കോലഞ്ചേരി പള്ളി: യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കോലഞ്ചേരി പള്ളി സംബന്ധിച്ച കേസില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. 1934ലെ ഭരണഘടന പ്രകാരമാണ് പള്ളി ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. 1913ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളിയ കോടതി 1995ലെ സുപ്രീം കോടതി വിധി മാത്രമേ നിലനില്‍ക്കൂവെന്നും വ്യക്തമാക്കി. ആവശ്യമെങ്കില്‍ 1934ലെ സഭാ ഭരണഘടന ഭേദഗതി ചെയ്യാം. 2002ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസിൽ വിധിപറഞ്ഞത്.

1913ലെ കരാർ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാൻ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, ഇതേ ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചത്.

കോലഞ്ചേരി,വരിക്കോലി,മണ്ണത്തൂര്‍ പള്ളികളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വിധിയെങ്കിലും മലങ്കര സഭയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും വിധി ബാധകമാണ്. സഭയ്ക്ക് കീഴിലെ 100 ഓളം പള്ളികളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.  ഇരുസഭകള്‍ക്കും കീഴില്‍ 2000 പള്ളികളാണ് ഉള്ളത്.  1913ലെ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇടവകളില്‍ ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പ്രത്യേകം പറയുന്നു.

1934 ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്ന് 1995ല്‍ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ യാക്കോബായ സഭ ഈ വിധി അംഗീകരിക്കാതെ 1913ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയില്‍ ഭരണം നടത്തി. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീം കോടതിയെ സമീപിച്ചു.  ഈ കേസിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 1934ലെ ഭരണഘടയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി തയാറായില്ല.  വിധി യാക്കോബായ സഭയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

സുപ്രീം കോടതി വിധിയോടെ ഒരോ പള്ളികളിലെയും തര്‍ക്കം പരിഹരിച്ച് പള്ളികള്‍ ഏകീകൃത ഭരണത്തിന്‍ കീഴില്‍ വരും.

You must be logged in to post a comment Login