ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നയിക്കുന്നത് ധോണി: യുവ്‌രാജ് സിങ്

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നിരയില്‍ മുതിര്‍ന്ന താരം മഹേന്ദ്ര സിങ് ധോണി തീര്‍ച്ചയായും വേണമെന്ന് അഭിപ്രായപ്പെട്ട് യുവ്‌രാജ് സിങ്. ക്യാപ്റ്റനായ വിരാട് കോഹ്ലിയെ നയിക്കുന്നത് ധോണിയാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ധോണിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും യുവി പറഞ്ഞു.

‘മഹിക്ക് മഹത്തായ ക്രിക്കറ്റ് തലച്ചോര്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അദ്ദേഹം ഈ കാലയളവില്‍ അസാധാരണമായ പ്രകടനം ആണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹം മഹാനായ ക്യാപ്റ്റനാണ്. വിരാട് കോഹ്ലിയുടെ വഴികാട്ടിയാണ് മഹി,’ യുവി പറഞ്ഞു.

‘തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ടീമില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വളരെയേറെ പ്രധാനമാണ്. ഓസ്‌ട്രേലിയയില്‍ അദ്ദേഹം നന്നായി കളിച്ചു. പഴയ മഹിയുടെ കളി കാണാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയേറെ സന്തോഷവാനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് നമ്പറില്‍ ബാറ്റ് ചെയ്യണം എന്ന ചോദ്യത്തിന്റെ ഉത്തരം മഹിയോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ യുവി, ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് മുന്‍ ക്യാപ്റ്റനെന്ന് പറയാതെ പറയുകയായിരുന്നു.

കീവിസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. ഏഴ് വിക്കറ്റിനാണ് ഇന്നത്തെ ഇന്ത്യയുടെ വിജയം. മഹേന്ദ്ര സിങ് ധോണി പുറത്താകാതെ നിന്നു. കീവീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം മറികടക്കുന്നതില്‍ ഇന്ത്യയ്ക്ക് മുന്‍നിര ബാറ്റ്‌സ്മാന്മാരുടെയെല്ലാം പ്രകടനം മുതല്‍ക്കൂട്ടായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 50 റണ്‍സ് നേടി. ധവാന്‍ 30 റണ്‍സും വിജയ് ശങ്കര്‍ 14 റണ്‍സെടുത്തും പുറത്തായി. ഋഷഭ് പന്ത് 40 റണ്‍സുമായും ധോണി 20 റണ്‍സുമായും പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത കീവീസ് 20 ഓവറില്‍ 158 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യ 18.5 ഓവറില്‍ 162 റണ്‍സ് നേടി വിജയം കണ്ടു.

You must be logged in to post a comment Login