കോവളം ബീച്ചിലെത്തിയാല്‍ ഡ്രഗ്‌സ് വേണോ എന്ന് ചോദിക്കും, വെയ്ട്രസ് ആയും പഠിപ്പിച്ചും പണമുണ്ടാക്കി; തുറന്നുപറഞ്ഞ് ബോളിവുഡ് നടിയുടെ കുറുപ്പ്

ബോളിവുഡ് നടിയും മോഡലുമായ കല്‍കി കൊച്‌ലിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഭിനയം പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും നടിയാകാന്‍ നടത്തിയ പ്രയത്‌നങ്ങളും തുറന്നെഴുതിയിരിക്കുകയാണ് താരം. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് കല്‍ക്കി തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത്.

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയ കല്‍ക്കിയുടെ അച്ഛന്‍ ഇവിടെ വച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. തന്റെ ബാല്യം വളരെ മികവുറ്റതായിരുന്നെന്ന് പറയുന്ന കല്‍ക്കി ആ നാളുകളില്‍ ഒരു വെള്ളക്കാരിയാണെന്ന വേര്‍തിരിവ് താന്‍ അനുഭവിച്ചിട്ടില്ലെന്നും പറയുന്നു. ‘പക്ഷെ വളര്‍ന്നപ്പോള്‍ ഈ വ്യത്യാസം ഞാന്‍ കണ്ടുതുടങ്ങി. ടീനേജ് പ്രായത്തില്‍ സുഹൃത്തുക്കളുമായി കോവളം ബീച്ചിലൊക്കം പോകുമ്പോള്‍ എന്നോടുമാത്രം ഡ്രഗ്‌സ് വേണമോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്’, കല്‍ക്കി പറയുന്നു.

ഒരു നടിയാകാനാണ് ആഗ്രഹമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിദേശത്ത് അഭിനയം പഠിക്കാനായി പോകുകയായിരുന്നു കല്‍കി. ഒഴിവുദിവസങ്ങളില്‍ വെയ്ട്രസ് ആയും സ്‌കൂളുകളില്‍ പഠിപ്പിച്ചുമാണ് താന്‍ പണമുണ്ടാക്കിയിരുന്നെന്നാണ് കല്‍കിയുടെ വാക്കുകള്‍.

തിരിച്ച് ഇന്ത്യയിലെത്തിയ കല്‍കി സിനിമയില്‍ അഭിനയിക്കാനായി ഓഡിഷനുകളില്‍ പങ്കെടുത്തുതുടങ്ങി. തന്നെസംബന്ധിച്ച് അത് വളരെ പ്രയാസമേറിയതായിരുന്നെന്നും ഒരുപാട് സ്ഥലത്ത് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും താരം തുറന്നുപറയുന്നു. ‘ദേവ് ഡിയിലാണ് ആദ്യമായി അവസരം ലഭിച്ചത്. അത്പക്ഷെ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. രണ്ട് വര്‍ഷത്തോളം ഒരവസരം പോലും ലഭിച്ചതുമില്ല. ആ സമയത്തൊക്കെ സ്വന്തമായി കഥകളെഴുതി അഭിനയം തുടര്‍ന്നുകൊണ്ടിരുന്നു’.

മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപുമായുള്ള വേര്‍പിരിയലും തന്നെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കല്‍ക്കി കുറിപ്പില്‍ പറയുന്നു. ഇതിന് പിന്നാലെ വളരെയധികം ഇല്ലാക്കഥകള്‍ കേള്‍ക്കേണ്ടി വന്നെന്നും പുറത്തിറങ്ങിയാല്‍ പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് നേരിട്ടിരുന്നതെന്നും കല്‍കി പറയുന്നു.

You must be logged in to post a comment Login