കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ നീക്കം; സമ്മതമറിയിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ നീക്കം. തോമസ് ചാണ്ടി ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചു. ശശീന്ദ്രനെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ കോവൂര്‍ കുഞ്ഞുമോന്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് നീക്കം. ഇത് സംബന്ധിച്ച് ധാരണയിലെത്തിയാല്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ലഭിക്കും. കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ് ചാണ്ടി ശരദ് പവാറിനെ അറിയിച്ചു. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് എന്‍സിപിക്ക് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുഞ്ഞുമോനാണ് കെ.ബി.ഗണേഷ്‌കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണിത് ഇങ്ങനെ ഒരു നീക്കം ആരംഭിച്ചത്. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി എന്‍സിപി നേതാക്കളായ എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍ എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കഴിഞ്ഞ ദിവസംമുംബൈയില്‍ കണ്ടു ചര്‍ച്ച നടത്തി. ഇതിനിടെ കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി – ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തി. എന്‍സിപി നേതൃത്വവുമായി കുഞ്ഞുമോന്‍ പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്(ബി)യില്‍ നിന്നു കെ.ബി.ഗണേഷ്‌കുമാറിനെ കൊണ്ടുവന്നു മന്ത്രിയാക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഗണേഷ്‌കുമാര്‍ പിന്നീടു പാര്‍ട്ടി നേതൃത്വത്തിന് അപ്രാപ്യനായി മാറിയേക്കുമെന്നു കണ്ടാണ് കുഞ്ഞുമോനെ നോട്ടമിട്ടത്. സിപിഐഎമ്മില്‍ ചേര്‍ന്നു മന്ത്രിസ്ഥാനത്തെത്താന്‍ കുഞ്ഞുമോന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഐഎം നേതൃത്വം മനസ്സ് തുറന്നിരുന്നില്ല. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ തഴഞ്ഞു. ഇതിനു പിന്നാലെയാണ് എന്‍സിപിയുടെ ക്ഷണം എത്തുന്നത്.

അതേസമയം കേരള കോണ്‍ഗ്രസ് ബിയെ എന്‍സിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി തോമസ്ചാണ്ടി- എ.കെ.ശശീന്ദ്രന്‍ വിഭാഗങ്ങള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ കണ്ടു . വിദേശത്തായതിനാല്‍ ചാണ്ടി കൂടിക്കാഴ്ചയ്ക്കുണ്ടായില്ല. പാര്‍ട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്ന് പവാര്‍ ഉറപ്പുനല്‍കിയെന്നാണ് സൂചന.

പിള്ള വിഭാഗത്തെ എന്‍സിപിയില്‍ ലയിപ്പിച്ചു കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ ശ്രമിച്ചിരുന്നു. ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ എതിര്‍ത്തതോടെ നീക്കം നിര്‍ത്തിവെച്ചിരുന്നതാണ്. എന്നാല്‍ ആ നീക്കം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് കണ്ടതോടെയാണ് എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍, സലീം പി.മാത്യു എന്നിവര്‍ പവാറിനെ സമീപിച്ചത്.

കേസുകളില്‍ കുടുങ്ങിയ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ കഴിയാത്തതിനാല്‍ പുറത്തുള്ള ഒരാളെ എന്‍സിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ഗണേഷിന്റെ കാര്യം അങ്ങനെ പരിഗണിക്കാമെന്ന സൂചന പവാര്‍ നല്‍കിയെങ്കിലും കേരള നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു. ആര്‍.ബാലകൃഷ്ണപിള്ള നേരത്തേ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ അവര്‍ പവാറിനു കൈമാറി. പിള്ളയെ പാര്‍ട്ടിയിലെടുത്താല്‍ എല്‍ഡിഎഫിലെ ഘടകകക്ഷിസ്ഥാനം വരെ ഭീഷണിയിലാകുമെന്നു ബോധ്യപ്പെടുത്താനായിരുന്നു നേതാക്കളുടെ ശ്രമം. ഗണേഷിനു പകരം കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാമെന്ന അഭിപ്രായം ചാണ്ടിക്കുണ്ടെങ്കിലും ശശീന്ദ്രനെക്കൂടി ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.

മാണി സി.കാപ്പനെതിരെ കേന്ദ്രനേതൃത്വത്തിന് പീതാംബരന്‍ നല്‍കിയ പരാതിയിന്മേല്‍ തന്റെ ഭാഗം കാപ്പന്‍ വിശദീകരിച്ചു. സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രദീപ് പാറപ്പുറം, കുന്നത്തുനാട് ബ്ലോക്ക് സെക്രട്ടറി സി.വി.വര്‍ഗീസ് എന്നിവര്‍ക്കെതിരെ പീതാംബരനെടുത്ത സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, നടപടികള്‍ പാടില്ലെന്ന കാര്യം പരിഗണിക്കാമെന്നും പവാര്‍ അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള പരാതികളും പവാറിനെ ധരിപ്പിച്ചു.

You must be logged in to post a comment Login