ക്യാപ്റ്റനല്ലെങ്കിലും നായകന്‍ ധോണി തന്നെ; കടുവകളെ വീഴ്ത്തിയ ഫീല്‍ഡിങ് തന്ത്രങ്ങള്‍ ഇങ്ങനെ

കളത്തിലിറങ്ങിയാല്‍ തന്ത്രങ്ങളുടെ ആശനാണ് ഇന്ത്യന് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. നിലവില്‍ ടീമിന്റെ നായകനല്ലെങ്കിലും വര്‍ഷങ്ങളോളമുള്ള താരത്തിന്റെ അനുഭവസമ്പത്ത് ടീമിന് പലപ്പോഴും നിര്‍ണായകമാകാറുണ്ട്. വിക്കറ്റിന് പിന്നില്‍ നിന്ന് സഹതാരങ്ങള്‍ക്കും ക്യാപ്റ്റനും പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കുന്ന ധോണി ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലും ഒരു നിര്‍ണായക ഫീല്‍ഡിംഗ് മാറ്റം നിര്‍ദേശിച്ച് വീണ്ടും ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ധോണി.

ആദ്യം ബാറ്റിങ് തെരെഞ്ഞെടുത്ത ബംഗ്ലാദേശിന്റെ പത്താം ഓവറിലായിരുന്നു ഇന്ത്യയ്ക്ക് നിര്‍ണായകമായ സംഭവം. ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് പന്ത് കൈമാറിയത്. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മികച്ച തുടക്കം നല്‍കിയിരുന്നു. ഇടവേളയ്ക്ക് ശേഷം ഏകദിന ടീമില്‍ എത്തിയ ജഡേജയുടെ രണ്ടാം പന്ത് നോബോള്‍. ഒരു ബോളര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടാന്‍ ഇതുതന്നെ ധാരാളം. ഇവിടെയാണ് നായകന്‍ അവതരിച്ചത്.

ഷക്കീബ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കൂടുതല്‍ഷോട്ടുകള്‍ കളിക്കുമെന്ന് മനസിലാക്കിയ ധോണി പെട്ടെന്നുതന്നെ ഇടപെട്ടു. നാലാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താന്‍ നിര്‍ദേശിച്ചു. രോഹിത് ശര്‍മ അത് അനുസരിച്ചു. ഇതെല്ലാം ഷാക്കിബ് അല്‍ ഹസന്‍ കാണുന്നുണ്ടായിരുന്നു. എന്നിട്ടും ജഡേജയുടെ മൂന്നാം പന്ത് ഷാക്കിബ് സ്വീപ് ചെയ്ത ധവാന്റെ കൈകളിലൊതുങ്ങി. ഇതായിരുന്നു ബംഗ്ലാദേശിന്റെ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായത്.

ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുന്ന കാര്യമായിരുന്നു പിന്നീട് നടന്നത്. സ്‌ക്വയര്‍ ലെഗില്‍ പുതിയ ഫീല്‍ഡര്‍ എത്തിയത് ഓര്‍ക്കാതെ തന്റെ പഴയ ഷോട്ട് ആവര്‍ത്തിക്കാന്‍ ശ്രമിച്ച ഷകീബിന്റെ സ്വീപ് ഷോട്ട് ശിഖാര്‍ ധവാന്റെ കൈകളില്‍ ഒതുങ്ങി. മത്സരത്തില്‍ 12 പന്തില്‍ 17 റണ്‍സെടുത്ത് മികച്ച ഫോമില്‍ കളിച്ചു വരുകയായിരുന്ന ഷക്കീബിന്റെ വിക്കറ്റ് നഷ്ടമായത് ബംഗ്ലാദേശിന് കനത്തതിരിച്ചടിയാവുകയും പിന്നാലെ മത്സരം ഇന്ത്യന്‍ ബോളര്‍മാര്‍ തട്ടിയെടുക്കുകയുമായിരുന്നു.

ആത്മവിശ്വാസം വീണ്ടെടുത്ത രവീന്ദ്ര ജഡേജ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ പിഴുതു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പ്രകടനം നടത്തിയാണ് ജഡേജ പന്ത് നിലത്തുവെച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു

You must be logged in to post a comment Login