ക്രിമിനൽ പശ്ചാത്തലമുള്ളവരെ സന്നിധാനത്ത് ജോലിക്ക് നിയോഗിക്കരുതെന്നാവശ്യപ്പെട്ട് ഡിജിപിക്ക് മുൻ സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്

ശബരിമല സന്നിധാനത്ത് ക്രിമിനൽ പശ്ചാത്തലമുള്ളവരെ ദേവസ്വം ബോർഡ് ജോലിക്ക് നിയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് സന്നിധാനം സ്‌പെഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. അതീവ സുരക്ഷ മേഖലയായ സോപനത്ത് ജോലി ചെയ്യുന്ന ദേവസ്വം സുരക്ഷ ജീവനക്കാരിൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേ സമയം, പൊലീസിന്റെ ആരോപണങ്ങളെ ദേവസ്വം ബോർഡ് തള്ളി. ക്യൂ സംവിധാനം ഒഴിവാക്കി ദർശനത്തിന് ആളുകളെ കൊണ്ടുവരുന്നതിനെ ചൊല്ലിയാണ് ദേവസ്വം ബോർഡ് ജീവനക്കാരും പൊലീസുമായുള്ള തർക്കം. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെ ദർശനത്തിന് കടത്തിവിടുന്നതിനെ ചൊല്ലി ദേവസ്വം സുരക്ഷാ ജീവനക്കാരനും പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ സോപാനത്തു നിന്നു മാറ്റുവാനും പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സെപഷ്യൽ ഓഫീസറായിരുന്ന രാഹുൽ ആർ നായർ ദേവസ്വം വിജിലൻസിനോട് ആവശ്യപ്പെട്ടത്.

ജീവനക്കാരിൽ ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും, ഇവരെ അതീവ സുരക്ഷാ മേഖലയായ സോപനത്ത് നിന്ന് ഒഴിവാക്കണമെന്നുമാണ് സ്‌പെഷ്യൽ ഓഫീസർ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ രാഹുൽ ആർ നായർ ഡിജിപിക്ക് നൽകിയ റിപ്പോർട്ട്.

എന്നാൽ, സന്നിധാനത്ത് സുരക്ഷ ചുമതല മാത്രമുള്ള പൊലീസ് അമിത അധികാരം ഉപയോഗിക്കുകയാണെന്നും. പൊലീസ് ക്ലിയറൻസും ,ദേവസ്വം വിജിലൻസിന്റെ പരിശോധനകൾക്കും ശേഷമാണ് ജീവനക്കാരെ നിയമിക്കുന്നതെന്നും ദേവസ്വം ബോർഡ് മറുപടി പൊലീസുമായുള്ള തർക്കത്തിൽ ദേവസ്വം മന്ത്രിയെ ബോർഡ് അതൃപ്തി അറിയിച്ചിരുന്നു.

You must be logged in to post a comment Login