കർണ്ണാകടയിൽ സർക്കാർ വിപുലീകരണം; രണ്ട് സ്വതന്ത്ര എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് സ്വതന്ത്ര എംഎൽഎമ്മാർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ആർ ശങ്കർ, എച്ച് നാഗേഷ് എന്നിവരാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. വിമത ഭീഷണിയുള്ള സർക്കാറിന്റെ നിലനിൽപ് മുൻ നിർത്തിയാണ് പുതിയ നീക്കം.

കർണാടക മന്ത്രിസഭയിൽ ഒഴിവ് വന്ന മൂന്ന് മന്ത്രി സ്ഥാനങ്ങളിൽ രണ്ടെണ്ണം ജെഡിഎസിനും ഒന്ന് കോൺഗ്രസിനും അവകാശപ്പെട്ടതായിരുന്നു. എന്നാൽ പാർട്ടിക്ക് അകത്തു നിന്ന് തന്നെ വിമത നീക്കം ശക്തമായ സാഹചര്യത്തിൽ സ്വതന്ത്ര എംഎൽഎമ്മാരെ ഒപ്പം നിർത്തി ഭരണം മുന്നോട്ട് കൊണ്ട് പോകാമെന്ന കണക്ക് കൂട്ടലിലാണ് പുതിയ നീക്കം. ഹാവേരി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ ആർ ശങ്കർ മൽബഗൽ മണ്ഡലത്തിലെ എംഎൽഎ എച്ച് നാഗേഷ് എന്നിവർക്ക് മന്ത്രി സ്ഥാനം നൽകിയതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ആദ്യം സഖ്യസർക്കാറിന് പിന്തുണ നൽകുകയും ജനുവരിയിൽ പിന്തുണ പിൻവലിക്കുകയും ചെയ്ത സ്വതന്ത്ര എംഎൽഎമാരാണ് വീണ്ടും സഖ്യ സർക്കാരിന്റെ ഭാഗമായതെന്നതും ശ്രദ്ധേയമാണ്. നേരത്തെ ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൌഡ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സ്വതന്ത്രരെ മന്ത്രിമാരാക്കുന്ന കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. കർണാടകയിൽ ഭരണം പിടിയ്ക്കാനുള്ള നീക്കങ്ങൾ ബിെ പി ശക്തമാക്കിയത് കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു.

കോൺഗ്രസ് വിമത എംഎൽഎമാരായ രമേഷ് ജർക്കിഹോളി, കെ സുധാകർ എന്നിവർ ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരിയപ്പയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ്-ജെഡിഎസ് സഖ്യം രംഗത്തുവന്നത്. 225 അംഗ കർണാകട നിയമസഭയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനിപ്പോൾ 117 എംഎൽഎമ്മാരും ബിജെപിയ്ക്ക് 107 എംഎൽഎമാരുമാണുള്ളത്.

You must be logged in to post a comment Login