കോളേജിലെ കത്തിക്കുത്ത്: ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‍സിറ്റി കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണ്. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ല – മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അത് എല്ലാവര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ടല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വെള്ളിയാഴ്‍ച്ചയാണ് തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്‍എഫ്‍ഐ പ്രവര്‍ത്തകനെ സഹപ്രവര്‍ത്തകര്‍ കുത്തിയത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

മുഖ്യപ്രതി പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. പ്രതികള്‍ റിമാന്‍ഡിലാണ്. ശിവരഞ്ജിത്ത്, നസീം, അദ്വൈത്, അമര്‍, ഇബ്രാഹിം, ആരോമല്‍, ആദില്‍, ര‌ഞ്ജിത്ത് എന്നിവരാണ് പ്രതികള്‍.

എസ്‍‍എഫ്‍ഐ പ്രവര്‍ത്തകനായ അഖില്‍ ആണ് വെള്ളിയാഴ്‍ച്ച കോളേജ് ക്യാമ്പസിനുള്ളില്‍ വച്ച് നടന്ന സംഘര്‍ഷത്തില്‍ കുത്തേറ്റ് ആശുപത്രിയിലായത്. കോളേജ് എസ്‍എഫ്‍ഐ യൂണിറ്റ് പ്രസിഡന്‍റ്‍ ശിവരഞ്‍ജിത്ത് ആണ് തന്നെ കുത്തിയതെന്ന് ആശുപത്രിയിലുള്ള അഖില്‍ ചികിത്സിക്കുന്ന ഡോക്ടറോട് പറഞ്ഞിരുന്നു.

നസീം പിടിച്ചു നിർത്തിയപ്പോൾ ശിവരഞ്‍ജിത്ത് കത്തി കൊണ്ട് കുത്തിയെന്നാണ് മൊഴി. അഖിൽ നൽകിയ മൊഴി അടങ്ങിയ റിപ്പോർട്ട് ഡോക്ടർ പൊലീസിന് കൈമാറി.

പാട്ടുപാടിയതിനെക്കുറിച്ച് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ശിവരഞ്ജിത്ത് അഖിലിനെ കുത്തി. അഖിലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ എസ്‍എഫ്‍ഐ പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. കോളേജ് അധികൃതരും തിരിഞ്ഞുനോക്കിയില്ല. പോലീസ് എത്തിയാണ് കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തിന് ശേഷം വ്യാപകമായി എസ്‍എഫ്‍ഐക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്‍എഫ്‍ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു ഫേസ്‍ബുക്ക് പോസ്റ്റില്‍ മാപ്പ് അപേക്ഷിച്ചു. നിയമസഭ സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‍ണന്‍ രൂക്ഷമായ ഭാഷയില്‍ എസ്‍എഫ്‍ഐയെ വിമര്‍ശിച്ചു.

ഇതിന് മുന്‍പും പ്രതികളായ വിദ്യാര്‍ഥികള്‍ അക്രമം കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ അക്രമിച്ച സംഭവത്തിലാണ് ഇവര്‍ പ്രതികളായത്.

You must be logged in to post a comment Login