കോലമെഴുത്തിന്റെ കല്ലിശ്ശേരിപ്പെരുമകോലമെഴുത്തിന്റെ കല്ലിശ്ശേരിപ്പെരുമ

രാകേഷ് നാഥ്

കേരളത്തിലെ മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ മാത്രം കാണുന്ന ഒരനുഷ്ഠാനരൂപമായ പടയണിയില്‍ കോലം എഴുതിയിട്ടുള്ള ഗോപിയാശാന്‍ കോലം തുള്ളുകയും ചെയ്തിരുന്നു. നീണ്ട എഴുപതുവര്‍ഷത്തെ സാധനയോടെയുള്ള ജീവിതമാണ് കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മാസം നമ്മെ വിട്ടുപിരിഞ്ഞത്. പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ മിക്ക പടയണിക്കോലങ്ങള്‍ക്കും അണിയറയില്‍ പ്രവര്‍ത്തിച്ച ഈ കലാകാരന്റെ വിയോഗത്തോടെ അത്യപൂര്‍വമായ പടയണിയുടെ കലാസിദ്ധി വൈഭവവും പാരമ്പര്യരീതികളുമെല്ലാം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുകയാണിപ്പോള്‍. കോലമെഴുത്തില്‍ത്തന്നെ ആറ് തലമുറ മുന്‍പ്‌തൊട്ടുതന്നെ ഗോപി ആശാന്റെ കുടുംബചരിത്രത്തില്‍ പടയണി ആരംഭിച്ചിട്ടുണ്ട്. കലാരൂപം എന്നതിലുപരി, ജീവിതാനുഷ്ഠാനത്തിന്റെയും, പൈതൃക സംബന്ധമായ സാംസ്‌കാരിക പഠനത്തിന്റെയും ഭാഗമായ ഒന്നായി പടയണി എന്ന കലാരൂപത്തെ ഗോപി ആശാന്‍ നിലനിര്‍ത്തിയിരുന്നു. എട്ട് വയസ്സു മുതല്‍ പടയണി കോലമെഴുത്ത് അഭ്യസനം ആരംഭിച്ച ഗോപി ആശാന്‍ മരിക്കുന്നതുവരെ, ഏതാണ്ട് എഴുപത്തിയഞ്ച് വയസു തികയുന്ന നാളിലും പടയണികോലമെഴുത്തില്‍ മുഴുകിയിരുന്നു. പിതാവായിരുന്ന കൊച്ചുനാണു ആശാനില്‍ നിന്നും വരസിദ്ധിയായി ലഭിച്ച ഈ അനുഷ്ഠാനകലയെ വളരെ ആഴത്തിലും വ്രതചര്യയോടെയും നിഷ്ഠയോടെയുമാണ് ഗോപി ആശാന്‍ ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്നിരുന്നത്. പടയണി സമയമാകുമ്പോഴേക്കും വര്‍ഷത്തിലെ നാലുമാസങ്ങള്‍ പൂര്‍ണ്ണമായും, കൃത്യനിഷ്ഠയോടെ വ്രതം പുലര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ഗോപിയാശാന്‍ കോലമെഴുത്തില്‍ മുഴുകിയിരുന്നത്. പ്രകൃതിദത്തമായ അസംസ്‌കൃത വസ്തുക്കള്‍ തന്നെയായിരുന്നു പടയണികോലമെഴുത്തിന് ഗോപി ആശാന്‍ ഉപയോഗിച്ചിരുന്നത്. കൃത്രിമമായ യാതൊരു ഉപയോഗരീതികള്‍ക്കും ഗോപിയാശാന്‍ വഴങ്ങിയിരുന്നില്ല എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ജനുവരി മാസത്തോടെ തന്നെ പ്രത്യേക നോയമ്പു കാര്യങ്ങളോടു കൂടി ഗോപി ആശാന്‍ പടയണിക്കായി തയ്യാറായിരുന്നു. പൂജകള്‍ക്കും അനുഷ്ഠാനകര്‍മ്മങ്ങള്‍ക്കും ശേഷം മാത്രമാണ് കോലമെഴുത്തില്‍ ഗോപിയാശാന്‍ പ്രവേശിച്ചിരുന്നത്. ജനുവരി മാസം മുതല്‍ മെയ്മാസം പകുതിവരെ ഈ പടയണി സീസണ്‍ തുടരുകയും ചെയ്യും. തങ്ങളുടെ കുടുംബപാരമ്പര്യമായ വൈദ്യശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മുന്നോടിയായിത്തന്നെ പടയണി എന്ന കലാരൂപത്തിന് കൂടുതല്‍ ഐതിഹ്യം ഉണ്ടാകാനിടയുണ്ട് എന്നും കല്ലിശ്ശേരി ഗോപിയാശാന്‍ വിശ്വസിച്ചിരുന്നു. പ്രത്യേകിച്ചും മനോരോഗചികിത്സയുടെ ഭാഗമായിപ്പോലും പടയണിയുടെ കോലമെഴുത്ത് കലയുടെ വിവിധ വശങ്ങള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. പിന്നീടിത് മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിലെ അനുഷ്ഠാനകലാരൂപമായി മാറിയതോടെ സാംസ്‌കാരിക, കലാ, അനുഷ്ഠാന സങ്കല്പങ്ങളില്‍പോലും ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത ഒന്നായി പടയണി എന്ന അനുഷ്ഠാനകലാരൂപം മാറി. പ്രത്യേകിച്ചും പടയണിയുടെ അണിയറയിലുള്ള കോലമെഴുത്തില്‍ കല്ലിശ്ശേരി ഗോപിയാശാന്റെ പങ്ക് ഇനിയും സാംസ്‌കാരിക കേരളം വിലയിരുത്തേണ്ടതും ഓര്‍മ്മ പുതുക്കേണ്ടതുമാണ്.തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് നടത്തിയ മിക്ക പടയണി എക്‌സിബിഷന്‍ പെര്‍ഫോര്‍മന്‍സുകളിലും പ്രധാന അണിയറക്കാരന്‍ ഗോപി ആശാനായിരുന്നു. വിദേശരാജ്യങ്ങളിലെ പര്യടനം ഗോപിയാശാനെ സംബന്ധിച്ച് പടയണി എന്ന കലയ്ക്ക് ലഭിച്ച അംഗീകാരമായി മാത്രമേ കാണുന്നുള്ളൂവെന്നും ഒരഭിമുഖത്തില്‍ പറയുകയുമുണ്ടായി. ഡല്‍ഹി, ശ്രീലങ്ക, ഇന്തോനേഷ്യ, ആന്‍ഡമാന്‍ എന്നീ രാജ്യങ്ങള്‍ കൂടാതെ ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ക്കൂടി പടയണി സംഘവുമായിപ്പോയി പടയണി അവതരിപ്പിക്കാന്‍ സാധിച്ചു. ഇതില്‍ത്തന്നെ ജപ്പാനിലെ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റി