ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ന്യൂസിലന്‍ഡ് താരങ്ങള്‍; ഒരോവറില്‍ പിറന്നത് 43 റണ്‍സ്

വെല്ലിംഗ്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളെന്ന റെക്കോര്‍ഡ് ഇനി ന്യൂസിലന്‍ഡ് താരങ്ങളായ ജോ കാര്‍ട്ടറിനും, ബ്രെട്ട് ഹാമ്പ്ടണും സ്വന്തം. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡില്‍ നടന്ന ഫോര്‍ഡ് ട്രോഫി മത്സരത്തില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ടിനെതിരെ കളിക്കുമ്പോളായിരുന്നു നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് താരങ്ങളായ കാര്‍ട്ടറും, ഹാമ്പ്ടണും ചേര്‍ന്ന് ക്രിക്കറ്റിലെ പുതുചരിത്രമെഴുതിയത്.

സെന്‍ട്രല്‍ ഡിസ്ട്രിക്ടിന്റെ ഫാസ്റ്റ് ബോളറായ വില്ല്യം ലുഡിക്കിന്റെ പത്താം ഓവറില്‍ 43 റണ്‍സ് നേടിയാണ് ന്യൂസിലന്‍ഡ് ജോഡി പുതിയ റെക്കോര്‍ഡ് കുറിച്ചത്. സിംബാബ്‌വെ താരമായിരുന്ന എല്‍ട്ടണ്‍ ചിഗുംബുറയുടെ പേരിലായിരുന്നു ഇത്രയും നാള്‍ ഇക്കാര്യത്തിലെ റെക്കോര്‍ഡ്. ധാക്ക പ്രീമിയര്‍ ലീഗില്‍ ഷെയിഖ് ജമാല്‍ധാന്‍ മൊണ്ടി ടീമിന് വേണ്ടി, അബഹാനി ലിമിറ്റഡിനെതിരെ കളിക്കുമ്പോള്‍ ഒരോവറില്‍ 39 റണ്‍സ് താരം നേടിയിരുന്നു.

ലോകറെക്കോര്‍ഡായ 43 റണ്‍സ് പിറന്ന ഓവര്‍ എറിയാനെത്തുന്നതിന് മുന്‍പ് 9 ഓവറില്‍ 42 റണ്‍സ് മാത്രമായിരുന്നു വില്ല്യം ലൂഡിക്ക് വിട്ട് നല്‍കിയിരുന്നത്. എന്നാല്‍ താരത്തിന്റെ 10 ഓവര്‍ കഴിഞ്ഞപ്പോള്‍ വഴങ്ങിയ റണ്‍ ഒറ്റയടിക്ക് ഇരട്ടിയായി. രണ്ട് നോബോളുകളാണ് ഈ ഓവറില്‍ ലൂഡിക്ക് എറിഞ്ഞത്. നോബോളുകള്‍ ഉള്‍പ്പെടെ മൊത്തം 8 പന്തുകള്‍ എറിഞ്ഞ ഓവറില്‍ താരം വഴങ്ങിയത് 6 സിക്‌സറുകളും ഒരു ഫോറും, ഒരു സിംഗിളുമായിരുന്നു.

You must be logged in to post a comment Login