ക്ലാസിക് 350 വാങ്ങണോ ജാവ വാങ്ങണോ? അറിയേണ്ടതെല്ലാം

jawa fourty two and royal enfield classic 350 review and comparison

നീണ്ട രണ്ട് പതിറ്റാണ്ടിന് ശേഷം വിഖ്യാതമായ ജാവ എന്ന ഇരുചക്രവാഹന ബ്രാൻഡ് ക്ലാസിക് ലുക്ക് തെല്ലും ചോരാതെ രണ്ട് വാഹനങ്ങളുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇതുവരെ കാര്യമായ മത്സരമില്ലാതെ വിപണിയിൽ തുടരുന്ന റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് ജാവ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. എന്നാൽ 300 സിസി എൻജിനുമായി ജാവ ബൈക്ക് എത്തുന്ന സാഹചര്യത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 വാങ്ങാൻ ഒരുങ്ങുന്നവര്‍ മാറി ചിന്തിക്കേണ്ടതുണ്ടോ? ഇരുവാഹനങ്ങളെയും നമുക്ക് താരതമ്യം ചെയ്തു നോക്കാം.

പുതിയ ജാവ ഫോർട്ടി ടൂ

എൻജിൻ

ജാവ, ജാവ ഫോ‍ര്‍ട്ടി ടൂ എന്നീ രണ്ട് വാഹനങ്ങളാണ് അടുത്ത മാസം നിരത്തിലിറങ്ങുക. 293 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എൻജിനാണ് ജാവയുടെ ഇരുവാഹനങ്ങളിലും. 27 ബിഎച്ച്പി ശക്തിയും 28 ന്യൂട്ടൺ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് എൻജിൻ. നിലവിൽ ജാവ കമ്പനിയിൽ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയ്ക്ക് 60 ശതമാനം വിഹിതമാണുള്ളത്. ജാവ ബൈക്കുകള്‍ ഉത്പാദിപ്പിക്കുന്നതും മഹീന്ദ്രയുടെ മദ്ധ്യപ്രദേശിലെ പ്ലാന്‍റിലായിരിക്കും. ഇതുവരെ പഴി കേള്‍പ്പിക്കാത്ത മഹീന്ദ്ര മോജോയുടെ എൻജിൻ പാരമ്പര്യം കണക്കിലെടുത്താൽ ജാവ എൻജിനും ഒട്ടും മോശമാകാനിടയില്ല. ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാലേ, ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകൂ.

Read More: ജാവയുടെ മരിക്കാത്ത പ്രതാപം

അതേസമയം, 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് റോയൽ എൻഫീൽഡ് ക്ലാസിക്കിൽ. 19.8 ബിഎച്ച്പി ശക്തിയാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്, 28 ന്യൂട്ടൺ മീറ്ററാണ് ടോര്‍ക്ക്. പ്രകടനത്തിൽ വലിയ കുറ്റം പറയാനില്ലെങ്കിലും കുറേ പരാതി കേള്‍പ്പിച്ചിട്ടുള്ള എൻജിനാണ് ക്ലാസിക്കിന്‍റേത്. ഓയിൽ ലീക്ക് പ്രശ്നങ്ങള്‍ക്ക് പുറമെ എൻജിൻ്റെ വിറയലിനെപ്പറ്റിയും റൈഡര്‍മാര്‍ പരാതി പറയാറുണ്ട്.

റോയൽ എൻഫീൽഡ് ക്ലാസിക് 350

അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് ക്ലാസിക്കിനെങ്കിൽ പുതിയ ജാവയ്ക്ക് ആറ് സ്പീഡ് ഗിയര്‍ബോക്സ് ഉണ്ടെന്ന മേന്മയുമുണ്ട്. ജാവയ്ക്ക് ഇലക്ട്രിക് മാത്രമേയുള്ളൂ എങ്കിൽ ക്ലാസിക് 350യ്ക്ക് ഇലക്ട്രിക്, കിക്ക് സ്റ്റാര്‍ട്ട് എന്നീ രണ്ട് സംവിധാനങ്ങളുമുണ്ട്.