കോലമെഴുത്ത് എന്നതിനെ പ്രത്യേകം ഡോക്യുമെന്റ് ചെയ്തുവെയ്ക്കുകയും പ്രത്യേക അംഗീകാരപത്രം കല്ലിശ്ശേരി ഗോപിയാശാന് സമ്മാനിക്കുകയും ചെയ്തു. ജപ്പാന്‍ യാത്രയ്ക്കുശേഷം കേരളത്തില്‍ പടയണി സീസണ്‍ ആയപ്പോഴേക്കും ജപ്പാന്‍ കലാകാരന്മാര്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുവാനും പടയണി കാണുവാനും താത്പര്യപ്പെട്ട് എത്തുകയും ചെയ്തിരുന്നു. ജാപ്പനീസ്ഭാഷയിലേക്ക് പടയണിയുടേതായ ഒരു പുസ്തകം പോലും അതിനോടനുബന്ധിച്ച് പുറത്തിറക്കുകയുണ്ടായി. ഗോപിയാശാന്റെ പിതാവും ഗുരുവുമായ കൊച്ചുനാണു ആശാനും പ്രത്യേകം സിദ്ധിയുള്ള കലാകാരനായിരുന്നു എന്നു പറയാതെ വയ്യ. ലോക പ്രസിദ്ധനായ കലാകാരനും ക്യുറേറ്ററുമായ വേണുജിയുടെ ജൗുുലൃ്യേ മിറ ഘലലൈൃ ഗിീംി ഉമിരല ഠൃമറശശേീി െീള ഗലൃമഹമ,, എന്ന ബൃഹത്തായ ഗവേഷണ പുസ്തകത്തില്‍  കിലേൃ്ശലം െംശവേ വേല അൃശേേെല െഎന്ന ഭാഗത്തില്‍ പടയണി ആശാനായ കൊച്ചുനാണു ആശാന്റെ സമഗ്രമായ അഭിമുഖം കൊടുത്തിട്ടുണ്ട്. അതില്‍ത്തന്നെ ശിഷ്യനും മകനുമായ ഗോപി ആശാനില്‍ ഉള്ള വൈഭവും പാരമ്പര്യസിദ്ധിയും പ്രത്യേകം സൂചിപ്പിക്കുന്നുമുണ്ട്. കോലമെഴുത്ത് രീതികളിലും സമ്പ്രദായത്തിലും കല്ലിശ്ശേരി ഗോപിയാശാന്‍ തന്റെ പിതാവായ നാണു ആശാന്റെ സമ്പ്രദായത്തില്‍ നിന്ന് യാതൊരു മാറ്റത്തിനും തയ്യാറായിരുന്നില്ല. നിരവധി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പടയണികോലമെഴുത്ത് രചനയെക്കുറിച്ച് കൂടുതല്‍ പഠിക്കാനായും ഗവേഷണ രചനക്കായും ആശ്രയിച്ചിരുന്നത് ഗോപിയാശാനെ ആയിരുന്നു. പടയണി എന്ന കലയ്ക്ക് വേണ്ടിമാത്രം ജീവിതം ഉഴിഞ്ഞുവെച്ച ആ കലാജന്‍മത്തിന് കലാകേരളം വേണ്ടത്ര പ്രാധാന്യം നല്‍കിയോ എന്നത് സന്ദേഹാത്മകമാണ്. ഇത്ര നീണ്ട ശിഷ്യസമ്പത്തും, പാരമ്പര്യവുമുള്ള കലാകാരന് സവാക് (സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഫെഡറേഷന്‍ ഓഫ് കേരള) പുരസ്‌കാരം മാത്രമാണ് ലഭിച്ചത്. തന്നെ വേണ്ടത്ര അംഗീകരിച്ചില്ല എന്ന പരാതിയൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എങ്കിലും അവസാന ആഗ്രഹമായി