കൗണ്‍സിലറുടെ മരണം; രണ്ട് പേര്‍ കൂടി പിടിയില്‍

kollam

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകില എസ്. കുമാര്‍, പിതാവ് സുനില്‍കുമാര്‍ എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ണിട്ട പുതുവലില്‍വീട്ടില്‍ ടിറ്റു എന്ന സച്ചിന്‍ വില്‍സണ്‍ (20), ശക്തികുളങ്ങര ഉദിക്കവിളവീട്ടില്‍ രാജേഷ് കൃഷ്ണന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ശക്തികുളങ്ങര കുറുവിളത്തോപ്പ് ഡെന്നിസ് ഡെയ്‌ലില്‍ അഖില്‍ ഡെന്നിസി (20)നൊപ്പം അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നവരാണ് ഇരുവരും.

കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതിനും പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കാര്‍ ടിറ്റുവിന്റെ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

You must be logged in to post a comment Login