29 മിമി കോൺസ്റ്റന്‍റ് വാക്വം കാര്‍ബുറേറ്ററാണ് ക്ലാസിക്കിൽ ഉള്ളതെങ്കിൽ പുതിയ ജാവ മോഡലുകളിൽ ഫ്യൂവൽ ഇൻജക്ഷൻ സംവിധാനമാണുള്ളത്.

ക്ലാസിക്കിനെക്കാള്‍ ഭാരം കുറഞ്ഞ ജാവ

പുതിയ ജാവ ഫോര്‍ട്ടി ടൂവിന് 170 കിലോ മാത്രമാണ് ഭാരം. ക്ലാസിക്കിനെക്കാള്‍ 22 കിലോ ഭാരം കുറവ്. ഇരുവാഹനങ്ങളുടെയും വലുപ്പത്തിൽ വലിയ വ്യത്യാസമില്ല. 1370 മില്ലിമീറ്ററാണ് ക്ലാസികിന്‍റെ വീൽബേസ് എങ്കിൽ ജാവയുടെ വീൽബേസ് 1369 മില്ലീമീറ്ററാണ്. ജാവയ്ക്ക് ഉയരം 1165 മില്ലീമീറ്റര്‍, ക്ലാസിക്കിന്‍റെ ഉയരം 1370 മില്ലീമീറ്റര്‍.

സസ്പെൻഷൻ

മുന്നിൽ ടെലിസ്കോപ്പിക് ഹൈ‍ഡ്രോളിക് ഫോര്‍ക്കുകളും പിന്നിൽ ഗ്യാസ് കാനിസ്റ്ററോടു കൂടിയ ട്വിൻ ഷോക് ഹൈഡ്രോളിക് സസ്പെൻഷനുമാണ് ജാവ ബൈക്കുകള്‍ക്ക്. ക്ലാസിക്കിനും മുന്നിൽ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നിൽ 5 സ്റ്റെപ് അഡ്‍‍ജസ്റ്റബിള്‍ പ്രീലോഡുകളോടുകൂടിയ ട്വിൻ ഗ്യാസ് ചാര്‍ജ്‍‍ഡ് ഷോക്ക് അബ്സോര്‍ബ്‍‍ഡ് സസ്പെൻഷനുകളുമാണുള്ളത്.

ബ്രേക്കുകള്‍

ജാവയിലും ക്ലാസിക്കിലും മുന്നിൽ 280 മില്ലിമീറ്റര്‍ ഡിസ്ക് ബ്രേക്കാണുള്ളത്. എന്നാൽ ജാവയ്ക്ക് എബിഎസ് സംവിധാനം അധികമായുണ്ട്. ഇരുവാഹനങ്ങള്‍ക്കും പിന്നിൽ 153 മില്ലിമീറ്റര്‍ ഡ്രം ബ്രേക്കുകളാണ് ഇരുവാഹനങ്ങളുടെയും പിൻചക്രങ്ങളിൽ.

ടയറുകള്‍

പുതിയ ജാവ ഫോര്‍ട്ടി ടൂവിന് 18 ഇഞ്ച് 90/90 ടയറുകള്‍ മുന്നിലും 17 ഇഞ്ച് 120/80 ടയറുകള്‍ പിന്നിലുമുണ്ട്. ക്ലാസിക്കിനാകട്ടെ 19 ഇഞ്ച് 90/90 ടയറുകളാണ് മുന്നിൽ. പിന്നിൽ 18 ഇഞ്ച് 110/90 ടയറുകളും.

വില

1.69 ലക്ഷം രൂപയാണ് ജാവ ഫോര്‍ട്ടി ടൂവിന്‍റെ ഡൽഹി എക്സ് ഷോറൂം വില. റോയൽ എൻഫീൽഡ് ക്ലാസിക്കിന് 1.51 ലക്ഷം രൂപയും.

