ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ ക്യാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ വകുപ്പ്. ക്യാൻസർ ചികിത്സ നൽകുന്ന എല്ലാ സ്ഥാപനങ്ങളേയും ബന്ധിപ്പിച്ചുള്ള ക്യാൻസർ ഗ്രിഡിലൂന്നിയായിരിക്കും ക്യാൻസർ കെയർ ബോർഡ് പ്രവർത്തിക്കുക. ഇതനുസരിച്ച് സംസ്ഥാനത്ത് ക്യാൻസർ സംബന്ധിച്ച് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും നയങ്ങളും അന്തിമമായി തീരുമാനിക്കുക ക്യാൻസർ കെയർ ബോർഡായിരിക്കും.

സംസ്ഥാനത്ത് പ്രതിവർഷം 50,000 ത്തിലേറെ പേർ ക്യാൻസർ രോഗത്തിന് വിധേയരാകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന കണക്കിന്റെ പശ്ചാത്തലത്തിലാണ് ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനം. ക്യാൻസർ പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലേക്കായാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളെ ഏകോപിപ്പിക്കുന്നതിനുള്ള കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് കാൻസർ കെയർ ബോർഡ് സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാൻസറിനെ സംബന്ധിച്ചുള്ള പുതിയ പദ്ധതികളും പ്രതിരോധവും എല്ലാം ഈ ബോർഡായിരിക്കും അന്തിമാനുമതി നൽകുക. നയരൂപീകരണം, സ്റ്റാന്റേഡ് ചികിത്സ ഗൈഡ്‌ലൈൻ ഉണ്ടാക്കുക, പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, മരുന്ന് സംഭരണം, പുതിയ ഉപകരണങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക എന്നിവയൊക്കെയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ. ബോർഡിന് സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയുമുണ്ടാകും. പദ്ധതി നടപ്പിലാകുന്നതോടെ ക്യാൻസർ ചികിത്സാ രംഗത്ത് വലിയ മാറ്റം സാധ്യമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ.

You must be logged in to post a comment Login