ആശാനുണ്ടായിരുന്നത് ഒരു പടയണി ആര്‍ട്‌സ് സ്‌കൂള്‍/സ്‌കൂള്‍ ഓഫ് പടയണി/ എന്ന ഒരാശമായിരുന്നു. പുതിയ തലമുറയിലൂടെ അത് നിലനിര്‍ത്താനും കഴിവുള്ളവരെ കണ്ടെത്താനും അതു സാധിക്കുമെന്നു ഗോപി ആശാന്‍ വിശ്വസിച്ചിരുന്നു. പടയണിക്ക് മാത്രമായി ഒരു സ്‌കൂള്‍ എന്ന ആഗ്രഹം സഫലമാവാതെയാണ് ആ അനുഗ്രഹീതകലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞത്. സ്വന്തം ജീവിതം കൊണ്ട് പടയണികോലമെഴുത്തിനായി വരച്ചുജീവിച്ച ആ മഹത് വ്യക്തിയുടെ ഭാവുകത്വം ഒട്ടും ചോര്‍ന്നുപോവാതെ മകനും പടയണി കലാകാരനായ പ്രദീഷ് കല്ലിശ്ശേരിയും ഈ രംഗത്ത് ഉറച്ചു തന്നെ നില്‍ക്കുന്നുണ്ട്.കല്ലിശ്ശേരി ഗോപി ആശാനുമായി മുന്‍പ് നടത്തിയ സംഭാഷണത്തില്‍ നിന്ന് ? ആശാനില്‍ പടയണിയുടെയും കോലമെഴുത്തിന്റെയും ഒരു കല ഉണ്ടായതെങ്ങനെയെന്ന് ഓര്‍ത്തെടുക്കാമോ= പാരമ്പര്യമായിട്ട്, കുലത്തൊഴില്‍ എന്ന രീതിയില്‍ വേണമെങ്കില്‍ പറയാം. ജ്യോതിഷത്തിലും വൈദ്യത്തിലുമെല്ലാം എന്റെ പൂര്‍വികര്‍ വളരെ പ്രാവീണ്യരായിരുന്നു. പ്രത്യേകിച്ചും എന്റെ പിതാവായ കെ.എന്‍. നാണുഗണകനില്‍ നിന്നാണ് ഞാന്‍ കോലമെഴുത്ത് അഭ്യസിച്ചിരുന്നത്. ഗുരു എന്റെ പിതാവ് തന്നെയാണെന്നു പറയാം. അന്നത്തേ കാലമായതുകൊണ്ട് കുടുംബത്തുതന്നെ ഗുരുകുലവിദ്യാഭ്യാസമെല്ലാം നടന്നു. എന്റെ മാത്രമല്ല, എന്റെ സമപ്രായക്കാരായ എല്ലാ ആളുകള്‍ക്കും ഇതേ അവസ്ഥകള്‍ തന്നെയായരുന്നു.പടയണിക്കോലമെഴുത്തിനെക്കുറിച്ച് പറയുകയാണെങ്കില്‍ എല്ലാം തന്നെ തലമുറകളായി ഞങ്ങള്‍ക്ക് പകര്‍ന്നുകിട്ടിയ ഒരു വരദാനമാണ്. ഒരു തൊഴില്‍ എന്ന രീതിയിലല്ല ഞാന്‍ കണ്ടിട്ടുളളത്. എന്റെ അപ്പൂപ്പനായ നാരായണഗണകനാണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ശ്രേഷ്ഠനായ, മികവുതെളിച്ച, കോലമെഴുത്തുകാരന്‍. അദ്ദേഹത്തിന്റെ കീഴില്‍ ഒരു വലിയ ശിഷ്യസമ്പത്തുതന്നെ ഉണ്ടായിട്ടുണ്ട്. എന്റെ അച്ഛാനൊക്കെ പറഞ്ഞു കേട്ടതാണ് ഒരുപാട്. മുത്തച്ഛനെപ്പറ്റി അച്ഛനില്‍ നിന്ന് ഒരു പാട് പറഞ്ഞുകേട്ടിട്ടുണ്ട്.? കോലമെഴുത്ത് എന്നതിലുപരി പടയണിക്കോലം തുളളലിലും പ്രാവീണ്യം