വിലയിരുത്തൽ

കമ്പനിയുടെ വെബ്സൈറ്റ് വഴി ജാവ, ജാവ ഫോര്‍ട്ടി ടൂ വാഹനങ്ങളുടെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉടൻ നിരത്തിലിറങ്ങുന്ന ജാവ, ജാവ ഫോര്‍ട്ടി ടൂ വാഹനങ്ങളുടെ നിര്‍മാണത്തികവും ഫിറ്റ് ആന്‍റ് ഫിനിഷും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവതരണച്ചടങ്ങിൽ പ്രദര്‍ശിപ്പിച്ച വാഹനങ്ങളിൽ മികച്ച നിലവാരവും ഫിനിഷും ദൃശ്യമായിരുന്നു. എന്നാൽ അടുത്തു ചെന്നു നോക്കിയാൽ പിൻ ഇൻഡിക്കേറ്ററുകളിലും മുൻ പിൻ ഫെൻഡറുകളിലും ചെറിയ അലൈൻമെന്‍റ് പ്രശ്നങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ പ്രൊഡക്ഷൻ മോഡലിൽ ഇത് ഉണ്ടാകില്ലന്ന് പ്രതീക്ഷിക്കാം. പുതിയ വാഹനത്തിന്‍റെ ടെസ്റ്റ് ‍ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്ത സ്ഥിതിയ്ക്ക് ഇതേ കുടുംബത്തിൽ നിന്ന് പുറത്തിറങ്ങുന്ന മഹീന്ദ്ര മോജോയുടെ നിര്‍മാണനിലവാരവും സാങ്കേതികവിദ്യയുമാണ് നമുക്ക് കണക്കിലെടുക്കാനുള്ളത്.

പുതിയ ജാവ ബൈക്കുകൾ അവതരണവേളയിൽ

‘വികാരം’ മാത്രമല്ല, പരാതിയുമുണ്ട്

രാജ്യത്തിനകത്തും പുറത്തും വലിയ ആരാധകവൃന്ദമുള്ള റോയൽ എൻഫീൽഡിന് ചങ്കിടിപ്പു കൂട്ടുന്നതാണ് ജാവയുടെ രണ്ടാം വരവ്. ജാവ ഫോര്‍ട്ടി ടൂ ഏറ്റുമുട്ടുന്നത് റോയൽ എൻഫീൽഡ് ക്ലാസിക്കിനോട് തന്നെയാണ്. ഇതുവരെ ഗവേഷണ, വികസനകാര്യങ്ങളിൽ കാര്യമായി ശ്രദ്ധ പതിപ്പിക്കാതിരുന്ന എൻഫീൽഡിന്‍റെ ക്ലാസിക് വാഹനത്തിന്‍റെ എൻജിനുകള്‍ കുറച്ചെങ്കിലും പഴി കേള്‍പ്പിച്ചിട്ടുണ്ട്. ഓയിൽ ലീക്കേജ്, വൈബ്രേഷൻ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു പുറമെ വാഹനത്തിന്‍റെ ഫ്രെയിമിൽ തുരുമ്പെടുക്കുന്നതും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എൻഫീൽഡിന്‍റെ ഹെഡ്‍‍ലൈറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഭാഗങ്ങളെ സംബന്ധിച്ചും പരാതികളുണ്ട്.

ഡീലര്‍ നെറ്റ്‍‍വര്‍ക്കിൽ മുന്നിൽ എൻഫീൽഡ്

പുതുതായി 105 ഡീലര്‍ഷിപ്പുകള്‍ ജാവയ്ക്ക് വേണ്ടി തുറക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിൽ 65 എണ്ണത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ ഡീലര്‍ഷിപ്പുകളെല്ലാം ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ എൻഫീൽഡിന് രാജ്യമെമ്പാടുമുള്ള സര്‍വീസ് ശൃംഖലയോട് കിടപിടിക്കാൻ ജാവ കുറച്ച് സമയമെടുത്തേക്കും. ഇരുവാഹനങ്ങളും വിപണിയിൽ മത്സരിക്കുന്നതെങ്ങനെയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

You must be logged in to post a comment Login