുക്കി രാജിവയ്പ്പിച്ചു. ഇന്നിപ്പോള്‍ വിവാഹ വേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടമാണല്ലോ നടക്കുന്നതെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ ആര്‍ക്കവരെ കുറ്റം പറയാനാവും. കപട സൗഹാര്‍ദത്തിന്റെ മുഖം മൂടിയണിഞ്ഞ് ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് സീസറിന്റെ നെഞ്ചില്‍  കഠാരയിറക്കിയ ബ്രൂട്ടസിന്റെ വേഷമല്ലേ കൂടുതല്‍ യോജിക്കുക.
ശത്രു ഒരുക്കുന്ന വിരുന്നില്‍ ചെന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയത് അമളിയാണ്. സത്യം കള്ളച്ചിരി ചിരിച്ചുനില്‍ക്കുന്നത് എങ്ങനെയെന്ന് ആളുകള്‍ക്ക് കണ്ടു ചിരിക്കാന്‍  പറ്റിയ ഒരു ദൃശ്യം അവര്‍ കേരളത്തിന് സമ്മാനിക്കുകയും ചെയ്തു. വാസ്തവത്തില്‍ ബിജുരമേശ് നേടിയത് സമ്പൂര്‍ണ ജയമാണ്.  മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവു പോലും ആകാന്‍ വയ്യാത്ത അവസ്ഥയിലെത്തിച്ചു.  നാലുമന്ത്രിമാരെ  വെള്ളം കുടിപ്പിച്ചു. അതിലൊരാളെ രാജിവപ്പിച്ചു. മറ്റൊരുമന്ത്രിയെ തോല്‍പ്പിച്ചു വീട്ടിലിരുത്തി.  പിന്നെയുളളവരെ പ്രതിപക്ഷത്തും ആക്കി. എന്നിട്ടും അയാളോട് എന്തൊരു സ്‌നേഹം. ഒക്കെ ഞങ്ങള്‍ കൂടി അറിഞ്ഞായിരുന്നു എന്നാണോ. സുധീരന്‍ ചൂണ്ടിക്കാണിച്ച തെറ്റായ സന്ദേശവും ഇതു തന്നെയാണോ എന്നും വാരിക പറയുന്നു.

You must be logged in to post a comment Login