ലഭിച്ചതെങ്ങനെയാണ്എല്ലാം പാരമ്പര്യമായിട്ട് ലഭിച്ചതാണെന്ന് ഞാനാദ്യം തന്നെ പറഞ്ഞുവല്ലോ. പടയണി അഭ്യസിക്കുക എന്നത് പടയണിയെക്കുറിച്ചുളള എല്ലാ വിഭാഗങ്ങളും പഠിച്ചെടുക്കുക എന്നതുതന്നെയാണ്. അതുമാത്രമല്ല പഠിക്കുക എന്നതിലുപരി അറിവു ലഭിക്കുക എന്നതാണ് അന്നത്തെ ഗുരുക്കന്‍മാര്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കലാരൂപമായതിനാല്‍ എപ്പോഴും അനുഷ്ഠാനരീതി എന്ന രീതിയില്‍ പടയണിയെ നോക്കിക്കാണുവാന്‍ എന്റെ പിതാവടക്കമുളള ഗുരുക്കന്‍മാര്‍ പഠിപ്പിച്ചു. എല്ലായ്‌പ്പോഴും തുളളലിലാണെങ്കിലും എഴുത്തിനാണെങ്കിലും വര്‍ഷാവര്‍ഷം വലിയ ഗണകന്‍ എന്ന സ്ഥാനത്തു ഒരാളുണ്ടായിരിക്കും. അതിനെ, ആ സ്ഥാനത്തെ അനുഗമിച്ചാണ് മറ്റെല്ലാ ചടങ്ങുകളും കര്‍മ്മങ്ങളും മുന്‍പോട്ട് പോകുന്നത്.? പടയണി കോലമെഴുത്തിനെക്കുറിച്ച് പൊതുവെ നാല്‍പ്പത്തി രണ്ട് ദിവസത്തെ വ്രതം എടുത്തിട്ടാണ് ഞാന്‍ പടയണിക്കോലം എഴുതുന്നത്. പ്രത്യേകിച്ച് അതില്‍ത്തന്നെ ഈ കാലാരിക്കോലം എഴുതുന്നതിന് പതിനാറു പാളവേണം. ഇത് വരയ്ക്കുന്നത് ബ്രഷ് വെച്ചല്ല. കുരുത്തോലയുടെ മടല് ഒരു ചാണ്‍ നീളത്തില്‍ ഓരോന്നിനും പ്രത്യേകം  പ്രത്യേകം മഷിക്കോലുകള്‍ നിര്‍മ്മിച്ചെടുക്കണം. മഷിക്കോലിനും പ്രത്യേകം അളവുണ്ട്. അതിന് രണ്ടറ്റവും ചതച്ചിട്ട് അത് എഴുതത്തക്കവിധത്തില്‍ നിര്‍മ്മിച്ചെടുക്കണം. ഇത് കോലമെഴുത്തിലെ പ്രധാന ആയുധമായിത്തീരുന്നു. ഇവിടെ അടുത്തെല്ലാം ദേവീക്ഷത്രങ്ങള്‍ ഉണ്ട്. ദേവിക്ഷത്രങ്ങളില്‍ പടയണി നടത്താറുണ്ട്. ഈ പടയണി നടത്തുന്നതിന് ഞങ്ങള്‍ ആദ്യം പഞ്ചകോലം ഉണ്ടാക്കും. പഞ്ചകോലത്തിന് ഏറ്റവും പ്രധാനപ്പെട്ടത് ഭൈരവിയാണ്. എന്നു വെച്ചാല്‍ ഭദ്രകാളിതന്നെ. അതിനുവേണ്ടി ഓരോ ദേവിക്കും ഓരോ രൂപം വരയ്ക്കുന്നതിനും പ്രത്യേക നിഷ്‌കര്‍ഷ ഉണ്ട്.