കോപ്പ ഡെല്‍ റേ ഫൈനല്‍ ഇന്ന്; കിരീടപോരാട്ടം ബാഴ്‌സലോണയും-അലാവസും തമ്മില്‍

മാഡ്രിഡ് : കോപ്പാ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സലോണ ഇന്ന് താരതമ്യേന ദുര്‍ബലരായ ഡിപ്പോര്‍ട്ടീവോ അലാവസിനെ നേരിടും. ലാലിഗയില്‍ രണ്ടാം സ്ഥാനത്താകുകയും ചാമ്പ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്താകുകയും ചെയ്ത ബാഴ്‌സയ്ക്ക് സീസണില്‍ മാനം കാക്കാന്‍ ഈ കിരീടം കൂടിയേ തീരൂ. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം തട്ടകമായ വിന്‍സെന്റെ കാള്‍ഡ്രോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഒരു മണി മുതലാണ് മത്സരം.

ഈ സീസണോടെ ബാഴ്‌സയുടെ പരിശീലക സ്ഥാനം ഒഴിയുമെന്നു പ്രഖ്യാപിച്ച ലൂയിസ് എന്റിക്വെയ്ക്ക് കിരീട ജയത്തോടെ യാത്രയയപ്പു നല്‍കുകയെന്ന ലക്ഷ്യവും ബാഴ്‌സയ്ക്കുണ്ട്. ലാ ലിഗയില്‍ 38 മത്സരങ്ങളില്‍ നിന്ന് 28 ജയവുമായാണ് ബാഴ്‌സ റയാലിനു പിന്നില്‍ രണ്ടാമതായത്. 29 മത്സരങ്ങള്‍ ജയിച്ച റയാല്‍ മാഡ്രിഡിന് 93 പോയിന്റുള്ളപ്പോള്‍ ബാഴ്‌സ മൂന്നു പോയിന്റു പിന്നിലാണ് ഫിനിഷ് ചെയ്തത്. ഇതോടെ നാലുവര്‍ഷമായി കൈവശം വച്ചിരുന്ന ലാ ലിഗ കിരീടം മാഡ്രിഡിലേക്കു പോകുകയും ചെയ്തു.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ മികച്ച തിരിച്ചുവരവുമായി പ്രീക്വാര്‍ട്ടര്‍ ജയിച്ച ബാഴ്‌സലോണ പക്ഷേ ക്വാര്‍ട്ടറില്‍ യുവന്റസിനോടു തോറ്റാണ് പുറത്തായത്. എവേ മത്സരത്തില്‍ 3-0ന് തോറ്റ അവര്‍ക്ക് സ്വന്തം കാണികളുടെ മുന്നില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതോടെ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വപ്‌നമായി. ഇതോടെ സീസണില്‍ ഒരു കിരീട ജയമെങ്കിലും വേണമെന്ന നിലയിലാണ് ബാഴ്‌സ ഇന്ന് കോപ്പ ഡെല്‍ റേ തേടിയെത്തുന്നത്.

ആക്രമണനിരയിലെ എം.എസ്.എന്‍ ത്രയം തന്നെയാണ് ബാഴ്‌സയുടെ കരുത്ത്. ലയണല്‍ മെസിയും ലൂയിസ് സുവാരസും നെയ്മറും ഫോമിലേക്കുയര്‍ന്നാല്‍ കോപ്പ ബാഴ്‌സയുടെ ഷോകെയ്‌സിലിരിക്കും.

ഇരുടീമുകളും തമ്മിലുള്ള അവസാന അഞ്ചു നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബാഴ്‌സയ്ക്ക് വന്‍ ലീഡാണുള്ളത്. നാലുതവണ കറ്റാലന്‍ ടീം ജയം കണ്ടപ്പോള്‍ ഒരുതവണ അട്ടിമറി നടത്താന്‍ അലാവ്‌സിനായി. അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് അലാവ്‌സ് വലയില്‍ ബാഴ്‌സ അടിച്ചുകൂട്ടിയത് 16 ഗോളുകളാണ്. വഴങ്ങിയതാകട്ടെ അഞ്ചു ഗോളുകളും.

You must be logged in to post a comment Login