കർണാടകയിൽ ഭരണമുറപ്പിച്ച് ബിജെപി; 15ൽ 12 ഇടത്തും മുന്നേറ്റം

കർണാടകയിൽ ഭരണമുറപ്പിച്ച് ബിജെപി. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 15 നിയമസഭാ മണ്ഡലങ്ങളിൽ 12 ഇടത്തും ബിജെപിക്കാണ് മുന്നേറ്റം. മുന്നിൽ നിൽക്കുന്ന ബിജെപി സ്ഥാനാർത്ഥികൾ കോൺഗ്രസ് വിമതരാണ്.

കഗ്വാഡ് സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ശ്രീമന്ത് ബാലാസാഹിബ് പാട്ടിലാണ് മുന്നിൽ. ഗോകാക് സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ജർകിഹോലി രമേഷ് ലക്ഷ്മൺ റാവുവാണ് മുന്നിൽ. വിജയനഗരയിൽ ആനന്ദ് സിംഗും, മഹാലാക്ഷ്മി ലേഔട്ട് സീറ്റിൽ കെ ഗോപാലയ്യയും, കൃഷ്ണരാജപേട്ടിൽ നാരായണ ഗൗഡയും, ഹുനസുരുവിൽ അഡ്ഗൂരു വിശ്വനാഥും മുന്നിട്ട് നിൽക്കുന്നു.

15 നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണം തുടരാൻ ബിജെപിക്ക് വേണ്ടത് ആറ് സീറ്റുകളാണ്. കൂറുമാറി പാർട്ടിയിൽ എത്തിയവരാണ് ജനവിധി തേടിയത്. കോൺഗ്രസ് ജെഡിഎസ് സഖ്യത്തിലെ 16 എംഎൽഎമാരെ കൂറുമാറ്റി നേടിയ ഭരണം, ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിൽ ബിജെപിക്ക് നഷ്ടമാകും. ഡിസംബർ അഞ്ചിനായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോടികളെറിഞ്ഞുള്ള പ്രചരണമാണ് ഉപതെരഞ്ഞെടുപ്പിൽ എല്ലാപാർട്ടികളും നടത്തിയത്.

കോൺഗ്രസിനായി മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന പ്രചാരണം. കനത്ത സുരക്ഷാ സംവിധാനമാണ് ഉപതിരഞ്ഞെടുപ്പ് ഫലം വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

You must be logged in to post a comment Login