കോണ്‍ഗ്രസില്‍ വീണ്ടും വിഴുപ്പലക്കല്‍; ബാബ്‌റി മസ്ജിദ് വിഷയത്തില്‍ നരസിംഹറാവുവിനെ വിമര്‍ശിച്ച് മണിശങ്കര്‍ അയ്യര്‍

1992 നവംബറിൽ തന്‍റെ നേതൃത്വത്തിൽ നടന്ന സമുദായ സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള ‘റാം റഹിം യാത്ര’യെക്കുറിച്ചും അദ്ദേഹം ഓർമിച്ചു.

Mani_Shankar_Aiyar

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി നരസിംഹറാവുവിന്‍റെ മൃദു ഹിന്ദുത്വ നിലപാടാണ് 1992ൽ ബാബരി മസ്ജിദിന്‍റെ തകർച്ചക്ക് വഴിവെച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. “പാതിസിംഹം-പി.വി. നരസിംഹറാവു ഇന്ത്യയെ മാറ്റിമറിച്ചതെങ്ങനെ”എന്ന വിനയ് സിതാപതി രചിച്ച പുസ്തകത്തിന്‍റെ പ്രകാശചടങ്ങിലാണ് അയ്യർ ഇങ്ങനെ പറഞ്ഞത്. അയോധ്യയിലെ സന്യാസിമാരുമായി ചർച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു റാവു കരുതിയിരുന്നതെന്നും അയ്യർ പറഞ്ഞു.

സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ റാവുവിനെ മണിശങ്കർ അയ്യർ വിമർശിച്ചു, 20ാം നൂറ്റാണ്ടിലെ ഭരണാധികാരി 12ാം നൂറ്റാണ്ടിലെ രാജാവിനെ പോലെ പെരുമാറിയത് ശരിയായിരുന്നില്ല എന്നായിരുന്നു റാവുവിനെതിരായ വിമർശം.

1992 നവംബറിൽ തന്‍റെ നേതൃത്വത്തിൽ നടന്ന സമുദായ സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള ‘റാം റഹിം യാത്ര’യെക്കുറിച്ചും അദ്ദേഹം ഓർമിച്ചു. ഫൈസാബാദിൽ വെച്ച് ഉത്തർപ്രദേശ് പൊലീസ് തന്‍റെ യാത്ര തടസ്സപ്പെടുത്തുകയും ജയിലലടക്കുകയും ചെയ്തു.

റാവു തന്നെ വിളിച്ചുവരുത്തി യാത്രയുടെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. യാത്ര നടത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നില്ല എങ്കിലും ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ് എന്ന തന്‍റെ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചില്ലെന്നും അയ്യർ പറഞ്ഞു. പുസ്തകത്തിൽ ഗ്രന്ഥകർത്താവ് പ്രകടിപ്പിച്ച പല വാദങ്ങളോടും രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് മണി ശങ്കർ അയ്യർ പ്രകടിപ്പിച്ചത്.

എന്നാൽ, അന്നത്തെ സാഹചര്യം വിലയിരുത്തുന്നതിൽ റാവുവിന് സംഭവിച്ച വീഴ്ചയായിരുന്നു ബാബ്റി മസ്ജിദിന്‍റെ തകർച്ചക്ക് കാരണമെന്നായിരുന്നു വിനയ് സേതുപതിയുടെ നിലപാട്. പള്ളിപൊളിച്ചതിന്‍റെ ഉത്തരവാദിത്തം റാവുവിന്‍റെ മാത്രം തലയിൽ വെച്ചുകൊടുക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് സംസാരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്തയും വിനയ് സേതുപതിയുടെ വാദങ്ങളോട് യോജിച്ചു. “പള്ളി പൊളിച്ചത് റാവുവാണെന്ന് സ്ഥാപിക്കുന്നത് കോൺഗ്രസിന്‍റെ തന്ത്രമാണ്. അതിലൂടെ കോൺഗ്രസ് രാജ്യത്തെ മുസ് ലിങ്ങളോട് പറയുന്നത് ഇതാണ്. -നോക്കൂ, റാവുവാണ് പള്ളി പൊളിക്കാൻ കൂട്ടുനിന്നത്, കോൺഗ്രസല്ല- എന്നാൽ ഉത്തർ പ്രദേശിലെ ജനങ്ങൾ വിഡ്ഢികളല്ല, അവർക്കറിയാം പൂട്ടിയിട്ട ഗേറ്റ് തുറന്ന് അക്രമികൾ എങ്ങനെയാണ് അകത്ത് പ്രവേശിച്ചതെന്ന്.” രാജീവ് ഗാന്ധി സർർക്കാറിനെ വിമർശിച്ചുകൊണ്ടാണ് ശേഖർ ഗുപ്ത ഇങ്ങനെ പറഞ്ഞത്.

You must be logged in to post a comment Login