ക്രിക്കറ്റ് ദൈവത്തിനിന്ന് നാല്‍പ്പത്തിയാറാം പിറന്നാള്‍

 

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഇന്ന് നാല്‍പത്തിയാറാം പിറന്നാള്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍ കളി മതിയാക്കി അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത വ്യക്തിത്വമാണ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍.

1973 ഏപ്രില്‍ 24 ന് മുംബൈയില്‍ ജനിച്ച സച്ചിന്‍ പത്താം വയസില്‍ തന്നെ സ്‌കൂള്‍ ക്രിക്കറ്റില്‍ സജീവമായി. തുടര്‍ന്ന് 1989 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി. പിന്നീടങ്ങോട്ട് ക്രിക്കറ്റ് ചരിത്രം സച്ചിനു മുന്‍പും സച്ചിനു ശേഷവുമെന്ന് തിരുത്തപ്പെടുകയായിരുന്നു.
ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ഹീറോ കപ്പ്, ടെസ്റ്റ്- ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തുടങ്ങി സച്ചിനും ടീമും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ച സമ്മാനങ്ങള്‍ അനവധിയാണ്. 2013 ലാണ് ക്രിക്കറ്റ് കളത്തില്‍ നിന്നും സച്ചിന്‍ വിരമിക്കുന്നത്.

മൂന്ന് ഫോര്‍മാറ്റുകളിലുമായി 34,357 റണ്‍സാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നിരിക്കുന്നത്. 200 ടെസ്റ്റുകളില്‍ നിന്ന് 15,921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18,426 റണ്‍സും സ്വന്തമാക്കിയ ഇതിഹാസം ഒരു ടി20 മാത്രമാണ് കളിച്ചത് അതില്‍ നിന്ന് 10 റണ്‍സും അക്കൗണ്ടില്‍ ചേര്‍ത്തു.

 

 

You must be logged in to post a comment Login