ക്ലൈമാസില്‍ ആദ്യമായി അമ്മയെ കണ്ടു,അതും 76ാം വയസ്സില്‍

lesley-jpg-image-784-410

എഴുപത്താറാമത്തെ വയസ്സില്‍ താന്‍ ആദ്യമായി കണ്ട 91കാരി തനിക്കു ജന്‍മം നല്‍കിയ അമ്മ തന്നെ എന്ന കാര്യത്തില്‍ അവര്‍ക്കു സംശയമൊന്നുമുണ്ടായിരുന്നില്ല. യുഎസിലെ ഫ്‌ളോറിഡക്കാരി ലെസ്ലി ഒറിറ്റ്‌സിനാണ് ജീവിത സായന്തനത്തില്‍ യഥാര്‍ഥ അമ്മയെ ലഭിച്ചത്.

ലെസ്ലിയുടെ ഭര്‍ത്താവാണ് തിരച്ചിലിനൊടുവില്‍ 91കാരിയായ ബെറ്റി വേറിങ് ഡേവിസിനെ ഓള്‍ഡ് ഏജ് ഹോമില്‍ കണ്ടെത്തിക്കൊടുത്തത്. റിട്ടയേര്‍ഡ് അധ്യാപികയായ ലെസ്ലി ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുമെന്നു പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. ‘ഞാന്‍ നല്ല രീതിയില്‍ തന്നെയാണ് വളര്‍ന്നത്. മാതാപിതാക്കളോടൊത്തുള്ള ജീവിതം സന്തോഷകരമായിരുന്നു. അപ്പോഴും കരുതുമായിരുന്നു ഞാന്‍ ആരെപ്പോലെയായിരിക്കും എന്റെ യഥാര്‍ഥ അമ്മ എങ്ങനെയിരിക്കും. അവസാനം കണ്ടെത്തി’ ലെസ്ലി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

റിട്ടയേര്‍ഡ് ആര്‍ക്കിടക്ടായ ഭര്‍ത്താവ് ബോബ് ഒറിറ്റ്‌സാണ് ഭൂതകാലത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചത്. അമ്മയുടെ പേര് അറിയാമായിരുന്നത് തിരച്ചില്‍ എളുപ്പമാക്കി. അങ്ങനെയാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ കെയര്‍ സെന്ററില്‍ ബെറ്റി ജീവിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തനിക്ക് രണ്ട് ഇളയ സഹോദരിമാര്‍ ഉള്ളതായും ലെസ്ലി മനസ്സിലാക്കി.

ബെറ്റിയുടെ കുടുംബത്തില്‍ അലോസരം സൃഷ്ടിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തന്നെ പരിചയപ്പെടുത്തുന്ന ഒരു കത്ത് സഹോദരിമാരിലൊരാള്‍ക്ക് അയയ്ക്കുകയാണ് ലെസ്ലി ചെയ്തത്. പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല, സഹോദരിമാര്‍ രണ്ടും ഇരുകയ്യും നീട്ടി ലെസ്ലിയെ സ്വീകരിച്ചു. ബെറ്റിയോട് വിവരം അറിയിക്കാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. ഓള്‍ഡ് ഏജ് ഹോമിലെത്തി അവര്‍ വിവരമറിയിച്ചപ്പോള്‍ ബെറ്റി ആദ്യം നിഷേധിച്ചു. ദിവസങ്ങളെടുത്താണ് സത്യവുമായി അവര്‍ പൊരുത്തപ്പെട്ടത്.

16ാം വയസ്സിലാണ് ബെറ്റി, അവിവാഹിതകളായ ഗര്‍ഭിണികള്‍ക്കുള്ള അഭയകേന്ദ്രത്തില്‍ ലെസ്ലിക്ക് ജന്മം നല്‍കിയത്. പ്രസവിച്ച ശേഷം കുഞ്ഞ് ആണോ പെണ്ണോ എന്നു പോലും അറിയിക്കാതെ അവരില്‍നിന്ന് അകറ്റുകയായിരുന്നു. കുട്ടിയെ കാണാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെങ്കിലും അതിനു നല്ലതുവരട്ടേയെന്ന പ്രാര്‍ഥന എപ്പോഴുമുണ്ടായിരുന്നു ബെറ്റി പറയുന്നു. അമ്മയും മക്കളും തമ്മിലുള്ള കൂടിച്ചേരല്‍ വികാരനിര്‍ഭരമായിരുന്നു.

You must be logged in to post a comment Login