ക്രീസിലെ ഒറ്റയാന്‍ ഇനിയില്ല

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ വിരമിക്കുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ കെവിന്‍ പീറ്റേഴ്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് അന്ത്യം അപ്രതീക്ഷിതമായിരുന്നു. ടെസ്റ്റും ഏകദിനവും ടി20 യും അടക്കം അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരവുമാണ് 33 കാരനായ പീറ്റേഴ്‌സണ്‍. ആസന്നമായ കരീബിയന്‍ പര്യടനത്തിനും ട്വന്റി 20 ലോകകപ്പിനും പീറ്റേഴ്‌സനെ പരിഗണിക്കേണ്ടതില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ പ്രിയ താരമായ വഴക്കാളിയുടെ സംഭവബഹുലമായ കളിയാത്രയ്ക്ക് തിരശീല വീണത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പീറ്റേഴ്‌സന്‍ പരസ്യപ്രതിഷേധവുമുയര്‍ത്തി. പുറത്താക്കിയതിന്റെ കാരണം ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിക്കേണ്ടി വരുമെന്ന് പീറ്റേഴ്‌സന്‍ ട്വീറ്റ് ചെയ്തു. വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനും ട്വന്റി ട്വന്റി ലാകകപ്പിനുമുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. “ക്രിക്കറ്റ് കളത്തില്‍ ഇനിയും ഞാന്‍ സജീവ സാന്നിധ്യമായി നിലകൊള്ളും, ദൗര്‍ഭാഗ്യവശാല്‍ അത് ഇംഗ്ലണ്ടിനു വേണ്ടിയായിരിക്കില്ല’. ഒമ്പതു വര്‍ഷത്തിലേറെ നീണ്ട രാജ്യാന്തരകരിയറില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ച ഓരോ നിമിഷവും അഭിമാനകരമാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

പീറ്റേഴ്‌സണ്‍ കഴിഞ്ഞവര്‍ഷം തന്നെ ഏകദിന, ടി 20 കരിയറുകള്‍ അവസാനിപ്പിച്ചിരുന്നു. ക്രീസിലെ കൊള്ളിയാന്റെ ഈ പ്രസ്താവന പറയാതെ പറയുന്നത്. പ്രതിഭയും കുസൃതിയും ഒരുപോലെ നിറംചാര്‍ത്തിയ ഒരു കരിയറിന്റെ പിന്നാമ്പുറ കഥകളാണ്.
ക്രീസില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല കെവിന്‍ പീറ്റേഴ്‌സന്റെ വിസ്‌ഫോടനങ്ങള്‍. അനുഗ്രഹീതനായ ഈ പോരാളിയെ അനുസരണയുള്ള കുഞ്ഞാടായി മാറ്റാനുള്ള ശ്രമങ്ങളെല്ലാം തന്നെ അവസാനിച്ചത് അശുഭകരമായ താളത്തിലായിരുന്നു. വെടിനിര്‍ത്തലുകള്‍ പലപ്പോഴും കാറ്റില്‍പ്പറത്തി പീറ്റേഴ്‌സണിലെ വികൃതിപ്പയ്യന്‍ മൂടുപടം പൊളിച്ച് നിറഞ്ഞാടി. പീറ്റേഴ്‌സണും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും കൊമ്പുകോര്‍ത്തത് നിരവധി തവണ.

kevin

2009 ല്‍ കോച്ച് പീറ്റര്‍ മോര്‍സിനെ വിമര്‍ശിച്ച പീറ്റേഴ്‌സണ് നഷ്ടമായത് ഇംഗ്ലണ്ടിന്റെ നായകസ്ഥാനവും ടീമിലുള്ള സ്ഥാനവുമാണ്. 2012 ല്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച പീറ്റേഴ്‌സണ്‍ പിന്നീട് അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി വീണ്ടും ഇംഗ്ലണ്ടിന്റെ വര്‍ണങ്ങള്‍ അണിഞ്ഞു.  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ സഹകളിക്കാര്‍ക്ക് ടെക്സ്റ്റ് മെസേജുകള്‍ അയച്ചതിന്റെ പേരിലും പീറ്റേഴ്‌സണ്‍ പുലിവാലുപിടിച്ചു. പ്രശ്‌നക്കാരനെന്ന വിശേഷണം പേറുമ്പോഴും പീറ്റേഴ്‌സണെ മുറുകെ പിടിക്കാന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ചത് ആ ബാറ്റില്‍ നിന്നും ഒഴുകിയെത്തിയ വിസ്മയപ്രകടനങ്ങളായിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ താരമായിട്ടും കെവിനെ ഒഴിവാക്കേണ്ടി വന്നത് കഠിനമായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ മികച്ചൊരു ടീമിനെ ഒത്തിണക്കത്തോടെ ഒരുക്കിയെടുക്കുകയാണ് പ്രധാനമെന്നും ടീം മാനേജിങ് ഡയറക്ടര്‍ പോള്‍ ഡൗണ്‍ടണ്‍ പറഞ്ഞു. 104  ടെസ്റ്റുകളില്‍ നിന്ന് 8181 റണ്‍സും 136 ഏകദിനങ്ങളില്‍ നിന്ന് 4440 റണ്‍സും 37 ട്വന്റി 20 കളില്‍ നിന്ന് 1176 റണ്‍സുമാണ് പീറ്റേഴ്‌സന്റെ സമ്പാദ്യം. ആകെ 18 അന്താരാഷ്ട്ര വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ആഷസ് പരമ്പരയിലെ നാണംക്കെട്ട പരാജയത്തിനു ശേഷം ടീമിനെ ഉടച്ച് വാര്‍ക്കുന്നതിന്റെ ആദ്യ പടിയായാണ് ടീമിലെ കലാപകാരിക്ക് ഇംഗ്ലണ്ട് ചുവപ്പ് കാര്‍ഡ് കാണിച്ചിട്ടുള്ളത്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് മുന്നോടിയായി നായകന്‍ കുക്കും പീറ്റേഴ്‌സണും കൊമ്പുകോര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കുക്കിന്റെ ശക്തമായ വിയോജിപ്പാണ് പീറ്റേഴ്‌സനെ തഴയാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

You must be logged in to post a comment Login