നിറങ്ങളും അക്ഷരങ്ങളും കാര്യങ്ങളുമെല്ലാമുണ്ട്. അതില് ഭദ്രകാളിയുടെതാണ് കൂടുതലായി ദേവിക്ഷേത്രങ്ങളില്‍ ഉണ്ടാകുന്നത്. അങ്ങനെ ഭദ്രകാളിരൂപം എഴുതുന്ന കൂട്ടത്തില്‍ ദേവിയുടെ കൂടെ പഞ്ചകോലങ്ങള്‍ അഥവാ പഞ്ചഭൂതങ്ങള്‍, പിന്നെ കാടന്‍, മറുത, ഗണപതി, യക്ഷി, പക്ഷി എന്നിങ്ങനെ അഞ്ച് രൂപങ്ങളാണ്. ഇതില്‍ത്തന്നെ കാലാരിക്കോലം എന്നത് ശിവന്റെ രൂപമാണ്. ശിവന് അഞ്ച് മുഖം ഉണ്ടെന്നും ആ അഞ്ച് മുഖത്തിനും പ്രതിനിധാനം ചെയ്താണ് ആ കോലം ഞങ്ങള്‍ എഴുതുന്നത്. തെറ്റി എന്നു പറയുമ്പോള്‍ അതിന് പൊന്നിന്റെ നിറമാണ് കൊടുക്കുന്നത്. അപ്പോള്‍ അതിനായി  മഞ്ഞള്‍ കൊടുക്കുന്നു. ആദ്യം വരയ്ക്കുന്നത് മഞ്ഞളാണ്. എല്ലാ രൂപങ്ങള്‍ വരയ്ക്കുമ്പോഴും മഞ്ഞള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷ്ണുരൂപത്തിന് വെളള നിറമാണ് ഉപയോഗിക്കുന്നത് വായുവിന് നാം കൊടുക്കുന്ന നിറം ചുമപ്പാണ്. ഈ ആകാശത്തിന് മൂന്നാം നമ്പറാണ്. അതിനുചേര്‍ക്കുന്ന നിറം പുകയുടെ നിറമാണ്. പാളയുടെ വെളളം നിറം തന്നെയാണ് വെളളയ്ക്കായി ഉപയോഗിക്കുന്നത്. കോലം തുളളലിന് മുന്‍പുളള ചടങ്ങാണ് തപ്പുകൊട്ട്. പടയണിയുടെ മുഖ്യവാദ്യം തന്നെയാണ് തപ്പ്. കേരളത്തിന്റെ സംസ്‌കാരികമായ ആരാധനാക്രമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. കാലത്തിന്റെ മാറ്റത്തില്‍ കലാകാരന്‍മാരെ കിട്ടാനില്ല. ഉളളവര്‍ക്ക് സമയവുമില്ല. പാളയില്‍ മാത്രം വരച്ചിരുന്ന കോലങ്ങള്‍ ഇന്ന് പലയിടങ്ങളിലും പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് വെട്ടിയെടുക്കുകയാണ്. നാളെ ഭാവിയില്‍ പാളകളുടെ സ്ഥാനം മറ്റൊന്നാകും. സ്വന്തം സംസ്‌കാരം മാറി മറ്റൊരു സംസ്‌കാരം വരും. പ്രകൃതിയുമായുളള അഭേദ്യമായ ഒരു ബന്ധം പടയണിയുടെ കോലമെഴുത്തു കലാകാരന് ഉണ്ടാകണം. പക്ഷേ, പ്രകൃതിയെ മാറ്റിനിര്‍ത്തപ്പെടുന്ന, അകന്നുമാറുന്ന പുതിയതലമുറയിലെ മനുഷ്യന് എന്ത് പടയണി?? പടയണി കാഴ്ചയിലും വ്യത്യസ്തതയുണ്ടല്ലോപടയണിയെ ഏറെ മനോഹരമാക്കുന്ന ക്രിയ ഓരോ കലാരൂപവും അതിന്റെ കോലനിര്‍മ്മാണം തന്നെയാണ്. പ്രത്യേകിച്ചും ഓരോ കലാരൂപവും അതിന്റെ ദൃശ്യഭംഗികൊണ്ടാണ് തലയെടുപ്പ് ഉണ്ടാക്കിയെടുക്കുന്നത്. കാഴചയില്‍ പടയണി എന്നു പറയുമ്പോള്‍ ആദ്യമേ മനസ്സില്‍ വരുന്നത് കോലം തന്നെയാണ്. കോലങ്ങളുടെ നിര്‍മ്മാണം അതുകൊണ്ടുതന്നെ പ്രധാനപ്പെട്ടതും