ക്രിസ്തുമസ്ക്കാലം വരവായ്; ഒരുക്കാം സമ്മാനപ്പൊതികള്‍

ക്രിസ്മസ് കാലം സമ്മാനപ്പൊതികളുടെ കാലമാണ്. ഡിസംബര്‍ ആരംഭിച്ചാല്‍ ഇനി ക്രിസ്മസ് അടുക്കുമ്പോള്‍
ഉറ്റവര്‍ക്ക് എന്ത് സമ്മാനം നല്‍കണം?എന്ത് വ്യത്യസ്തത അതില്‍ ഉണ്ടാവണം എന്ന കാര്യങ്ങളൊക്കെയാവും ചിന്ത. പിന്നെ ഡിസംബര്‍ 25വരെയുളള കാത്തിരിപ്പാണ് സമ്മാനവുമൊരുക്കി. മനോഹരമായ നിറത്തിലുളള കടലാസില്‍ ഭംഗിയായി പൊതിഞ്ഞു,പുറത്ത് ഒരു റിബണോ ബോയോ കുഞ്ഞു പൂവോ പതിച്ച് തയ്യാറാക്കി വയ്ക്കുന്ന ഇത്തരം സമ്മാനപ്പൊതികള്‍ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. ഇത് ഒരിക്കലെങ്കിലും കിട്ടാത്തവരോ കൊടുക്കാത്തവരോ കാണില്ല.

എന്തിനാണ് നമ്മള്‍ സമ്മാനം കൊടുക്കുമ്പോള്‍ പൊതിഞ്ഞു കൊടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട? വെറുമൊരു ഭംഗിക്കു വേണ്ടിയോ ആഡംബരത്തിന് വേണ്ടിയോ മാത്രമല്ല നാം സമ്മാനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്നത്. അതിന് പിന്നിലൊരു ചരിത്രമുണ്ട്. കടലാസ് കണ്ടുപിടിച്ചതു ചൈനക്കാരായതുകൊണ്ടു തന്നെ സമ്മാനപ്പൊതിയും അവരുടെ വകയാണ്.

ആദ്യമൊക്കെ സമ്മാനം തുണിയില്‍ പൊതിഞ്ഞായിരുന്നു നല്‍കിയിരുന്നത്. സമ്പന്നരായവര്‍ സ്വര്‍ണക്കരവച്ച പട്ടുതുണി പൊതിയുമ്പോള്‍ പാവപ്പെട്ടവര്‍ ചുവന്ന തുണിയില്‍ സ്വര്‍ണനിറത്തിലുള്ള നൂലുകൊണ്ടു തുന്നി സമ്മാനങ്ങള്‍ നല്‍കി. വിക്‌ടോറിയന്‍ കാലത്തെ പ്രഭുക്കളും പ്രഭ്വിമാരും ഉന്നതരുമൊക്കെ കടലാസില്‍ മനോഹരമായി പൊതിഞ്ഞ സമ്മാനങ്ങള്‍ ലേസ് കൊണ്ടും റിബണ്‍ കൊണ്ടുംപൂക്കള്‍കൊണ്ടുമൊക്കെ അതിമനോഹരമാക്കിയായിരുന്നു നല്‍കിയിരുന്നത്. ചുവന്ന സമ്മാനപ്പൊതി ഭാഗ്യമായാണു ചൈനക്കാര്‍ കരുതിയത്. ചൈനയിലെ സോങ് രാജവംശത്തില്‍ സമ്മാനമായി പണം നല്‍കിയിരുന്നത് കടലാസില്‍ കവര്‍പോലെ പൊതിഞ്ഞായിരുന്നു.

Christmas-Gifts-02wallpapers-783443

എഡി 800 ആയപ്പോഴാണു ചൈനക്കാര്‍ സീക്രട്ടായി വച്ചിരുന്ന കടലാസ് ഈജിപ്തുകാര്‍ കണ്ടെത്തുന്നത്. പിന്നെ യൂറോപ്പ് അതങ്ങ് ഏറ്റെടുത്തു.  ബ്രൗണ്‍പേപ്പറിലും ടിഷ്യൂപേപ്പറിലുമൊക്കെ പൊതിഞ്ഞായിരുന്നു അന്നത്തെ സമ്മാനങ്ങള്‍. 1917 ആയപ്പോഴേക്കും അമേരിക്കയില്‍ ടിഷ്യൂപേപ്പര്‍ പൊതി മാറി, വര്‍ണക്കടലാസുകള്‍ സാര്‍വത്രികമായി.അങ്ങനെയിരിക്കെ അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ ഒരു കടയില്‍ ടിഷ്യൂപേപ്പര്‍ മുഴുവന്‍ വിറ്റുതീര്‍ന്നു.

കടക്കാരായ സഹോദരങ്ങള്‍ എന്തുചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ഫ്രാന്‍സില്‍ നിന്നുള്ള ഫാന്‍സി കടലാസ് കണ്ടത്. കവറുകളുടെ അകത്തു ലൈനിങ്ങായി വയ്ക്കുന്നതായിരുന്നു അത്. ഈ സഹോദരന്മാര്‍ അതെടുത്ത് സമ്മാനപ്പൊതിയാക്കി.ഷീറ്റിന് 10 സെന്റ് ആയിരുന്നു വില. അതു ഹിറ്റായപ്പോള്‍ പിറ്റേ വര്‍ഷം വില 25 സെന്റ് ആക്കി. എന്നിട്ടും കച്ചവടം കുറഞ്ഞില്ല….ഇതോടെ ബ്രദേഴ്‌സ് ആലോചിച്ചു, എന്തുകൊണ്ട് ഇതൊരു ബിസിനസാക്കിക്കൂടാ? ഇതേ തലകളിലായിരുന്നു പണ്ട് ആശംസാ കാര്‍ഡ് ബിസിനസ് എന്ന ബള്‍ബും കത്തിയത്….അങ്ങനെ ഗിഫ്റ്റ് റാപ്പറുകളും ഒരു ബിസിനസായി….ആ കടക്കാരുടെ പേരെന്താണെന്നോ? ജോയ്‌സ്. സി. ഹാളും സഹോദരന്‍ റോളി ഹാളും… കടയുടെ പേര് നമ്മളും അറിയും….ദ് ഹാള്‍മാര്‍ക്‌സ്….

അങ്ങനെയാണ് ഇന്ന് കാണുന്ന ഗിഫ്റ്റ് റാപ്പറുകള്‍ ഇന്നു കാണുന്നപോലെ നല്ല സ്‌റ്റൈലനായി എത്താന്‍ തുടങ്ങിയത്. എന്തായാലും നാം കൊടുക്കേണ്ടവര്‍ക്ക് സമ്മാനമൊരുക്കി കാത്തിരുന്നാല്‍ മതി അത് എങ്ങനെ മനോഹരമായി
അലങ്കരിച്ചു നല്‍കാം എന്നു  ചിന്തിച്ചു വിഷമിക്കേണ്ട….ഗിഫ്റ്റ് റാപ്പറുകള്‍ ഉണ്ടല്ലോ?

You must be logged in to post a comment Login