കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; പുത്തൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

download

മംഗളൂരു:പുത്തൂരിലെ ഹോംസ്റ്റേയില്‍ ജന്മദിനം ആഘോഷിക്കുകയായിരുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ ‘സദാചാര ഗുണ്ടായിസ’ത്തിന് മുതിര്‍ന്ന അഞ്ചുപേര്‍ അറസ്റ്റിലായി. പുത്തൂര്‍ താലൂക്ക് ഒലമൊഗറുവിലെ അസീസുദ്ദീന്‍ അക്തര്‍, മുഹമ്മദ് മുക്താര്‍, കുംബ്രയിലെ സലാം എന്ന സലാമുദ്ദീന്‍, കഡ്ത്തിമാറി മുഹമ്മദ് റഫീഖ്, മുഹമ്മദ് ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.

ഒലമൊഗറു ഗ്രാമത്തിലെ ഗ്രീന്‍വാലി ഹോളിഡേ ഹോമില്‍ ജന്മദിനം ആഘോഷിക്കാനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നേരെയാണ് ഇവര്‍ അതിക്രമം നടത്തിയത്.

ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ കുട്ടികളെ മര്‍ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പുത്തൂര്‍ റൂറല്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ഖാദറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയ മുഹമ്മദ് മുക്താര്‍, സലാമുദ്ദീന്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് ആസിഫ് എന്നിവരെ അറസ്റ്റുചെയ്തു. പിന്നീട് മുഹമ്മദ് മുക്താറിന്റെ സഹോദരന്‍ അസീസുദ്ദീന്‍ അക്തറിന്റെ നേതൃത്വത്തില്‍ ഒരുസംഘം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ.യെ ഭീഷണിപ്പെടുത്തി.

ഇവരെ പോലീസ് സ്റ്റേഷനില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ച കോണ്‍സ്റ്റബിള്‍മാരായ ദിനേശിനെയും ഗജേന്ദ്രയെയും കൈയേറ്റംചെയ്തു. പരിക്കേറ്റ കോണ്‍സ്റ്റബിള്‍മാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസീസുദ്ദീന്‍ അക്തറിനെ പൊലീസ് അറസ്റ്റുചെയ്തു. പുത്തൂര്‍ എ.എസ്.പി. ഋഷ്യന്ത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രതികളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

You must be logged in to post a comment Login