ക്യാച്ചെടുക്കുന്നതിനിടെ മൂന്ന് ഫീല്‍ഡര്‍മാര്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണമരണം

ചന്ദേരിയചിറ്റോര്‍ഗര്‍ പ്രാദേശിക ടീമുകള്‍ തമ്മിലുള്ള ട്വന്റി 20 മത്സരത്തില്‍ ചന്ദേരിയ ടീമംഗമായ ഭാനു മിഡ് ഓണിലായിരുന്നു ഫീല്‍ഡിങ്ങിന് നിന്നിരുന്നത്.

cricket
ജയ്പൂര്‍: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ ക്രിക്കറ്റര്‍ മരിച്ചു. 26കാരനായ ഭാനു ജോഷി എന്ന യുവാവാണ് മരിച്ചത്. രാജസ്ഥാനിലെ ഹൊക്കംപുര ഗ്രാമത്തിലാണ് ദാരുണ സംഭവം.

ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഭാനു കളിക്കളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സഹതാരങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചന്ദേരിയചിറ്റോര്‍ഗര്‍ പ്രാദേശിക ടീമുകള്‍ തമ്മിലുള്ള ട്വന്റി 20 മത്സരത്തില്‍ ചന്ദേരിയ ടീമംഗമായ ഭാനു മിഡ് ഓണിലായിരുന്നു ഫീല്‍ഡിങ്ങിന് നിന്നിരുന്നത്. എതിര്‍ ടീം ബാറ്റ്‌സ്മാന്റെ ഷോട്ട് ഉയര്‍ന്നപ്പോള്‍ ഭാനുവും മറ്റ് രണ്ട് സഹതാരങ്ങളും ക്യാച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മൂന്ന് പേരും പരസ്പരം കൂട്ടിയിടിച്ച് വീണു. കൂട്ടിയില്‍ ഗ്രൗണ്ടില്‍ വീണ ഭാനുവിന്റെ തലയില്‍ രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രൗണ്ടിലുണ്ടായിരുന്ന കല്ലിലോ കോണ്‍ക്രീറ്റിലോ ഭാനുവിന്റെ തല തട്ടിയിട്ടുണ്ടാകുമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ചന്ദേരിയ ഗ്രാമവാസി അശോക് സിംഗ് പറയുന്നു.
തലയിലെ ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. രണ്ട് മാസം മുമ്പ് വിവാഹിതനായ ഭാനു പ്രദേശത്തെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

You must be logged in to post a comment Login