സങ്കീര്‍ണ്ണവുമാണ്. കൃത്രിമമായ യാതൊരു ഉപാധികളും കോലങ്ങളുടെ നിര്‍മ്മാണത്തില്‍ ഉണ്ടാവരുത് എന്ന ശാഠ്യം എനിക്കുണ്ട്. അത് പാരമ്പര്യമായി ഉണ്ടായിവന്നതുമാണ്.? പിതാവിനെപ്പറ്റി പറയാമോഎന്റെ അച്ഛന്‍ മാത്രമല്ല, എന്റെ മുതുമുത്തച്ഛന്‍മാരായിട്ടുതന്നെ കോലമെഴുതും പടയണിയുമായി നടന്നിട്ടുളളതാണ്. എന്റെ അച്ഛന്‍ എന്നേക്കാള്‍ ചിട്ടയായി കോലമെഴുത്തും. കോലം തുളളലും അനുഷ്ഠാനമായി കൊണ്ടുനടന്നിട്ടുളള വ്യക്തിയാണ്. മന്ത്രവാദവും വൈദ്യവും കൂടി അച്ഛന് അറിവുണ്ടായിരുന്നു. മനോരോഗചികിത്സയുടെ ഭാഗമായി വൈദ്യന്‍മാര്‍ മനോധര്‍മ്മംപോലെ നാട്ടുവൈദ്യചികിത്സകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു അക്കാലത്ത. ഇതിലെല്ലാമുപരി പ്രകൃതിയുമായി ചേര്‍ന്നുനിന്നുകൊണ്ടുളള അവരുടെ ജീവിതരീതിതന്നെ അവരെ കഴിവുളള വൈദ്യന്‍മാരാക്കി, കലാകാരന്‍മാരാക്കി. ജീവിതം പോലും കലയ്ക്ക് ഉഴിഞ്ഞുവെച്ചവരായിരുന്നു എന്റെ പിതാക്കന്‍മാര്‍. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.?കലാകാരനായ വേണുജി അച്ഛനെക്കുറിച്ച് വിശദമായി കോലമെഴുത്തിനെപ്പറ്റി ചോദിച്ചറിഞ്ഞിട്ടുണ്ട്. അത് ഒരു പുസ്തകരൂപത്തില്‍ വരികയും ചെയ്തു. ഒരു ഗുരുകുലസമ്പ്രദായം തന്നെ അങ്ങ് പാരമ്പര്യമായി അനുഭവിച്ചിട്ടുണ്ട്.അതെ. തീര്‍ച്ചയായും കോലമെഴുത്ത് എനിക്ക് ഒരു ജോലിയല്ല. ഉപജീവനമാര്‍ഗ്ഗവുമല്ല. അത് ഒരു അര്‍പ്പണമാണ് പാരമ്പര്യത്തിനും, സംസ്‌കാരത്തിനുമുളള ഒരു അര്‍പ്പണം. ഒരു വിഷമമായി ഇപ്പോള്‍ മനസില്‍ കിടപ്പുളളത് പടയണി പഠിപ്പിക്കാനും പഠിക്കാനുമായി ഗവണ്‍മെന്റ് അംഗീകാരത്തിലുള്ള ഒരു സ്‌കൂള്‍ ഉണ്ടാകണം എന്നതാണ്. വേദം പഠിപ്പിക്കാനായി മഠങ്ങള്‍ ഉളളതുപോലെ. പടയണിക്കായി ഒരു ട്രെയിനിംഗ് സ്‌കൂള്‍ പുതിയ തലമുറയില്‍നിന്നും അതിനുതക്ക കഴിവുള്ള കുട്ടികളെ കണ്ടുപിടിക്കാനും ഞായാഴ്ചകള്‍തോറും പഠിപ്പിച്ച് പരിശീലിപ്പിക്കുവാനും കഴിയുന്ന സ്‌കൂള്‍ ആയിരിക്കണം. പാരമ്പര്യമായി കിട്ടുന്ന ഈ അറിവ് വേരറ്റുപോകരുത് എന്ന പ്രാര്‍ത്ഥനയുണ്ട്

You must be logged in to post a comment Login