കോഴിക്കോട് ജയിലിനുള്ളിലും പുറത്തും ഇന്നും റെയ്ഡ്‌

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ ഇന്നും റെയ്ഡ് നടക്കും. കഴിഞ്ഞ രണ്ടു ദിവസമായി ജയിലിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് ജയിലിന് പുറത്ത് തെരച്ചില്‍ നടത്തുന്നത്. ഫോണ്‍ പുറത്തേക്ക് എറിഞ്ഞിരിക്കാമെന്ന സംശയത്തിലാണ് പരിശോധന.

എന്നാല്‍ ഇന്നലെ ലോക്കല്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഒഴികെ ചാര്‍ജറുകളും ബാറ്ററികളും ഇയര്‍ഫോണും മറ്റും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.പോലീസ് അത്യാധുനിക സാങ്കേതികവിദ്യാ ഉപകരണങ്ങളുമായിട്ടാണ് പരിശോധന നടത്തുന്നത്.

കസബ സിഐയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.സംഭവം പുറത്തുവന്ന തിങ്കളാഴ്ച തന്നെ ജയില്‍ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും രണ്ട് മൊബൈല്‍ ചാര്‍ജറുകള്‍ ഒഴികെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

You must be logged in to post a comment Login