കോഹ്‌ലിക്കും ചാനുവിനും ഖേല്‍ രത്‌ന; രാജ്യത്തിന്റെ ആദരം ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി കോഹ്‌ലി; ഹിമയ്ക്കും ചോപ്രയ്ക്കും അര്‍ജുന

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയേയും വെയ്റ്റ് ലിഫ്റ്റര്‍ മീരാഭായ് ചാനുവിനേയും ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു. ഷട്ടില്‍ താരമായ കിഡംബി ശ്രീകാന്തിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് കായിക മന്ത്രാലയം അംഗീകരിക്കേണ്ടതുണ്ട്. ഇതോടെ സച്ചിനും ധോണിയ്ക്കും ശേഷം ഖേല്‍ രത്‌ന ലഭിക്കുന്ന ക്രിക്കറ്റ് താരമായി മാറുകയാണ് കോഹ്‌ലി. രാജ്യം കായികതാരങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതി സച്ചിന് ലഭിച്ചത് 1997ലായിരുന്നു. 2007ലാണ് ധോണിയ്ക്ക് ഖേല്‍ രത്‌ന ലഭിക്കുന്നത്.

കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് ചാനു രാജ്യത്തിന്റെ അഭിമാനമായി മാറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയിരുന്നു. എന്നാല്‍, പരിക്ക് മൂലം താരത്തിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായിരുന്നു. കൂടാതെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ് നല്‍കിയും രാജ്യം ആദരിക്കും. കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ജിന്‍സണിന് അര്‍ജുന അവാര്‍ഡ് നേടി കൊടുത്തത്.

1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ വെളളിയും ജിന്‍സണ്‍ സ്വന്തമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്‍സണ്‍. റിയോ ഒളിമ്പിക്‌സിലും ജിന്‍സന്റെ കുതിപ്പിന് രാജ്യം സാക്ഷിയായിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയിട്ടുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് സ്വര്‍ണ നേട്ടം.

20 പേരെ അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ ജിന്‍സണ്‍ ജോണ്‍സണ്‍, നീരജ് ചോപ്ര, ഹിമ ദാസ് എന്നിവര്‍ക്ക് അര്‍ജുന ലഭിക്കും. ശുഭാങ്കര്‍ ശര്‍മ്മ (ഗോള്‍ഫ്), സിക്കി റെഡ്ഡി (ബാഡ്മിന്റണ്‍), രോഹന്‍ ബൊപ്പണ്ണ (ടെന്നീസ്), സ്മൃതി മന്ദാന (ക്രിക്കറ്റ്) മണിക ബത്ര, ജി. സത്യന്‍ (ടേബിള്‍ ടെന്നീസ്), സതീഷ് ശിവലിംഗം (ഭാരോദ്വഹനം) മന്‍പ്രീത് സിങ്ങ്, സവിത (ഹോക്കി) ശ്രേയാസി സിങ്ങ്, രാഹി സര്‍ണോബത്ത്, അങ്കൂര്‍ മിത്തല്‍ (ഷൂട്ടിങ്), സുമിത് (ഗുസ്തി), മനോജ് ശര്‍മ്മ (പാരാ ബാഡ്മിന്റണ്‍), കേണല്‍ രവി റാത്തോഡ് (പോളോ), സതീശ് കുമാര്‍ (ബോക്‌സിങ്), സുമിത് (ഗുസ്തി), അംഗുര്‍ ധാമ (പാരാ അത്‌ലറ്റിക്‌സ്) എന്നിവരേയും അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, മുന്‍ ബോക്‌സിങ് പരിശീലകന്‍ ജി. എസ് സന്ധു, ഹോക്കി പരിശീലകന്‍ എ.കെ ബന്‍സാല്‍, അമ്പെയ്ത്ത് പരിശീലകന്‍ സഞ്ജീവ് സിങ്ങ്, സായിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഒങ്കാര്‍ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ധാംജിയ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍.

You must be logged in to post a comment Login